Sunday, 8 July 2018

അറിവിന്‍ തീരം - 3

🔵 നമസ്കാരത്തിലേക്ക് സാവകാശം 


عَنْ أَبِي قَتَادَةَ، عَنْ أَبِيهِ، قَالَ بَيْنَمَا نَحْنُ نُصَلِّي مَعَ النَّبِيِّ صلى الله عليه وسلم إِذْ سَمِعَ جَلَبَةَ رِجَالٍ فَلَمَّا صَلَّى قَالَ ‏"‏ مَا شَأْنُكُمْ ‏"‏‏.‏ قَالُوا اسْتَعْجَلْنَا إِلَى الصَّلاَةِ‏.‏ قَالَ ‏"‏ فَلاَ تَفْعَلُوا، إِذَا أَتَيْتُمُ الصَّلاَةَ فَعَلَيْكُمْ بِالسَّكِينَةِ، فَمَا أَدْرَكْتُمْ فَصَلُّوا وَمَا فَاتَكُمْ فَأَتِمُّوا ‏"‏‏

അബൂ ഖത്താദ (റ) തന്‍റെ പിതാവില്‍ നിന്നും നിവേദനം :

ഒരിക്കല്‍ നബി (ﷺ)യോടൊപ്പം ഞങ്ങള്‍ നമസ്കരിച്ച് കൊണ്ടിരിക്കുന്നതി നിടയില്‍ കുറച്ചാളുകളുടെ ശബ്ദകോലാഹലം കേള്‍ക്കാനിടയായി. നമസ്കാരം കഴിഞ്ഞപ്പോള്‍ നബി (ﷺ)ചോദിച്ചു : എന്താണ് നിങ്ങളുടെ കാര്യം ? ആളുകള്‍ പറഞ്ഞു : ഞങ്ങള്‍ ധൃതിപ്പെട്ട് നമസ്കാരത്തിലേക്ക് വന്നതാണ്. 
അപ്പോള്‍ നബി (ﷺ) പറഞ്ഞു : അങ്ങിനെ നിങ്ങള്‍ ചെയ്യാന്‍ പാടില്ല. നിങ്ങള്‍ നമസ്കാരത്തിലേക്ക് വരികയാണെങ്കില്‍ സമാധാനത്തില്‍ വരിക. നിങ്ങള്‍ക്ക് ലഭിച്ചത് (ഇമാമിനൊപ്പം) നിങ്ങള്‍ നമസ്കരിക്കുക. നിങ്ങള്‍ക്ക് നഷ്ടമായത് പൂര്‍ത്തീകരിക്കുകയും ചെയ്യുക

(സ്വഹീഹുല്‍ ബുഖാരി : 635 – കിതാബുല്‍ അദാന്‍)

♻ (അശ്രദ്ധ കൊണ്ടോ, അറിവില്ലായ്മ കൊണ്ടോ ധാരാളം ആളുകള്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് ഈ തിരുവചനത്തില്‍ നാം കാണുന്നത്. ജമാഅത്ത് നമസ്കാരം തുടങ്ങിയതിനു ശേഷം പള്ളിയിലേക്ക് പോകുന്ന പലരും വളരെ ധൃതിയില്‍ നടന്നിട്ടോ അല്ലെങ്കില്‍ ഓടിയിട്ടോ ആണ് പോകാറുള്ളത്. സ്വഹാബത്തില്‍ ഇക്കാര്യം കണ്ടപ്പോള്‍ നബി (ﷺ) അതിനെ വിലക്കിയെന്നു മാത്രമല്ല, സാവകാശം വരണമെന്നും , ഇമാമിനൊപ്പം കിട്ടിയത് നമസ്കരിച്ച് ബാക്കി സലാമിന് ശേഷം പൂര്‍ത്തിയാക്കണം എന്ന് കൂടി നിര്‍ദ്ദേശിച്ചു)

🔵 ബന്ധങ്ങള്‍ നിലനിര്‍ത്തുക 


عَنْ أَبِي، هُرَيْرَةَ أَنَّ رَجُلاً، قَالَ يَا رَسُولَ اللَّهِ إِنَّ لِي قَرَابَةً أَصِلُهُمْ وَيَقْطَعُونِي وَأُحْسِنُ إِلَيْهِمْ وَيُسِيئُونَ إِلَىَّ وَأَحْلُمُ عَنْهُمْ وَيَجْهَلُونَ عَلَىَّ ‏.‏ فَقَالَ ‏ "‏ لَئِنْ كُنْتَ كَمَا قُلْتَ فَكَأَنَّمَا تُسِفُّهُمُ الْمَلَّ وَلاَ يَزَالُ مَعَكَ مِنَ اللَّهِ ظَهِيرٌ عَلَيْهِمْ مَا دُمْتَ عَلَى ذَلِكَ ‏"‏ 

അബൂ ഹുറൈറ (റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഒരാള്‍ വന്ന് നബി (ﷺ)യോട്‌ ചോദിച്ചു: തിരുദൂതരേ, എനിക്ക്‌ ചില ബന്ധുക്കളുണ്ട്‌. ഞാനവരോട്‌ ബന്ധം ചേര്‍ക്കുന്നുണ്ട്‌. എന്നാല്‍ അവര്‍ എന്നോട്‌ ബന്ധം മുറിക്കുകയാണ്‌. ഞാനവരോട്‌ നന്നായി പെരുമാറും. അവരെന്നോട്‌ വളരെ മോശമായാണ്‌ പെരുമാറുക. ഞാനവരോട്‌ വിവേകത്തോടെ വര്‍ത്തിക്കുന്നു. അവരെന്നോട്‌ അവിവേകം കാണിക്കുന്നു. തിരുമേനി (ﷺ) പറഞ്ഞു: നീ പറഞ്ഞതുപോലെയാണ് കാര്യമെങ്കില്‍ നീ അവരെ ചൂടുള്ള വെണ്ണീര്‍ തീറ്റുന്നപോലെയാണ്‌. നീ ഈ അവസ്ഥയില്‍ നിലകൊള്ളുന്നിടത്തോളം അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു സഹായി നിന്റെ കൂടെയുണ്ടാകും.

(സ്വഹീഹ് മുസ്‌ലിം : 2558- കിതാബുല്‍ ബിര്രി വസ്സിലത്തി വല്‍ ആദാബ്)

🔵(ഇസ്ലാം ബന്ധങ്ങള്‍ക്ക് വലിയ വില കല്പിക്കുന്നു. ഇങ്ങോട്ട് ഇല്ലെങ്കിലും അങ്ങോട്ടുള്ള ബന്ധം നിലനിര്‍ത്തുക എന്നതാണ് ഈ തിരുവചനം നല്‍കുന്ന സന്ദേശം. വളരെ നല്ല നിലയില്‍ ഇങ്ങോട്ട് പെരുമാറുന്ന ഒരാളോടു നല്ല നിലയില്‍ അങ്ങോട്ട്‌ പെരുമാറുക എന്നത് അസാധ്യമായ കാര്യമല്ല. എന്നാല്‍ ഇങ്ങോട്ട് തിന്മ ചെയ്യുമ്പോളും അങ്ങോട്ട്‌ നന്മ ചെയ്ത് കൊണ്ടിരിക്കുന്നത് അങ്ങേയറ്റത്തെ ക്ഷമയും സഹനവും മാത്രമുള്ളവര്‍ക്കേ സാധ്യമാകൂ. അതിന് ലഭിക്കാനിരിക്കുന്ന നേട്ടവും വലുതാണ്‌.അതാണ്‌ പ്രവാചകന്‍ നിര്‍ദ്ദേശിക്കുന്നതും)

🔵 മരണത്തിന്‌ ശേഷവും നില നില്‍ക്കേണ്ടത് 


عن عائشة رضي الله عنها قالت‏:‏ ما غرت على أحد من نساء النبي صلى الله عليه وسلم ما غرت على خديجة رضي الله عنها، وما رأيتها قط، ولكن كان يكثر ذكرها، وربما ذبح الشاة، ثم يقطعها أعضاء، ثم يبعثها في صدائق خديجة، فربما قلت له‏:‏ كأن لم يكن في الدنيا إلا خديجة‏!‏ فيقول‏:‏ ‏"‏إنها كانت وكانت وكان لي منها ولد‏"‏


ആഇശ (റ)യില്‍ നിന്ന് നിവേദനം :

നബി (ﷺ) യുടെ ഭാര്യമാരില്‍ ഖദീജ (റ) യോടുള്ള ഈര്‍ഷ്യത എനിക്ക് മറ്റൊരാളോടും ഉണ്ടായിട്ടില്ല. അവരെ ഞാന്‍ കണ്ടിട്ടുപോലുമില്ല. കാരണം നബി (ﷺ) അവരെ സംബന്ധിച്ച് ധാരാളമായി പറയുമായിരുന്നു. പ്രവാചകന്‍ (ﷺ) വല്ലപ്പോഴും ആടിനെ അറുത്ത് അത് വിതരണം ചെയ്യുമ്പോള്‍ ഒരു വിഹിതം ഖദീജ (റ) യുടെ കൂട്ടുകാരികള്‍ക്ക് കൊടുത്തയക്കുമായിരുന്നു. 

ചില സമയത്ത് നബി (ﷺ)യോട് ഞാന്‍ (ആഇശ) പറഞ്ഞിരുന്നു : ദുനിയാവില്‍ ഖദീജയല്ലാത്ത സ്ത്രീകളൊന്നും ഇല്ലാത്തത് പോലുണ്ടല്ലോ ! അപ്പോള്‍ നബി (ﷺ) പറയും : അതായിരുന്നു ഖദീജ , അവരില്‍ ആണ് എനിക്ക് സന്താനങ്ങള്‍ ഉണ്ടായതും.
(ബുഖാരി: 3818- കിതാബുൽ മുഖദ്ദിമാത്)

🌹 (മരണപ്പെട്ടവര്‍ക്കായി അവരുടെ അവകാശികള്‍ ചെയ്യേണ്ട പല കാര്യങ്ങളുമുണ്ട്. അതിലൊരു കാര്യത്തെ സംബന്ധിച്ച് ഈ തിരുവചനത്തില്‍ പരാമര്‍ശമുണ്ട്. മരണപ്പെട്ട വ്യക്തിയുടെ സുഹൃത്തുക്കളുമായുള്ള ബന്ധം നില നിര്‍ത്തുക . അതിന് പറ്റുന്ന കാര്യങ്ങള്‍ ചെയ്യുക. നബി (ﷺ) ഖദീജ (റ)യുടെ സുഹൃത്തുക്കള്‍ക്ക് മാംസം വിതരണം ചെയ്തത്  അതിന്‍റെ ഭാഗമായാണ്.)

🔵 ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക


عن وحشي بن حرب رضي الله عنه :- قالوا يا رسولَ اللهِ إنَّا نأكلُ ولا نشبعُ قال تجتمعون على طعامِكم أو تفترقون قالوا نتفرَّقُ قال اجتمِعوا على طعامِكم واذكروا اسمَ اللهِ تعالَى يُبارَكْ لكم فيه

വഹ്ശിയ്യ്‌ ബിന്‍ ഹര്‍ബ് (റ)വില്‍ നിന്ന് നിവേദനം : സ്വഹാബികള്‍ ഒരിക്കല്‍ നബി (ﷺ)യോട് പറഞ്ഞു : ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നു , പക്ഷെ വയര്‍ നിറയുന്നതായി അനുഭവപ്പെടുന്നില്ല. നബി (ﷺ) ചോദിച്ചു : നിങ്ങള്‍ ഒറ്റയ്ക്കാണോ അതല്ല ഒരുമിച്ചിരുന്നാണോ ഭക്ഷണം കഴിക്കാറുള്ളത് ? സ്വഹാബത്ത് പറഞ്ഞു : ഞങ്ങള്‍ ഒറ്റയ്ക്കൊറ്റയ്കാണ് കഴിക്കാറുള്ളത്. നബി (ﷺ) പറഞ്ഞു : നിങ്ങള്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുക. അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കുകയും ചെയ്യുക (ബിസ്മി ചൊല്ലുക). നിങ്ങള്‍ക്ക് ആ ഭക്ഷണത്തില്‍ അനുഗ്രഹം ഉണ്ടാകും. 

(സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ : 1345)

🔵 വീട്ടിനുള്ളിലെ പ്രവാചക മാതൃക


عَنْ هِشَامٍ، عَنْ أَبِيهِ قَالَ‏:‏ سَأَلْتُ عَائِشَةَ‏:‏ مَا كَانَ النَّبِيُّ صلى الله عليه وسلم يَصْنَعُ فِي بَيْتِهِ‏؟‏ قَالَتْ‏:‏ مَا يَصْنَعُ أَحَدُكُمْ فِي بَيْتِهِ‏؟‏ قَالَتْ‏:‏ مَا يَصْنَعُ أَحَدُكُمْ فِي بَيْتِهِ، يَخْصِفُ النَّعْلَ، وَيَرْقَعُ الثَّوْبَ، وَيَخِيطُ‏

ഹിശാം (റ) തന്‍റെ പിതാവില്‍ നിന്നും നിവേദനം:

ഞാന്‍ ആഇശ (റ) യോട് ചോദിച്ചു : നബി (ﷺ) വീട്ടില്‍ വെച്ച്  ചെയ്തിരുന്ന കാര്യങ്ങള്‍ എന്തെല്ലാമായിരുന്നു ? അപ്പോള്‍ ആഇശ (റ) തിരിച്ചു ചോദിച്ചു : നിങ്ങളിലൊരാള്‍ എന്തൊക്കെയാണ് വീട്ടില്‍ ചെയ്യുക ? എന്നിട്ട് ആഇശ (റ) പറഞ്ഞു : ഒരാള്‍ തന്‍റെ വീട്ടില്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം നബി (ﷺ) യും വീട്ടില്‍ ചെയ്തിരുന്നു. ചെരുപ്പ്  നന്നാക്കുക, പഴയ വസ്ത്രം തുന്നുക, പുതിയ വസ്ത്രം തൈക്കുക എന്നിങ്ങനെയുള്ളവ.

(അദബുല്‍ മുഫ് ‘റദ് – 540)

🔵(വീട്ടില്‍ ഭാര്യമാരെ, അവരുടെ ജോലികളില്‍ സഹായിച്ചു കൊടുക്കുക എന്നത്  ഏറെ മഹത്വമുള്ളതും നബി (ﷺ) യുടെ ചര്യയില്‍ പെട്ടതുമാണ്. നിരവധി ഹദീസുകളിലൂടെ ഇതിന്റെ വിശദ വിവരങ്ങള്‍ ധാരാളമായി കാണാം. ആടിനെ പാല്‍ കറക്കുക, സ്വന്തം കാര്യങ്ങള്‍ സ്വന്തമായിത്തന്നെ ചെയ്യുക, മറ്റു വീട്ട് ജോലികളില്‍ വ്യാപൃതനാകുക , അതിനിടയില്‍ നമസ്കാര സമയമായാല്‍ പള്ളിയിലേക്ക് പോകുക ഈ രൂപത്തിലായിരുന്നു നബി (ﷺ)യുടെ പ്രവര്‍ത്തനങ്ങള്‍ . ഇത് വിശ്വാസികള്‍ സ്വീകരിക്കേണ്ട മാതൃകയാണ്)

🔵 ദജ്ജാലില്‍ നിന്നും സംരക്ഷണം


عَنْ أَبِي الدَّرْدَاءِ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ "‏ مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنَ الدَّجَّالِ

അബുദ്ദര്‍ദാഅ~ (റ)ല്‍ നിന്നും നിവേദനം : നബി (ﷺ) പറഞ്ഞു: സൂറത്തുല്‍ കഹ്ഫിന്‍റെ ആദ്യത്തെ പത്ത് ആയത്തുകള്‍ ആരെങ്കിലും മനപ്പാഠമാക്കിയാല്‍ ദജ്ജാലില്‍ നിന്നും അവന്‍ സംരക്ഷിക്കപ്പെടുന്നതാണ്.

(സ്വഹീഹ് മുസ്‌ലിം : 809 , കിതാബ് സ്വലാത്തില്‍ മുസാഫിരീന്‍ വ ക്വസ്രിഹാ)

🔖 (ഈ സമുദായത്തെ ബാധിക്കുന്ന ഏറ്റവും വലിയ പരീക്ഷണമായി നബി (ﷺ) പഠിപ്പിചത് ദജ്ജാലിന്റെ കുഴപ്പങ്ങളാണ്. അത് കൊണ്ട് തന്നെ നിരന്തരം അവന്‍റെ ഫിത്‌നയില്‍ നിന്ന് കാവല്‍ തേടണമെന്ന് നബി (ﷺ) പറഞ്ഞിട്ടുണ്ട്. ഓരോ നമസ്കാരത്തിന്‍റെയും അവസാനത്തില്‍ ദജ്ജാലിന്‍റെ ഫിത്നയില്‍ നിന്നും കാവല്‍ ചോദിക്കാന്‍ പഠിപ്പിക്കപ്പെട്ടതും അതിന്‍റെ ഭാഗമാണ്. സൂറത്തുല്‍ കഹ്ഫിന്‍റെ ആദ്യ പത്ത് വചനങ്ങള്‍ മനപ്പാഠമാക്കുന്നതിലൂടെയും ആ സുരക്ഷ സാധ്യമാണെന്നാണ് ഈ ഹദീസിലൂടെ പ്രവാചകന്‍ (ﷺ) പഠിപ്പിച്ചിട്ടുള്ളത്)

🔵 സുബ്ഹിക്ക് മുമ്പ് ഒരു കിടത്തം


عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ إِذَا صَلَّى أَحَدُكُمُ الرَّكْعَتَيْنِ قَبْلَ الصُّبْحِ فَلْيَضْطَجِعْ عَلَى يَمِينِهِ

അബൂ ഹുറൈറ (റ) ല്‍ നിന്നും നിവേദനം : നബി  (ﷺ) പറഞ്ഞു : നിങ്ങളില്‍ ആരെങ്കിലും സുബ്ഹിക്ക് മുമ്പുള്ള രണ്ട്  റക്അത്ത്  സുന്നത്ത് നമസ്കരിച്ച് കഴിഞ്ഞാല്‍ അവന്‍ വലത് ഭാഗം ചെരിഞ്ഞ് കിടന്ന് കൊള്ളട്ടെ

(സുനനു അബീ ദാവൂദ് : 1261 – കിതാബ് തത്തവ്വുഅ)

📤 (നബി (ﷺ) സ്വയം ചെയ്യുകയും, ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത സുന്നത്തുകളില്‍ ഒന്നാണിത്. ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം (ആഇശ (റ) പറയുന്നു: ബിലാല്‍ (റ) ന്‍റെ സുബ്ഹി ബാങ്ക് കേട്ട് കഴിഞ്ഞാല്‍ നബി (ﷺ) ലഘുവായി രണ്ട് റക്അത്ത് നമസ്കരിക്കും , എന്നിട്ട് ഇഖാമത്തിനു സമയമായി എന്നറിയിക്കാന്‍ മുഅദ്ദിന്‍ വരുന്നത് വരെ പ്രവാചകന്‍ തന്‍റെ വലത് ഭാഗം ചെരിഞ്ഞ് കിടക്കുമായിരുന്നു . (ബുഖാരി : 626)
നബി (ﷺ)യുടെ ഈ കിടത്തം പള്ളിയില്‍ ആയിരുന്നില്ല, വീട്ടില്‍ ആയിരുന്നുവെന്ന്  ഈ ഹദീസിന്‍റെ വിശദീകരണങ്ങളില്‍ കാണാം. കാരണം സുന്നത്ത് നമസ്കാരങ്ങളെല്ലാം നബി (ﷺ) നിര്‍വഹിച്ചത് വീട്ടില്‍ വെച്ചായിരുന്നു)

🔵 ഒരു മരം നട്ടു വളര്‍ത്തിയാല്‍ 


 عَنْ جَابِرٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ مَا مِنْ مُسْلِمٍ يَغْرِسُ غَرْسًا إِلاَّ كَانَ مَا أُكِلَ مِنْهُ لَهُ صَدَقَةٌ وَمَا سُرِقَ مِنْهُ لَهُ صَدَقَةٌ وَمَا أَكَلَ السَّبُعُ مِنْهُ فَهُوَ لَهُ صَدَقَةٌ وَمَا أَكَلَتِ الطَّيْرُ فَهُوَ لَهُ صَدَقَةً وَلاَ يَرْزَؤُهُ أَحَدٌ إِلاَّ كَانَ لَهُ صَدَقَةٌ ‏"‏  

ജാബിര്‍ (റ)ല്‍ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു : മുസ്‌ലിമായ ഒരാള്‍ ഒരു ചെടി നട്ടു, അതിന്‍റെ ഫലം തിന്നപ്പെടുമ്പോള്‍ എല്ലാം അതവന് ദാനമായി മാറുന്നതാണ്. അതില്‍ നിന്നും മോഷ്ടിക്കപ്പെടുന്നത് അവനു ദാനമാണ്. അതില്‍ നിന്നും മൃഗങ്ങള്‍ തിന്നുന്നത് അവനു ദാനമാണ്. അതില്‍ നിന്ന് പക്ഷി തിന്നാല്‍ അവനു ദാനമാണ്. അതില്‍ നിന്ന് ഒരു ഫലം പോലും നഷ്ടപ്പെടുന്നില്ല, അതവനു ദാനമായി മാറ്റപ്പെട്ടിട്ടല്ലാതെ !

(സ്വഹീഹ് മുസ്‌ലിം : 1552) 

(അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലേച്ഛയോട് കൂടി ഒരു മരം നടുകയോ , കൃഷി ചെയ്യുകയോ ചെയ്‌താല്‍ ഇഹലോകത്ത് കിട്ടുന്ന നേട്ടത്തിന് പുറമെ പരലോകത്തും പ്രതിഫലം ഉണ്ടെന്നാണ് ഈ തിരുവചനം വ്യക്തമാക്കുന്നത്. ഇത്തരം നന്മകള്‍ ചെയ്ത് വെച്ച് ഒരു വിശ്വാസി മരണപ്പെട്ട് പോയാലും ആ കാര്യങ്ങള്‍ ഈ ലോകത്ത് നില നില്‍ക്കുന്നിടത്തോളം കാലം അത് വഴിയുള്ള പ്രതിഫലം അവന്‍റെ ബര്‍സഖി ലോകത്തേക്ക് എത്തിക്കൊണ്ടിരിക്കും)

🔵 ദേഷ്യം വന്നാല്‍


عن عَدِيِّ بْنِ ثَابِتٍ رضي الله عنه ، قَالَ سَمِعْتُ سُلَيْمَانَ بْنَ صُرَدٍ، قَالَ اسْتَبَّ رَجُلاَنِ عِنْدَ النَّبِيِّ صلى الله عليه وسلم وَنَحْنُ عِنْدَهُ جُلُوسٌ، وَأَحَدُهُمَا يَسُبُّ صَاحِبَهُ مُغْضَبًا قَدِ احْمَرَّ وَجْهُهُ فَقَالَ النَّبِيُّ صلى الله عليه وسلم ‏ "‏ إِنِّي لأَعْلَمُ كَلِمَةً لَوْ قَالَهَا لَذَهَبَ عَنْهُ مَا يَجِدُ لَوْ قَالَ أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ ‏"‏‏.‏ فَقَالُوا لِلرَّجُلِ أَلاَ تَسْمَعُ مَا يَقُولُ النَّبِيُّ صلى الله عليه وسلم قَالَ إِنِّي لَسْتُ بِمَجْنُونٍ


അദിയ്യ് ബിന്‍ സാബിത് (റ) നിവേദനം : സുലൈമാന്‍ ബിന്‍ സുറദ് (റ) പറയുന്നതായി ഞാന്‍ കേട്ടു. ഞങ്ങള്‍ നബി (ﷺ) യുടെ അരികില്‍ ഇരിക്കുന്ന സമയത്ത്  രണ്ടാളുകള്‍ തമ്മില്‍  നബി (ﷺ)യുടെ സമീപത്ത് വെച്ച് വഴക്കുണ്ടായി. അതിലൊരാള്‍ മറ്റേയാളോട് വല്ലാതെ ദേഷ്യപ്പെട്ടു ചീത്ത പറഞ്ഞു.  മുഖം ചുവന്നു തുടുത്ത്  നിറം മാറിയിരുന്നു. അപ്പോള്‍ നബി (ﷺ) പറഞ്ഞു : എനിക്കൊരു വാചകം അറിയാം , അതയാള്‍ പറയുകയാണെങ്കില്‍ ഇപ്പോള്‍ അയാള്‍ക്ക് ബാധിച്ചിട്ടുള്ള കാര്യം മാറിക്കിട്ടും. അയാള്‍
 أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ ‏"‏‏.‏
എന്ന് പറഞ്ഞിരുന്നുവെങ്കിൽ, ആ സമയത്ത് അവിടെയുണ്ടായിരുന്ന സ്വഹാബികള്‍ അയാളോട് വിളിച്ച് പറഞ്ഞു : നബി (ﷺ) പറഞ്ഞത് നീ കേട്ടില്ലേ ? അപ്പോള്‍ അയാള്‍ പറഞ്ഞു : ഞാനൊരു ഭ്രാന്തനല്ല.

( സ്വഹീഹുല്‍ ബുഖാരി : 6115, കിതാബുല്‍ അദബ്)

📛 (കോപം അകറ്റാനുള്ള മാര്‍ഗങ്ങള്‍ നബി (ﷺ) പഠിപ്പിച്ചിട്ടുണ്ട്. ദേഷ്യം പൈശാചികമാണെന്നും അതുണ്ടായാല്‍ വുദു ചെയ്യുക, നില്‍ക്കുന്നവന്‍ ആണെങ്കില്‍ ഇരിക്കുക, ഇരിക്കുന്നവന്‍ ആണെങ്കില്‍ കിടക്കുക , അഊദു ... ചൊല്ലുക തുടങ്ങിയവ അതില്‍ പെട്ടതാണ്. ഈ ഹദീസില്‍ പരാമര്‍ശിക്കുന്ന ശക്തമായി ദേഷ്യപ്പെട്ടയാള്‍ ഒരു ഗ്രാമീണ അറബിയായിരുന്നുവെന്നും അതിനാലാണ്  ‘’ അഊദു ...“ പറയാതെ ഞാന്‍ ഭ്രാന്തനല്ല എന്ന് ആ മനുഷ്യന്‍ പറഞ്ഞത് എന്നും ഹദീസിന്‍റെ വിശദീകരണത്തില്‍ നിന്നും മനസ്സിലാക്കാം)

🔵 നല്ലതല്ലേ എന്നത് ന്യായമല്ല 


عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ يَقُولُ جَاءَ ثَلاَثَةُ رَهْطٍ إِلَى بُيُوتِ أَزْوَاجِ النَّبِيِّ )ﷺ(يَسْأَلُونَ عَنْ عِبَادَةِ النَّبِيِّ صلى الله عليه وسلم فَلَمَّا أُخْبِرُوا كَأَنَّهُمْ تَقَالُّوهَا فَقَالُوا وَأَيْنَ نَحْنُ مِنَ النَّبِيِّ )ﷺ(قَدْ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ‏.‏ قَالَ أَحَدُهُمْ أَمَّا أَنَا فَإِنِّي أُصَلِّي اللَّيْلَ أَبَدًا‏.‏ وَقَالَ آخَرُ أَنَا أَصُومُ الدَّهْرَ وَلاَ أُفْطِرُ‏.‏ وَقَالَ آخَرُ أَنَا أَعْتَزِلُ النِّسَاءَ فَلاَ أَتَزَوَّجُ أَبَدًا‏.‏ فَجَاءَ رَسُولُ اللَّهِ )ﷺ(فَقَالَ ‏ "‏ أَنْتُمُ الَّذِينَ قُلْتُمْ كَذَا وَكَذَا أَمَا وَاللَّهِ إِنِّي لأَخْشَاكُمْ لِلَّهِ وَأَتْقَاكُمْ لَهُ، لَكِنِّي أَصُومُ وَأُفْطِرُ، وَأُصَلِّي وَأَرْقُدُ وَأَتَزَوَّجُ النِّسَاءَ، فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي"‏‏.

അനസ്ബ്നു മാലിക്(റ)ല്‍ നിന്നും നിവേദനം:  മൂന്നുപേർ നബി(ﷺ)യുടെ ആരാധനയെ സംബന്ധിച്ച് അന്വേഷിച്ചറിയാൻ നബി(ﷺ)യുടെ ഭാര്യമാരുടെ വീടുകളിലേക്ക് വന്നു.  നബി(ﷺ)യുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോൾ അത് വളരെ കുറച്ചേ ഉള്ളുവെന്ന് അവര്‍ക്ക് തോന്നി. അവർ പരസ്പരം പറഞ്ഞു: നാം എവിടെ, പ്രവാചകൻ എവിടെ?  നബി(ﷺ)ക്ക്  കഴിഞ്ഞുപോയതും ഇനി വരാനിടയുള്ളതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ. അപ്പോൾ അവരിലൊരാൾ പറഞ്ഞു: ഞാൻ എന്നും രാത്രി മുഴുവൻ നമസ്കരിക്കും. മറ്റൊരാൾ പറഞ്ഞു: ഞാൻ എന്നും നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല. മൂന്നാമൻ പറഞ്ഞു: ഞാൻ സ്ത്രീകളിൽ നിന്നകന്ന് നില്ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല.  നബി(ﷺ)വിവരം അറിഞ്ഞപ്പോൾ ചോദിച്ചു.  നിങ്ങളാണോ ഇങ്ങനെയൊക്കെ പറഞ്ഞത്? എന്നാൽ. അല്ലാഹുവാണു സത്യം. ഞാൻ നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുകയും അവനെ സൂക്ഷിച്ചു ജീവിക്കുന്നവനുമാണ്:   ഞാന് ചിലപ്പോൾ നോമ്പനുഷ്ഠിക്കുകയും ചിലപ്പോൾ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. സ്ത്രീകളെ വിവാഹം ചെയ്യുന്നു.  വല്ലവനും എന്റെ നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം അവൻ എന്നിൽപ്പെട്ടവനല്ല.

(സ്വഹീഹുല്‍ ബുഖാരി  5063 : കിതാബ് നികാഹ് )

🔖 (മത കര്‍മങ്ങള്‍ക്ക് മാതൃക നബി (ﷺ) യാണ്. സ്വര്‍ഗത്തിലേക്ക് അടുക്കാനുള്ളതും നരകത്തില്‍ നിന്ന് അകലാനുള്ളതും പൂര്‍ണമായും പഠിപ്പിച്ചിട്ടാണ് നബി (ﷺ) പോയത്. നല്ലതല്ലേ എന്ന ന്യായം പറഞ്ഞ് പുതിയതെന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനോ , ഉള്ളത് ഒഴിവാക്കാനോ ഒരാള്‍ക്കും അവകാശമില്ല. ഈ ഹദീസില്‍ നാം കണ്ട ഓരോ തീരുമാനമെടുത്ത സ്വഹാബികള്‍ , പുതിയൊരു കര്‍മം ചെയ്യും എന്ന് പറഞ്ഞതിനല്ല നബി (ﷺ) അവരെ തിരുത്തിയത്. മതത്തില്‍ ഉള്ള കര്‍മങ്ങള്‍ തന്നെ പരലോക രക്ഷ പ്രാപിക്കാന്‍ എന്ന നല്ല ഉദ്ദേശ്യത്തോടെ  പ്രവാചകന്‍ (ﷺ) ചെയ്യുന്നതിനേക്കാള്‍ കൂടുതലായി ചെയ്യുമെന്ന തീരുമാനത്തെയാണ്‌ നബി (ﷺ) വിമര്‍ശിച്ചത്. എങ്കില്‍ ഒരു മാതൃകയും ഇല്ലാത്ത കാര്യങ്ങള്‍ നല്ലതല്ലേ എന്ന ന്യായത്തില്‍ മതത്തില്‍ കടത്തി കൂട്ടുന്ന ആളുകളുടെ അവസ്ഥ പരലോകത്ത് എന്തായിരിക്കും ?!

🔵 ജനങ്ങളെ വെറുപ്പിക്കരുത്


عَنْ أَبِي مَسْعُودٍ ـ رضى الله عنه ـ قَالَ أَتَى رَجُلٌ النَّبِيَّ صلى الله عليه وسلم فَقَالَ إِنِّي لأَتَأَخَّرُ عَنْ صَلاَةِ الْغَدَاةِ مِنْ أَجْلِ فُلاَنٍ مِمَّا يُطِيلُ بِنَا قَالَ فَمَا رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم قَطُّ أَشَدَّ غَضَبًا فِي مَوْعِظَةٍ مِنْهُ يَوْمَئِذٍ قَالَ فَقَالَ ‏ "‏ يَا أَيُّهَا النَّاسُ إِنَّ مِنْكُمْ مُنَفِّرِينَ، فَأَيُّكُمْ مَا صَلَّى بِالنَّاسِ فَلْيَتَجَوَّزْ، فَإِنَّ فِيهِمُ الْمَرِيضَ وَالْكَبِيرَ وَذَا الْحَاجَةِ ‏"‏‏.‏

അബൂ മസ്ഊദ് (റ) ല്‍ നിന്നും നിവേദനം : ഒരാള്‍ നബി (ﷺ) യുടെ അരികില്‍ വന്നു പറഞ്ഞു : ഇന്ന മനുഷ്യന്‍ കാരണമായി ഞാന്‍ സുബ്ഹി നമസ്കാരത്തില്‍ നിന്നും പിന്തി നില്‍ക്കുന്നു. അബൂ മസ് ഊദ് (റ) പറയുന്നു : ഇക്കാര്യവുമായി ബന്ധപ്പെട്ടു ഉപദേശം നല്‍കിയപ്പോള്‍ നബി (ﷺ)  ശക്തമായി ദേഷ്യപ്പെട്ടതു പോലെ മറ്റൊരിക്കലും ദേഷ്യപ്പെടുന്നതായി ഞാന്‍ കണ്ടിട്ടില്ല. നബി (ﷺ) പറഞ്ഞു : അല്ലയോ ജനങ്ങളേ , നിങ്ങളില്‍ വെറുപ്പിക്കുന്ന ചിലരുണ്ട്. അതിനാല്‍ നിങ്ങള്‍ ആരെങ്കിലും ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കുകയാണെങ്കില്‍ അവന്‍ ലഘുവാക്കട്ടെ. തീര്‍ച്ചയായും അവരില്‍ (പിന്തുടരുന്നവരില്‍) രോഗിയും , പ്രായാധിക്യം ചെന്നവരും, അത്യാവശ്യക്കാരും ഒക്കെയുണ്ടാകാം. 
(സ്വഹീഹുല്‍ ബുഖാരി : 6110 – കിതാബുല്‍ അദബ് )
🔵 (ഒരു ഇമാം തന്നെ പിന്തുടര്‍ന്നു നമസ്കരിക്കുന്നവരുടെ അവസ്ഥ മനസ്സിലാക്കാതെ നമസ്കാരം നീട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെയാണ് ഈ ഹദീസില്‍ നബി (ﷺ) വിമര്‍ശിച്ചത്. നമസ്കാരം ധീര്‍ഘിപ്പിക്കുന്നതില്‍ പ്രയാസമില്ലാത്ത ആളുകളാണ്  തന്‍റെ പിന്നില്‍ ഉള്ളത് എന്ന് ഇമാമിന് തോന്നിയാല്‍ അവരെക്കൊണ്ട് നീട്ടി നമസ്കരിക്കുന്നത് തെറ്റല്ല. നബി (ﷺ) മാതൃകയില്‍ ഇതിനും തെളിവുകള്‍ കാണാന്‍ കഴിയും)

🔵 വേര്‍പാടില്‍ ദു:ഖിക്കല്‍


عن أنس رضي الله عنه أن رسول الله صلى الله عليه وسلم دخل علي ابنه إبراهيم رضي الله عنه وهو يجود بنفسه فجعلت عينا رسول الله صلى الله عليه وسلم تذرفان ‏.‏ فقال له عبد الرحمن بن عوف‏:‏ وأنت يا رسول الله ‏؟‏‏!‏ فقال‏:‏ “يا ابن عوف إنها رحمة” ثم أتبعها بأخرى، فقال‏:‏”إن العين تدمع والقلب يحزن ، ولا نقول إلا ما يرضي ربنا، وإنا بفراقك يا إبراهيم لمحزونون

അനസ് (റ) ല്‍ നിന്നും നിവേദനം : തന്‍റെ മകന്‍ ഇബ്രാഹീമിനരികില്‍ നബി (ﷺ) കടന്നു വന്നു. ആ കുട്ടി തന്‍റെ അവസാന ശ്വാസങ്ങളെടക്കുന്ന സമയമായിരുന്നു അത്. ഇത് കണ്ട നബി (ﷺ) യുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അപ്പോള്‍ അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് (റ) ചോദിച്ചു : അല്ലാഹുവിന്‍റെ റസൂലേ താങ്കള്‍ കരയുകയാണോ ? നബി (ﷺ) പറഞ്ഞു : ഇബ്നു ഔഫ് , ഇത് കാരുണ്യമാണ്. വീണ്ടും കരഞ്ഞുകൊണ്ട്‌ നബി (ﷺ) പറഞ്ഞു : തീര്‍ച്ചയായും കണ്ണുകള്‍ കണ്ണുനീര്‍ പൊഴിക്കും , ഹൃദയം ദു:ഖിക്കും. എങ്കിലും നമ്മുടെ റബ്ബ് തൃപ്തിപ്പെടുന്നതല്ലാത്ത ഒന്നും നാം പറയില്ല. അല്ലയോ ഇബ്രാഹിം നിന്‍റെ വേര്‍പാടില്‍ ഞങ്ങള്‍ ദു:ഖിതരാണ്.        (സ്വഹീഹുല്‍ ബുഖാരി :34)

🔖 (ഉറ്റവരുടെയും പ്രിയപ്പെട്ടവരുടെയും വേര്‍പാടിന്‍റെ അവസരത്തില്‍ സത്യവിശ്വാസികള്‍ സ്വീകരിക്കേണ്ട നിലപാടാണ് ഈ തിരുവചനത്തിലൂടെ നാം കാണുന്നത്. കരച്ചിലും ദു:ഖവും അനുവദിച്ചിട്ടുണ്ട്. കാരണം മകന്‍ മരിച്ചപ്പോള്‍ നബി  (ﷺ) യും കരയുകയും ദു:ഖിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ പരിധി വിടാതെ സൂക്ഷിക്കണം എന്ന് പഠിപ്പിക്കപ്പെട്ടു. അലമുറയിട്ട് കരയുക, വസ്ത്രവും ശരീരവുമൊക്കെ വലിച്ച് കീറുക, ബഹളമുണ്ടാക്കുക  പോലുള്ള കാര്യങ്ങള്‍ വിരോധിക്കപ്പെട്ടു. മിതമായ ദു:ഖപ്രകടനം ആകാവുന്നതാണ്

🔵 കടം ഒരപകടം


عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ يُغْفَرُ لِلشَّهِيدِ كُلُّ ذَنْبٍ إِلاَّ الدَّيْنَ ‏"‏

അംറുബ്നുല്‍ ആസ് (റ) ല്‍ നിന്നും നിവേദനം : നബി (ﷺ)പറഞ്ഞു:
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ രക്തസാക്ഷിയായ ആള്‍ക്ക് കടം ഒഴികെയുള്ള മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെടും.
(സ്വഹീഹ് മുസ്‌ലിം : 1886 – കിതാബുല്‍ ഇമാറത്ത്) 

♨ (അതീവ ഗൗരവമുള്ള ഇടപാടാണ് കടം. വലിയ പുണ്യമുള്ള കാര്യമാണ് കടം കൊടുക്കല്‍. എന്നാല്‍ തീരെ നിവൃത്തിയില്ലെങ്കില്‍ മാത്രമേ കടം വാങ്ങാന്‍ പാടുള്ളൂ. വാങ്ങിയാല്‍ കൃത്യമായി അത് തിരിച്ച് കൊടുക്കല്‍ നിര്‍ബന്ധ ബാധ്യതയാണ്. കഴിവുണ്ടായിട്ടും വെച്ച്നീട്ടി കൊടുക്കാന്‍ സാധിക്കാതെ മരണപ്പെട്ടാല്‍ പൊറുക്കപ്പെടാത്ത പാപമായി അത് അവശേഷിക്കും എന്നാണ് ഈ തിരുവചനം പഠിപ്പിക്കുന്നത്)

🔵 അദ്ഭുതപ്പെടുത്തുന്ന സത്യവിശ്വാസി


 عَنْ صُهَيْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ عَجَبًا لأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ

സുഹൈബ് (റ) ല്‍ നിന്നും നിവേദനം : നബി (ﷺ)പറഞ്ഞു: സത്യവിശ്വാസിയുടെ കാര്യം അദ്ഭുതം തന്നെ ! അവന്റെ എല്ലാ കാര്യങ്ങളും അവനു നന്മയാകുന്നു. സത്യവിശ്വാസിക്കല്ലാതെ മറ്റൊരാള്‍ക്കും ഇങ്ങനെയൊരു അവസ്ഥ ഇല്ല. അവനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ അവന്‍ നന്ദി കാണിക്കും. അങ്ങിനെ അതവനു നന്മയായിത്തീരും. ഇനി അവനെ പ്രയാസപ്പെടുത്തുന്ന കാര്യങ്ങളാണ്  സംഭവിക്കുന്നതെങ്കില്‍ അവന്‍ ക്ഷമ കൈക്കൊള്ളും. അങ്ങിനെ അതും അവനു നന്മയായി മാറും.

(സ്വഹീഹ് മുസ്‌ലിം : 2999 – കിതാബ് സുഹ്ദ് വ റഖാഇഖ്)

🔵 നഷ്ടമാകുന്ന ഖീറാത്തുകള്‍


عن أبي هريرة رضي الله عنه أن رسول الله (ﷺ)قال‏:‏ ‏"‏من اتبع جنازة مسلم إيماناً واحتساباً، وكان معه حتي يصلى عليها ويفرغ من دفنها، فإنه يرجع من الأجر بقيراطين كل قيراط مثل أحدٍ، ومن صلى عليها، ثم رجع قبل أن تدفن ، فإنه يرجع بقيراط”

അബൂ ഹുറൈറ (റ) ല്‍ നിന്നും നിവേദനം : നബി (ﷺ) പറഞ്ഞു : വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ഒരു മുസ്‌ലിമിന്‍റെ ജനാസയെ ഒരാള്‍ അനുഗമിക്കുകയും , മയ്യിത്ത് നമസകാരവും , ഖബറടക്കവും കഴിയുന്നത് വരെ അവന്‍ നിലകൊള്ളുകയും ചെയ്‌താല്‍ രണ്ട് ഖീറാത്ത് പ്രതിഫലവുമായിട്ടായിരിക്കും അവന്‍ മടങ്ങിപ്പോവുക. ഉഹ്ദ് മലയോളം വ്യാപ്തിയുള്ള പ്രതിഫലമാണ് ഒരു ഖീറാത്ത് . ഇനി ഒരാള്‍ മയ്യിത്തിനെ അനുഗമിക്കുകയും നമസ്കാരം കഴിഞ്ഞ് ഖബറടക്കത്തിനു നില്‍ക്കാതെ അയാള്‍ മടങ്ങുകയും ചെയ്‌താല്‍ നിശ്ചയം അവന്‍ മടങ്ങുന്നത് ഒരു ഖീറാത്ത് പ്രതിഫലവുമായിട്ടായിരിക്കും

 (സ്വഹീഹുല്‍ ബുഖാരി : 37)

🔵 (മുസ്ലിംകള്‍ തമ്മിലുള്ള കടമകള്‍ പറഞ്ഞിടത്ത് നബി (ﷺ) പറഞ്ഞ ഒരു കാര്യമാണ് തന്‍റെ സഹോദരന്റെ ജനാസയെ അനുഗമിക്കുക എന്നത്. എന്നാല്‍ ഇന്ന്  കേവലം മയ്യിത്തിനെ ഒന്ന് കണ്ടു മടങ്ങിപ്പോകുക എന്നതാണ് ഇന്ന് പലരും ചെയ്യാറുള്ളത്. മയ്യിത്ത് നമസ്കാരത്തിലും , ഖബറടക്കത്തിലും പങ്കെടുക്കുന്നവര്‍ കുറവാണ്. യഥാര്‍ത്ഥത്തില്‍ വലിയൊരു പ്രതിഫലമാണ് അതിലൂടെ നഷ്ടമാകുന്നത് എന്ന് ഈ തിരുവചനം നമ്മെ ഉണര്‍ത്തുന്നു)

🔵 അവസാന വാക്ക്


عن أبي سعيد الخدري رضي الله عنه قال‏:‏ قال رسول الله (ﷺ) ‏:‏ “لقنوا موتاكم لا إله إلا الله‏"‏

അബൂ സഈദില്‍ ഖുദ്’രി (റ) ല്‍ നിന്നും നിവേദനം : നബി (ﷺ) പറഞ്ഞു : നിങ്ങളില്‍ നിന്നും മരണം ആസന്നമായവര്‍ക്ക് ‘’ ലാ ഇലാഹ ഇല്ലല്ലാഹ്’’ എന്ന് ചൊല്ലിക്കൊടുക്കുക. (സ്വഹീഹ് മുസ്‌ലിം : 25)

📍 (മരണാസന്നനായ വ്യക്തിയുടെ അരികില്‍ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ് നബി (ﷺ) ഈ ഹദീസിലൂടെ നമ്മെ ഉണര്‍ത്തിയത്. മരിക്കുന്ന വ്യക്തിയുടെ അവസാന വാക്ക് ഇതാകുന്നതിനു വേണ്ടിയാണിത്. ഇതാണ് ഇസ്‌ലാം പഠിപ്പിച്ച തല്‍ഖീന്‍ എന്ന് പറയുന്നത്. മയ്യിത്തിനെ ഖബറടക്കിയതിന് ശേഷം മുകളില്‍ ഇരുന്ന് ഖബറില്‍ അഭിമുഖീകരിക്കാന്‍ ഇരിക്കുന്ന ചോദ്യവും ഉത്തരവും ചോര്‍ത്തികൊടുക്കുന്ന ഒരു പരിപാടി ‘’ തല്‍ഖീന്‍’’ എന്ന പേരില്‍ ഇന്ന് സമൂഹത്തിലുണ്ട്. അത് ഇസ്‌ലാമിക പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട കാര്യമല്ല)

🔵 മരണത്തെ ആഗ്രഹിക്കരുത് 


عَنْ أَبي هُرَيْرَةَ رَضِيَ اللهُ عَنْهُ قالَ: قَالَ رَسُولُ الله (ﷺ): «لاَ يَتَمَنَّى أَحَدُكُمُ المَوْتَ، وَلاَ يَدْعُ بِهِ مِنْ قَبْلِ أَنْ يَأْتِيَهُ، إِنَّهُ إِذَا مَاتَ أَحَدُكُمُ انْقَطَعَ عَمَلُهُ، وَإِنَّهُ لاَ يَزِيدُ المُؤْمِنَ عُمْرُهُ إِلاَّ خَيْراً

📚 അബൂഹുറൈറ (റ) ല്‍ നിന്നും നിവേദനം: നബി (ﷺ) പറഞ്ഞു: നിങ്ങളിലൊരാളും മരണത്തെ ആഗ്രഹിക്കരുത്. മരണം ആസന്നമാകുന്നതിനു മുമ്പ് അത് വരാന്‍ വേണ്ടി പ്രാര്‍ഥിക്കുകയുമരുത്. കാരണം മരണപ്പെടുന്നതോടു കൂടി കര്‍മങ്ങള്‍ മുറിഞ്ഞു പോകുന്നതാണ്. തീര്‍ച്ചയായും സത്യവിശ്വാസിക്ക്‌ അവന്‍റെ ആയുസ്സ് കൊണ്ട് നന്മയല്ലാതെ വര്‍ദ്ധിക്കുകയില്ല. (സ്വഹീഹുല്‍ മുസ്‌ലിം: 2682) 

💉 (ജീവിതത്തില്‍ അസഹനീയമായ പ്രയാസങ്ങള്‍ കടന്നു വരുമ്പോള്‍ സ്വാഭാവികമായും മനുഷ്യര്‍ ആഗ്രഹിച്ചുപോകുന്ന കാര്യമാണ് ഒന്ന് മരിച്ചിരുന്നുവെങ്കില്‍ എന്ന്. എന്നാല്‍ അത് പാടില്ല എന്നാണ് ഈ തിരുവചനം നമ്മെ ബോധ്യപ്പെടുത്തുന്നത്. തീരേ നിര്‍വാഹമില്ലാത്ത ഘട്ടമാണെങ്കില്‍ ‘’ അല്ലാഹുവേ ജീവിതമാണ് എനിക്ക് നന്മയെങ്കില്‍ എന്നെ നീ ജീവിപ്പിക്കുകയും മരണമാണ് എനിക്ക് ഗുണമെങ്കില്‍ എന്നെ നീ മരിപ്പിക്കുകയും ചെയ്യേണമേ” എന്ന്  പ്രാര്‍ഥിക്കുവാനാണ് നബി (ﷺ) നമ്മെ പഠിപ്പിച്ചത്)

🔵 പാപ്പരായവർ


 عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ   رَسُولَ الله (ﷺ) قَالَ: «أَتَدْرُونَ مَا المُفْلِسُ؟» قَالُوا: المُفْلِسُ فِينَا مَنْ لاَ دِرْهَمَ لَهُ وَلاَ مَتَاعَ، فَقَالَ: «إِنَّ المُفْلِسَ مِنْ أُمَّتِي، يَأْتِي يَوْمَ القِيَامَةِ بِصَلاَةٍ وَصِيَامٍ وَزَكَاةٍ، وَيَأْتِي قَدْ شَتَمَ هَذَا، وَقَذَفَ هَذَا، وَأَكَلَ مَالَ هَذَا، وَسَفَكَ دَمَ هَذَا، وَضَرَبَ هَذَا، فَيُعْطَى هَذَا مِنْ حَسَنَاتِهِ وَهَذَا مِنْ حَسَنَاتِهِ، فَإِنْ فَنِيَتْ حَسَنَاتُهُ، قَبْلَ أَنْ يُقْضَى مَا عَلَيْهِ، أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ، ثُمَّ طُرِحَ فِي النَّارِ». 

📚 അബൂ ഹുറൈറ (റ) യില്‍ നിന്നും നിവേദനം:  ഒരിക്കല്‍ നബി (ﷺ) ചോദിച്ചു;"പാപ്പരായവര്‍ എന്നാല്‍ ആരാണെന്നറിയുമോ? സ്വഹാബത്ത് പറഞ്ഞു; പണമോ,വിഭവമോ ഇല്ലാത്തവരെയാണ് ഞങ്ങള്‍ പാപ്പര്‍ എന്ന് പറയുന്നത്.നബി (ﷺ)പറഞ്ഞു:എന്‍റെ സമുദായത്തിലെ പാപ്പര്‍ എന്നാല്‍ നമസ്ക്കാരവും നോമ്പും സകാത്തും മറ്റുമായി ഖിയാമത്ത് നാളില്‍ വരുന്നവനാണ്. അവന്‍ ഒരുത്തനെ ശകാരിച്ചിട്ടുണ്ടാകും.മറ്റൊരാളെ പറ്റി അപവാദം പറഞ്ഞിരിക്കും. മറ്റൊരുത്തന്‍റെ രക്തം ചിന്തുകയും, അടിക്കുകയും ചെയ്തിട്ടുണ്ടാകും. തദ്ഫലമായി അവന്‍റെ സദ്പ്രവര്‍ത്തനങ്ങള്‍ അവര്‍ക്കായി വീതിച്ചു നല്‍കപ്പെടും. അവന്‍റെ ബാധ്യതകള്‍ തീരുന്നതിനു മുമ്പ് നന്മകള്‍ തീര്‍ന്നു കഴിഞ്ഞാല്‍ അവരുടെ പാപങ്ങള്‍ ഇവന് നല്‍കുകയും, ശേഷം അവനെ നരകത്തില്‍ എറിയപ്പെടുകയും ചെയ്യും."

(സ്വഹീഹ് മുസ്‌ലിം: 2581)

🔵 മരണം ഉറപ്പായാല്‍


عَنْ أمِّ سَلَمَةَ رَضِيَ اللهُ عَنْها قَالَتْ: دَخَلَ رَسُولُ عَلَى أبِي سَلَمَةَ وَقَدْ شَقَّ بَصَرُهُ، فَأغْمَضَهُ، ثُمَّ قَالَ: «إِنَّ الرُّوحَ إِذَا قُبِضَ تَبِعَهُ البَصَرُ 

📚 ഉമ്മുസലമ (റ) യില്‍ നിന്നും നിവേദനം : അബൂ സലമ (റ) മരണപ്പെട്ട സമയത്ത്  നബി  (ﷺ) അവിടെ കടന്നു വന്നു , അദ്ദേഹത്തിന്‍റെ കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു. ആ കണ്ണുകള്‍ അടച്ചു കൊടുത്തുകൊണ്ട് നബി  (ﷺ) പറഞ്ഞു : തീര്‍ച്ചയായും ആത്മാവിനെ പിടിക്കപ്പെട്ടാല്‍ കണ്ണുകള്‍ അതിനെ പിന്തുടരും (സുനനു ഇബ്നിമാജ : 1454)

📍 (ഒരാള്‍ മരണപ്പെട്ടാല്‍ ഉടനെ ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്നാണ് കണ്ണുകള്‍ തുറന്നിരിക്കുകയാണെങ്കില്‍ അത് തിരുമ്മി അടച്ച് കൊടുക്കുക എന്നത്. അത് പോലെ തുറന്ന വായ്‌ അടച്ചു കെട്ടുക , വയര്‍ ഉയര്‍ന്നു വരാതിരിക്കാന്‍ ചെറിയ ഭാരം വെക്കുക, ധരിച്ചിട്ടുള്ള വസ്ത്രങ്ങള്‍ മാറ്റി ഒറ്റ വസ്ത്രം കൊണ്ട് മൂടുക എന്നിവയെല്ലാം പ്രാഥമിക കര്‍മങ്ങളില്‍ പെട്ടതാണ്)

🔵 മരണവും ദുഖാചരണവും


 عَنْ أُمِّ عَطِيَّةَ، أَنَّ رَسُولَ اللَّهِ (ﷺ) قَالَ ‏ "‏ لاَ تُحِدُّ امْرَأَةٌ عَلَى مَيِّتٍ فَوْقَ ثَلاَثٍ إِلاَّ عَلَى زَوْجٍ أَرْبَعَةَ أَشْهُرٍ وَعَشْرًا وَلاَ تَلْبَسُ ثَوْبًا مَصْبُوغًا إِلاَّ ثَوْبَ عَصْبٍ وَلاَ تَكْتَحِلُ وَلاَ تَمَسُّ طِيبًا إِلاَّ إِذَا طَهُرَتْ نُبْذَةً مِنْ قُسْطٍ أَوْ أَظْفَارٍ ‏

📚 ഉമ്മു അതിയ്യ (റ)യില്‍ നിന്നും നിവേദനം: നബി (ﷺ) പറഞ്ഞു: ഏതൊരു മയ്യിത്തിന്റെ പേരിലും സ്ത്രീ മൂന്ന് ദിവസത്തിലേറെ ദുഃഖം ആചരിക്കാന്‍ പാടില്ല. ഭര്‍ത്താവിന്റെ പേരിലല്ലാതെ, അവിടെ നാല് മാസവും പത്ത് ദിവസവും ദുഃഖം ആചരിക്കുന്നു. അന്നേരം ചായം മുക്കിയ വസ്ത്രം പാടില്ല. കളറുള്ള നൂല് കൊണ്ട് നെയ്തതാണെങ്കില്‍ തെറ്റില്ല. സുറുമയിടരുത്. സുഗന്ധം ഉപയോഗിക്കരുത്. ആര്‍ത്തവ ശുദ്ധീകരണ ഘട്ടത്തില്‍ ഒരല്‍പം മാത്രം ഉപയോഗിക്കാം.

(സ്വഹീഹുല്‍ മുസ്‌ലിം : 938 – കിതാബ് ത്വലാഖ്)

🔵 (ഭ൪ത്താവിന്റെ മരണം മൂലമോ വിവാഹമോചനം മൂലമോ ഭ൪തൃ വേ൪പാട് അനുഭവിക്കുന്ന സ്ത്രീകള്‍ ചില നിബന്ധനകള്‍ പാലിച്ച്  കാത്തിരിക്കേണ്ട നിശ്ചിത കാലമാണ് ഇദ്ദ. ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയുടെ ഇദ്ദാ കാലാവധിയും ആ കാലയളവില്‍ പാലിക്കേണ്ട ചില മര്യാദകളും ഈ ഹദീസില്‍ വ്യക്തമാകുന്നുണ്ട്.  നിരവധി തെറ്റിദ്ധാരണകള്‍ നില നില്‍ക്കുന്ന ഒരു കാര്യമാണിത്. സ്ത്രീകള്‍ ഇദ്ദ അനുഷ്ഠിഷ്ഠിക്കേണ്ടത് അവരുടെ ഭര്‍തൃഗൃഹങ്ങളില്‍ തന്നെയാവണം (ഖു൪ആന്‍ : 65/6)  മതപരവും ശാരീരികവുമായ നിര്‍ഭയത്വം നഷ്ടപ്പെടുന്നതുവരെ ഭര്‍തൃഗൃഹം ഉപേക്ഷിച്ച് മറ്റു ഭവനങ്ങളില്‍ ഇദ്ദ അനുഷ്ഠിക്കുന്നത് ഇസ്‌ലാമികമായി തെറ്റാകുന്നു. ഇദ്ദാകാലയളവില്‍ അലങ്കാര വസ്ത്രങ്ങള്‍ ആഭരണങ്ങള്‍ എന്നിവ ധരിക്കരുത്, അണിഞ്ഞൊരുങ്ങുകയോ സുഗന്ധം പൂശുകയോ അരുത് , മൈലാഞ്ചി, സുറുമ, കണ്മഷി പോലുള്ളവ ഉപയോഗിക്കാന്‍ പാടില്ല. വിവാഹമോ വിവാഹാലോചനയോ നടത്തരുത്. എന്നാല്‍ ഇദ്ദ ഇരിക്കുന്ന സ്ത്രീ അടച്ചിട്ട മുറിയില്‍ ഇരിക്കണമെന്നോ ആരുമായും സംസാരിക്കരുതെന്നോ വെളുത്ത വസ്ത്രം മാത്രം ധരിക്കണമെന്നോ,  ഒരു കാര്യത്തിനും പുറത്തിറങ്ങരുതെന്നോ എന്നൊന്നും ഇല്ല. അവള്‍ക്ക് മുറ്റത്തിറങ്ങുന്നതിനും അടുക്കളയിലെ ജോലികള്‍ നി൪വ്വഹിക്കുന്നതിനും തടസ്സമൊന്നുമില്ല. ചികിത്സ പോലുള്ള അത്യാവശ്യ കാര്യത്തിനായി പുറത്തുപോകുന്നതിന് വിലക്കില്ല. പുറത്ത് പോകുന്ന അവസരത്തില്‍ താന്‍ ഇദ്ദ ഇരിക്കുന്ന ആളാണെന്ന ചിന്ത ഉണ്ടായിരിക്കേണ്ടതും എത്രയും വേഗം തിരികെ എത്തേണ്ടതുമാണ്.  രോഗസന്ദര്‍ശനം, മരണവീട് സന്ദര്‍ശനം,  കല്യാണ ചടങ്ങുകള്‍ എന്നിവവക്കൊന്നും പുറത്തുപോകാന്‍ പാടില്ല. ഹജ്ജ്, ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കാനായി പുറപ്പെടലും നിഷിദ്ധമാണ്).
                                                         ••••••┈•✿❁✿•┈••••••
       


No comments:

Post a Comment