വുളുവിലും ധൂർത്തുണ്ട്
!
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ
الْعَاصِ رضي الله عنهما، أَنَّ رَسُولَ اللَّهِ ﷺ مَرَّ بِسَعْدٍ وَهُوَ
يَتَوَضَّأُ، فَقَالَ: "مَا هَذَا السَّرَفُ؟" فَقَالَ: أَفِي
الْوُضُوءِ إِسْرَافٌ؟ قَالَ: "نَعَمْ، وَإِنْ كُنْتَ عَلَى نَهَرٍ جَارٍ"
അബ്ദുല്ല ബ്നു അംറു ബ്നുൽ
ആസ് (റ) വിൽ നിന്ന് നിവേദനം: ഒരിക്കൽ സഅദ് (റ) വുളു എടുക്കുമ്പോൾ റസൂൽ (സ) അദ്ദേഹത്തിന്റെ
അരികിലൂടെ നടന്നുപോയി. അപ്പോൾ അവിടുന്ന് ചോദിച്ചു: "എന്താണ് ഈ അമിതവ്യയം (ധൂർത്ത്)?"
സഅദ് (റ) ചോദിച്ചു: "വുളുവിലും അമിതവ്യയമുണ്ടോ?"
നബി (സ) പറഞ്ഞു: "അതെ, താങ്കൾ ഒഴുകുന്ന നദിക്കരയിലാണെങ്കിൽ പോലും."
(സുനൻ ഇബ്നു മാജ: 425,
മുസ്നദ് അഹ്‌മദ്)
സഅദ് (റ) വുളു എടുക്കുകയാണ്.
പടച്ചവന്റെ മുന്നിൽ നമസ്കരിക്കാൻ വേണ്ടി, ഏറ്റവും പുണ്യകരമായ ഒരു കർമ്മത്തിന് വേണ്ടി സ്വന്തം ശരീരം ശുദ്ധിയാക്കുകയാണ് അദ്ദേഹം.
അവിടെയാണ് പ്രവാചകൻ (സ) ഇടപെടുന്നത്: "എന്തൊരു ധൂർത്താണിത് സഅദേ ?"
സഅദിന്റെ മറുചോദ്യത്തിൽ നമ്മളോരോരുത്തരുമുണ്ട്.
"വുളുവിലുമുണ്ടോ പ്രവാചകരേ ധൂർത്ത്?" നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ, ആരാധനകൾ നിർവ്വഹിക്കുമ്പോൾ എന്ത് ധൂർത്ത് എന്നാണല്ലോ നമ്മുടെയും
ചിന്ത. പക്ഷേ, പ്രവാചകന്റെ ആ മറുപടി,
അത് ചരിത്രത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക,
ആത്മീയ പാഠങ്ങളിലൊന്നാണ്. "അതെ, നീയിരിക്കുന്നത് ഒരു ഒഴുകുന്ന നദിക്കരയിലാണെങ്കിൽ
പോലും!"
എത്ര വലിയ അർത്ഥതലങ്ങളാണതിന്!
ഒരു വലിയ നദിയിൽ നിന്ന് ഒരാൾ ഒരു കൈക്കുമ്പിൾ വെള്ളം കൂടുതൽ എടുത്താൽ ആ നദിയിലെ വെള്ളം
വറ്റിപ്പോകുമോ? ഇല്ല. പിന്നെന്തിനാണ്
പ്രവാചകൻ അത് വിലക്കിയത്? കാരണം, ഇവിടെ പ്രശ്നം നദിയിലെ വെള്ളം വറ്റുന്നതല്ല;
മനുഷ്യന്റെ ഹൃദയത്തിലെ സൂക്ഷ്മത വറ്റുന്നതാണ്. അനുഗ്രഹങ്ങളോടുള്ള
നമ്മുടെ കാഴ്ചപ്പാടാണ് അവിടെ തിരുത്തപ്പെടുന്നത്.
നമ്മൾ മലയാളികളുടെ കാര്യം
തന്നെയൊന്നെടുത്ത് നോക്കൂ. പച്ചപ്പും പുഴകളും സമൃദ്ധമായ മഴയുമൊക്കെയുള്ളതുകൊണ്ട് 'വെള്ളം' നമുക്കൊരു വലിയ വിഷയമേയല്ല. ടാപ്പ് മുഴുവനായി തുറന്നിട്ട്,
വെള്ളം പതഞ്ഞൊഴുകുമ്പോൾ സംസാരിച്ചും ചിന്തിച്ചും
വുളു എടുക്കുന്നവരാണ് നമ്മളിൽ പലരും. മണിക്കൂറുകളോളം ഷവറിന് താഴെ നിന്ന് പാട്ടുപാടിയും
സ്വപ്നം കണ്ടും വെള്ളം ഒഴുക്കിക്കളയുമ്പോൾ നമ്മൾ ഓർക്കാറില്ല, ആ ഒഴുകിപ്പോകുന്നത് വെറുമൊരു ദ്രാവകമല്ല,
നാളെ പടച്ചവന്റെ മുന്നിൽ കണക്കുപറയേണ്ട വിലപ്പെട്ടൊരു
'അമാനത്താണ്' എന്ന്.
സമ്പത്തിന്റെ കാര്യത്തിലായാലും
ഇതല്ലേ അവസ്ഥ? കയ്യിൽ പണമുണ്ട്,
എന്റെ സ്വന്തം അധ്വാനമാണ്, എനിക്കിത് എങ്ങനെ വേണമെങ്കിലും ചിലവാക്കാം എന്ന
അഹങ്കാരമാണ് പലപ്പോഴും മനുഷ്യനെ നയിക്കുന്നത്. എന്നാൽ ഇസ്ലാം പറയുന്നത്, നിന്റെ കയ്യിലുള്ളത് പരീക്ഷണാർത്ഥം നൽകപ്പെട്ടതാണ് എന്നാണ്. ആവശ്യത്തിന്
ഉപയോഗിക്കുക, ആഡംബരങ്ങളിലേക്ക്
വഴിമാറാതിരിക്കുക.
സമ്പത്തായാലും സമയമായാലും
വെള്ളമായാലും, ആവശ്യത്തിൽ കൂടുതൽ
ഉപയോഗിക്കുന്ന ഓരോ തുള്ളിയും നമ്മളോട് വിളിച്ചുപറയുന്നുണ്ട്: "മനുഷ്യാ,
നീ പരിധികൾ ലംഘിക്കുകയാണ്." പടച്ചവൻ നൽകിയ
ഈ അനുഗ്രഹങ്ങളെ നന്ദിയോടെ, വിനയത്തോടെ,
സൂക്ഷ്മതയോടെ ഉപയോഗിക്കാൻ നമുക്ക് കഴിയണം.
ആരെയാണ് നാം സ്നേഹിക്കേണ്ടത്?
عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ، أَنَّ رَجُلًا
سَأَلَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنِ السَّاعَةِ، فَقَالَ:
مَتَى السَّاعَةُ؟ قَالَ: «وَمَاذَا أَعْدَدْتَ لَهَا؟» قَالَ: لاَ شَيْءَ، إِلَّا
أَنِّي أُحِبُّ اللَّهَ وَرَسُولَهُ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ:
«أَنْتَ مَعَ مَنْ أَحْبَبْتَ».
> قَالَ أَنَسٌ: فَمَا فَرِحْنَا
بِشَيْءٍ، فَرَحَنَا بِقَوْلِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«أَنْتَ مَعَ مَنْ أَحْبَبْتَ».
(സ്വഹീഹ് ബുഖാരി: 3688,
സ്വഹീഹ് മുസ്‌ലിം: 2639)
അനസ് ബിൻ മാലിക് (റ) വിൽ നിന്ന്
നിവേദനം: ഒരാൾ നബി (സ) യോട് അന്ത്യദിനത്തെക്കുറിച്ച് ചോദിച്ചു: "പ്രവാചകരേ,
എപ്പോഴാണ് അന്ത്യദിനം?" അവിടുന്ന് ചോദിച്ചു: "അതിന് വേണ്ടി താങ്കൾ
എന്താണ് ഒരുക്കിവെച്ചിട്ടുള്ളത്?" അയാൾ പറഞ്ഞു: "(പറയാൻ തക്കതായി) ഒന്നുമില്ല, പക്ഷെ ഞാൻ അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ്നേഹിക്കുന്നു."
അപ്പോൾ നബി (സ) പറഞ്ഞു: "താങ്കൾ ആരെയാണോ സ്നേഹിക്കുന്നത്, അവരോടൊപ്പമായിരിക്കും താങ്കൾ (പരലോകത്ത്)."
അനസ് (റ) പറയുന്നു:
"നിങ്ങൾ സ്നേഹിക്കുന്നവരോടൊപ്പമായിരിക്കും നിങ്ങളെന്ന പ്രവാചകന്റെ ഈ വാക്കുകൾ
കേട്ടപ്പോഴുണ്ടായ സന്തോഷത്തോളം മറ്റൊരു സന്തോഷവും (ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം) ഞങ്ങളുടെ
ജീവിതത്തിൽ ഉണ്ടായിട്ടില്ല."
ഒന്ന് നെഞ്ചിൽ കൈവെച്ച്,
കണ്ണുകളടച്ച് സ്വസ്ഥമായി ഒന്ന് ആലോചിച്ചു നോക്കൂ...
നമ്മുടെയൊക്കെ കയ്യിൽ, നാളെ ആ പരലോകത്ത്
പടച്ചവന്റെ കോടതിയിൽ കൊണ്ടുപോയി വെക്കാൻ മാത്രം എന്താണുള്ളത്?
"അന്ത്യനാൾ വരുന്നു വരുന്നു എന്ന് പറയുന്നുണ്ടല്ലോ നബിയേ,
അത് എപ്പോഴാണ്?" എന്ന ആ ഗ്രാമീണന്റെ
ചോദ്യത്തിന് പ്രവാചകൻ തിരിച്ചു ചോദിക്കുന്നത് ഭയപ്പെടുത്തുന്ന ഒരു മറുചോദ്യമാണ്.
"അതിരിക്കട്ടെ, ആ വലിയ ദിവസത്തെ നേരിടാൻ
നീ എന്താണ് നിന്റെ ഭാണ്ഡത്തിൽ കരുതി വെച്ചിട്ടുള്ളത്?"
ആ മനുഷ്യന്റെ മറുപടി നോക്കൂ,
എത്ര സത്യസന്ധമാണത്! അദ്ദേഹം പറയുകയാണ്;
"നബിയേ... എടുത്തു കാണിക്കാൻ
മാത്രം വലിയ നോമ്പോ നിസ്കാരമോ സൽകർമ്മങ്ങളോ ഒന്നും എന്റെ കയ്യിലില്ല. പകരമുള്ളത് ഒരൊറ്റ
കാര്യമാണ്... എന്റെ നെഞ്ചിന്റെ ഉള്ളറകളിൽ അല്ലാഹുവിനോടും അങ്ങയോടും അടങ്ങാത്ത സ്നേഹമുണ്ട്.
അത് മാത്രമാണ് എന്റെ മൂലധനം."
അവിടെ വെച്ചാണ് പ്രവാചകൻ
(സ) മനുഷ്യചരിത്രത്തിലെ ഏറ്റവും മനോഹരവും ആശ്വാസകരവുമായ ആ വാചകം പറയുന്നത്:
*"എങ്കിൽ നീ ആരെയാണോ സ്നേഹിക്കുന്നത്, നാളെ പരലോകത്ത് നീ അവരുടെ കൂടെയായിരിക്കും!"*
നമ്മൾ സ്നേഹിക്കുന്ന റസൂലിന്റെയോ
(സ) അബൂബക്കർ സിദ്ദീഖിന്റെയോ (റ), ഉമറിന്റെയോ (റ) അത്രയും
സൽകർമ്മങ്ങൾ ചെയ്യാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടാകില്ല. എന്തിന്, അവരുടെ
അരികത്ത് എത്താൻ പോലും നമ്മുടെ കർമ്മങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടാകില്ല.
പക്ഷേ, നമ്മുടെ ആ സ്നേഹം സത്യസന്ധമാണെങ്കിൽ,
കളങ്കമില്ലാത്തതാണെങ്കിൽ, പടച്ചവൻ അവന്റെ അപാരമായ കാരുണ്യം കൊണ്ട് നമ്മളെ
അവരുടെ കൂടെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും. അതാണ് സ്നേഹത്തിന്റെ കരുത്ത്!
നമ്മുടെ ഹൃദയം ഒരു കാന്തം
പോലെയാണ്. അത് എന്തിനെയാണോ കൂടുതൽ ആകർഷിക്കുന്നത്, എന്തിനോടാണോ കൂടുതൽ ഒട്ടിനിൽക്കുന്നത്, അതാണ് നമ്മുടെ യഥാർത്ഥ വ്യക്തിത്വം. ഇന്ന് നമ്മൾ
സ്നേഹിക്കുന്നത്, നമ്മുടെ മനസ്സിൽ കൊണ്ടുനടക്കുന്നത്
ആരെയാണ്? ആരുടെ ജീവിതമാണ് നമ്മൾ ആരാധനയോടെ
നോക്കിക്കാണുന്നത്? വെള്ളിത്തിരയിലെ താരങ്ങളെയോ,
പന്തുതട്ടുന്ന കളിക്കാരെയോ മറ്റേതെങ്കിലും നേതാക്കളെയോ
അതോ അല്ലാഹു ഇഷ്ടപ്പെട്ട നല്ല മനുഷ്യരെയോ?
നാളെ മഹ്ശറയുടെ മൈതാനത്ത്
നമ്മൾ തനിച്ചായിരിക്കില്ല. ദുനിയാവിൽ നമ്മുടെ ഹൃദയം ആർക്കൊപ്പമായിരുന്നോ, അവരോടൊപ്പമായിരിക്കും നമ്മൾ എഴുന്നേൽപ്പിക്കപ്പെടുക.
സജ്ജനങ്ങളെ സ്നേഹിക്കുക എന്നത് തന്നെ വലിയൊരു ഇബാദത്താണ് (ആരാധനയാണ്). കാരണം,
കർമ്മങ്ങൾ കുറഞ്ഞുപോയ ഒരു സാധാരണ മനുഷ്യന് സ്വർഗ്ഗത്തിലേക്കുള്ള
ഏറ്റവും എളുപ്പമുള്ള വഴി, സ്വർഗ്ഗത്തിൽ പോകുന്നവരെ
അകമഴിഞ്ഞ് സ്നേഹിക്കുക എന്നത് മാത്രമാണ്.
ഈ ഹദീസ് കേൾക്കുമ്പോൾ നമ്മുടെ
ഹൃദയത്തിൽ വല്ലാത്തൊരു സമാധാനം തോന്നുന്നില്ലേ? അല്ലാഹുവിനോടും അവന്റെ റസൂലിനോടുമുള്ള നമ്മുടെ സ്നേഹത്തിന് ഇത്രവലിയ
പ്രതിഫലം കാത്തിരിപ്പുണ്ടെന്ന തിരിച്ചറിവ് നിങ്ങളുടെ ജീവിതത്തിൽ പുതിയ തീരുമാനങ്ങളെടുക്കാൻ
സഹായിക്കുമോ?
ഉത്തമരായ നേതാക്കൾ
عَنْ عَوْفِ بْنِ مَالِكٍ، عَنْ رَسُولِ اللهِ
صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: « خِيَارُ أَئِمَّتِكُمُ الَّذِينَ
تُحِبُّونَهُمْ وَيُحِبُّونَكُمْ، وَيُصَلُّونَ عَلَيْكُمْ وَتُصَلُّونَ
عَلَيْهِمْ، وَشِرَارُ أَئِمَّتِكُمُ الَّذِينَ تُبْغِضُونَهُمْ وَيُبْغِضُونَكُمْ،
وَتَلْعَنُونَهُمْ وَيَلْعَنُونَكُمْ »
ഔഫ് ബിൻ മാലിക് (റ) വിൽ നിന്ന്
നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "നിങ്ങളിൽ
ഏറ്റവും ഉത്തമരായ നേതാക്കൾ, നിങ്ങൾ അവരെ സ്നേഹിക്കുകയും
അവർ നിങ്ങളെ സ്നേഹിക്കുകയും ചെയ്യുന്നവരാണ്. അവർ നിങ്ങൾക്ക് വേണ്ടിയും നിങ്ങൾ അവർക്ക്
വേണ്ടിയും പ്രാർത്ഥിക്കുന്നവരാണ്. എന്നാൽ, നിങ്ങളിലെ ഏറ്റവും മോശപ്പെട്ട നേതാക്കൾ, നിങ്ങൾ അവരെ വെറുക്കുകയും അവർ നിങ്ങളെ വെറുക്കുകയും ചെയ്യുന്നവരാണ്.
നിങ്ങൾ അവരെ ശപിക്കുകയും അവർ നിങ്ങളെ ശപിക്കുകയും ചെയ്യുന്നവരാണ്."
(സ്വഹീഹ് മുസ്‌ലിം: 1855)
എന്താണ് യഥാർത്ഥത്തിൽ അധികാരം? അത് വെറുമൊരു കസേരയാണോ? അതോ കാവൽക്കാരുടെ നടുവിലൂടെ നടന്നുപോകുന്ന ഗാംഭീര്യമാണോ?
അല്ല, ഒരിക്കലുമല്ല. ലോകത്തിന് മുഴുവൻ കാരുണ്യമായി വന്ന പ്രവാചകൻ ﷺ തിരുമേനി പറയുകയാണ്, അധികാരമെന്നത് സ്നേഹമാണ്... മനസ്സുകൾ തമ്മിലുള്ള ഇഴയടുപ്പമാണ്.
ഇതിൽ പറയുന്ന 'പ്രാർത്ഥിക്കുക' (യുസ്വല്ലൂന) എന്ന വാക്കിന്റെ പൊരുൾ കേവലം കൈകളുയർത്തിയുള്ള പ്രാർത്ഥന മാത്രമല്ല.
അതൊരു കരുതലാണ്. തന്റെ നാട്ടിലെ പാവപ്പെട്ടവന്റെ, അനാഥയുടെ, രോഗിയുടെ അടുക്കലേക്ക്
ഒരു ഭരണാധികാരി സ്നേഹത്തോടെ ഓടിയെത്തുമ്പോൾ... അവരുടെ കണ്ണുനീർ സ്വന്തം കൈകൾ കൊണ്ട്
ഒപ്പിയെടുക്കുമ്പോൾ... ആ പാവപ്പെട്ടവന്റെ ഉള്ളിൽ നിന്ന് അതിരുകളില്ലാത്ത ഒരു സ്നേഹം
ആ നേതാവിനോട് തോന്നും. ആ സ്നേഹം അറിയാതെ തന്നെ പടച്ചവനിലേക്കുള്ള ഒരു പ്രാർത്ഥനയായി
മാറും. "പടച്ചവനേ... ഞങ്ങളുടെ സങ്കടം കേട്ട ആ മനുഷ്യന് നീ നല്ലത് മാത്രം വരുത്തേണമേ..."
എന്ന് ആ ഹൃദയങ്ങൾ തേങ്ങും. അതാണ് ലോകത്തിലെ ഏറ്റവും വലിയ സിംഹാസനം! ജനങ്ങളുടെ മനസ്സിലിരിക്കുന്ന
സിംഹാസനം.
എന്നാൽ മറുവശത്ത്,
അധികാരത്തിന്റെ ഹുങ്കിൽ പാവപ്പെട്ടവനെ മറക്കുന്ന,
നീതി നിഷേധിക്കുന്ന, അഴിമതി നടത്തുന്ന, സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി ജനങ്ങളെ തമ്മിലടിപ്പിക്കുന്ന നേതാക്കളുണ്ട്. അവരെ
ജനങ്ങൾ ഭയപ്പെട്ടേക്കാം, അവർ വരുമ്പോൾ വഴിമാറിക്കൊടുത്തേക്കാം.
പക്ഷേ, അടച്ചിട്ട മുറികളിൽ,
ഇരുട്ടിന്റെ മറവിൽ ആ ജനത അവരെ ശപിച്ചുകൊണ്ടിരിക്കും.
നേതാവിന് ജനങ്ങളെ പുച്ഛവും, ജനങ്ങൾക്ക് നേതാവിനോട്
വെറുപ്പുമായിരിക്കും. എത്ര ഭയാനകമായ അവസ്ഥയാണത്!
പ്രിയപ്പെട്ടവരേ, നമ്മളൊന്ന് ചിന്തിക്കണം. നമ്മെ ഭരിക്കുന്നവരും നാം
പ്രതിനിധികളായി തിരഞ്ഞെടുക്കുന്നവരും ഈ പ്രവാചക വചനത്തിന്റെ ഏതു ഭാഗത്താണ് നിൽക്കുന്നത്? അധികാരം ഒരു തണലാണ്.
പൊള്ളുന്ന വെയിലിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന മനുഷ്യർക്ക്
ഓടിച്ചെന്ന് കയറിനിൽക്കാൻ പാകത്തിലുള്ള ഒരു തണുത്ത മരത്തണൽ. ആ തണലൊരുക്കുന്നവരാണ് ഉത്തമർ.
അവർക്ക് വേണ്ടി നാടിന്റെ പ്രാർത്ഥനകളുണ്ടാകും, ആകാശത്തുള്ളവന്റെ അനുഗ്രഹങ്ങളുമുണ്ടാകും. അതാണ് ഒരു മനുഷ്യന്
കിട്ടാവുന്ന ഏറ്റവും വലിയ സമ്പാദ്യം. ബോധപൂർവ്വം നമുക്കത്തരം നന്മയുള്ള മനുഷ്യരെ തിരഞ്ഞെടുക്കാം...
ഏറ്റവും ഉത്തമൻ
عَنْ جَابِرِ بْنِ عَبْدِ اللَّهِ رَضِيَ
اللَّهُ عَنْهُمَا، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ
وَسَلَّمَ: «خَيْرُ النَّاسِ أَنْفَعُهُمْ لِلنَّاسِ » (المعجم الأوسط للطبراني)
ജാബിർ ബിൻ അബ്ദുല്ല (റ) വിൽ
നിന്ന് നിവേദനം. നബി (സ) പറഞ്ഞു: "മനുഷ്യരിൽ ഏറ്റവും ഉത്തമൻ, ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപകാരം ചെയ്യുന്നവനാണ്." (ത്വബ്റാനി)
നാം സമാഹരിച്ച സമ്പത്തോ, നേടിയെടുത്ത ബിരുദങ്ങളോ, നമ്മെ പിന്തുടരുന്ന ആൾക്കൂട്ടമോ ഒന്നുമല്ല നമ്മുടെ ജീവിതത്തിന്റെ
യഥാർത്ഥ വില നിർണയിക്കുന്നത്.മറിച്ച്, നാം കാരണം ഒരു മനുഷ്യനെങ്കിലും ഒന്ന് പുഞ്ചിരിച്ചിട്ടുണ്ടോ, ഒരു കണ്ണീരെങ്കിലും തുടക്കപ്പെട്ടിട്ടുണ്ടോ എന്ന
ഒറ്റ ചോദ്യത്തിലാണ് നമ്മുടെ ജീവിതത്തിന്റെ വില ഒളിഞ്ഞിരിക്കുന്നത്.
ഉപകാരം ചെയ്യുക എന്നാൽ വലിയ സാമ്പത്തിക സഹായം നൽകൽ
മാത്രമല്ല; സ്നേഹം നിറഞ്ഞ ഒരു വാക്ക്
പറയുന്നതും, ഇരുട്ടിൽ നിൽക്കുന്നവന് ചെറിയൊരു
വെളിച്ചം കാണിച്ചു കൊടുക്കുന്നതും, വഴിയിലെ ഒരു തടസ്സം
നീക്കുന്നതുമെല്ലാം വലിയ ഉപകാരങ്ങളാണ്. എന്തിന്,
നമ്മുടെ ഭാഗത്തുനിന്നും മറ്റൊരാൾക്ക് ഒരു ഉപദ്രവവും
ഉണ്ടാകാതിരിക്കുന്നത് പോലും ഏറ്റവും വലിയ ഉപകാരമാണെന്നാണ് നബി(സ) നമ്മെ പഠിപ്പിച്ചത്.
ഒന്ന് ചിന്തിച്ചു നോക്കൂ...
നാളെ പടച്ചവന്റെ മുന്നിൽ നിൽക്കുമ്പോൾ, അവൻ ചോദിക്കുന്നത് നമ്മുടെ ബാങ്ക് ബാലൻസിനെക്കുറിച്ചായിരിക്കില്ല. മറിച്ച്,
"എന്റെ പടപ്പുകളിലേക്ക് നീ
എന്ത് നന്മയാണ് പകർന്നു നൽകിയത്?" എന്നായിരിക്കും. മറ്റൊരു ഹദീസിൽ നബി(സ) പറയുന്നത് നോക്കൂ: "സൃഷ്ടികളെല്ലാം
അല്ലാഹുവിന്റെ കുടുംബത്തെപ്പോലെയാണ്. അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവൻ അവന്റെ കുടുംബത്തിന്
(സൃഷ്ടികൾക്ക്) ഏറ്റവും കൂടുതൽ നന്മ ചെയ്യുന്നവനാണ്." (ബൈഹഖി)
ഒരു കുടുംബനാഥൻ തന്റെ മക്കളെ
സ്നേഹിക്കുന്നത് പോലെ, അല്ലാഹു അവന്റെ സൃഷ്ടികളെ
സ്നേഹിക്കുന്നുണ്ട്. ആ മക്കളോട് ആരെങ്കിലും സ്നേഹത്തോടെ പെരുമാറിയാൽ, ഒരു തുള്ളി വെള്ളം നൽകിയാൽ, ആ കുടുംബനാഥന്റെ ഹൃദയത്തിൽ അവർക്ക് എത്ര വലിയ സ്ഥാനമായിരിക്കും
ഉണ്ടാവുക! മനുഷ്യരെയും മൃഗങ്ങളെയും പ്രകൃതിയെയും വരെ സ്നേഹിക്കാനുള്ള വലിയൊരു പാഠമാണ്
ഈ വചനം നമുക്ക് നൽകുന്നത്.
പ്രിയപ്പെട്ടവരേ, ചുറ്റും നോക്കൂ... നമ്മെ കാത്തിരിക്കുന്ന എത്രയോ
നിസ്സഹായരായ മനുഷ്യരുണ്ട്. ഒരു ആശ്വാസവാക്കിനായി, ഒരു കരുതലിനായി കൊതിക്കുന്നവർ. അവർക്കിടയിലേക്ക് നാം കടന്നു ചെല്ലണം. സ്വന്തം കാര്യം
മാത്രം നോക്കി ജീവിക്കുന്ന സ്വാർത്ഥതയുടെ ലോകത്ത് നിന്ന്, അപരനുവേണ്ടി ജീവിക്കുന്ന വിശാലതയിലേക്ക് നാം വളരണം. കാരണം,
മറ്റുള്ളവരുടെ ജീവിതത്തിൽ നാം കൊളുത്തിവെക്കുന്ന
ഓരോ തിരിനാളവും, പരലോകത്ത് നമ്മുടെ
വഴികളെ പ്രകാശമാനമാക്കുന്ന വലിയൊരു വെളിച്ചമായി മാറുമെന്നതിൽ സംശയമില്ല.
അവൻ നമ്മിൽ പെട്ടവനല്ല
!
عَنْ جُبَيْرِ بْنِ مُطْعِمٍ، أَنَّ رَسُولَ
اللَّهِ صلى الله عليه وسلم قَالَ:
" لَيْسَ مِنَّا مَنْ دَعَا إِلَى عَصَبِيَّةٍ وَلَيْسَ مِنَّا مَنْ
قَاتَلَ عَلَى عَصَبِيَّةٍ وَلَيْسَ مِنَّا مَنْ مَاتَ عَلَى عَصَبِيَّةٍ " (سنن أبي داود: 5121)
ജുബൈർ ബിൻ മുത്ഇം (റ) വിൽ
നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:
"അന്ധമായ പക്ഷപാതിത്തത്തിലേക്ക് (അസബിയ്യത്തിലേക്ക്) ക്ഷണിക്കുന്നവൻ
നമ്മിൽപ്പെട്ടവനല്ല. അന്ധമായ പക്ഷപാതിത്തത്തിന് വേണ്ടി പോരാടുന്നവനും നമ്മിൽപ്പെട്ടവനല്ല.
ആ അന്ധമായ പക്ഷപാതിത്തത്തിൽ (അസബിയ്യത്തിൽ) മരിക്കുന്നവനും നമ്മിൽപ്പെട്ടവനല്ല."
(അബൂദാവൂദ്)
സ്വന്തം നാടിനെയോ കുടുംബത്തെയോ താൻ വിശ്വസിക്കുന്ന
പ്രസ്ഥാനത്തെയോ സ്നേഹിക്കുന്നതല്ല അസബിയ്യത്ത്. മറിച്ച്, 'സ്വന്തം കൂട്ടർ ചെയ്യുന്ന അനീതിക്കും അക്രമത്തിനും കുടപിടിക്കുന്നതാണ്
യഥാർത്ഥത്തിൽ അന്ധമായ പക്ഷപാതിത്തം'. നമ്മൾ പിന്താങ്ങുന്ന പാർട്ടി അത് ഭരണപക്ഷമോ പ്രതിപക്ഷമോ ആവട്ടെ ഒരാളെ അന്യായമായി ദ്രോഹിച്ചാൽ, അല്ലെങ്കിൽ ഒരു അഴിമതി നടത്തിയാൽ,
"അത് ഞങ്ങളുടെ പാർട്ടിയല്ലേ,
അതുകൊണ്ട് കുഴപ്പമില്ല" എന്ന് ചിന്തിക്കുന്നിടത്താണ്
ഒരാൾ യഥാർത്ഥത്തിൽ ഇസ്‌ലാമിൽ നിന്ന്, പ്രവാചകന്റെ പാതയിൽ നിന്ന് അകന്നു പോകുന്നത്.
ചിന്തിച്ചു നോക്കൂ... മുത്ത്
നബി (സ) എത്ര കടുത്ത ഭാഷയിലാണ് ഈ അവസ്ഥയെ താക്കീത് ചെയ്തിരിക്കുന്നത്! "അവൻ നമ്മിൽപ്പെട്ടവനല്ല..."
മൂന്ന് തവണയാണ് പ്രവാചകൻ അത് ആവർത്തിക്കുന്നത്. നമ്മുടെയെല്ലാവരുടെയും ഏറ്റവും വലിയ
സ്വപ്നം ആ പ്രവാചകന്റെ കൂടെ നാളെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടണം എന്നാണല്ലോ. പക്ഷെ,
ക്ഷണികമായ ഈ ദുനിയാവിലെ താല്പര്യങ്ങൾക്ക് വേണ്ടി നാമെന്തിനാണ് ആ പ്രവാചകന്റെ സാമീപ്യം നഷ്ടപ്പെടുത്തുന്നത്?
രാഷ്ട്രീയം എന്നത് സമൂഹത്തിന്
നന്മ ചെയ്യാനുള്ള ഒരു വഴിയാണ്. എന്നാൽ സ്വന്തം പാർട്ടി എന്ത് അനീതി ചെയ്താലും അതിന്
കയ്യടിക്കാൻ തുടങ്ങുമ്പോൾ, നാം നമ്മളറിയാതെ തന്നെ
അക്രമികളുടെ കൂട്ടാളികളായി മാറുകയാണ്.സ്വന്തം പാർട്ടിക്കാരൻ തെറ്റ് ചെയ്താൽ,
"അത് തെറ്റാണ്" എന്ന്
പറയാൻ കഴിയുന്ന നെഞ്ചുറപ്പാണ് ഒരു യഥാർത്ഥ വിശ്വാസിക്ക് വേണ്ടത്.
വോട്ടിംഗ് യന്ത്രത്തിന് മുന്നിൽ
പോയി നിൽക്കുമ്പോൾ, നാം ചെയ്യുന്നത് വെറുമൊരു
വിരലമർത്തലല്ല; അതൊരു വലിയ സാക്ഷ്യപ്പെടുത്തലാണ്.
ആ സാക്ഷ്യം നീതിക്കും സത്യത്തിനും വേണ്ടിയായിരിക്കണം. പരിപൂർണതയുള്ള ഒരു കക്ഷിയുമില്ലായിരിക്കാം.
എങ്കിലും തമ്മിൽ ഭേദം ഏത് കക്ഷിയാണെന്ന് വിവേകത്തോടെ വിലയിരുത്തി അവരെ വിജയിപ്പിക്കാനാണ്
നാം നമ്മുടെ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത്.
അതുകൊണ്ട് പ്രിയപ്പെട്ടവരേ,
കൊടികളുടെ നിറം നോക്കി നീതിയുടെ തുലാസ് ചായ്ക്കാതിരിക്കാം.
സത്യവും ധർമവും നീതിയും ആരുടെ പക്ഷത്താണോ, അവിടെ നിൽക്കാൻ നമുക്ക് കഴിയണം. കാരണം, നാളെ ആറടി മണ്ണിൽ നാം തനിച്ചാകുമ്പോൾ, കൂട്ടിന് ഒരു നേതാവും വരില്ല, ഒരു പാർട്ടിക്കൊടിയും ഉണ്ടാവില്ല; നാം നീതിക്കൊപ്പം നിന്നതിന്റെ ആശ്വാസം മാത്രം കൂട്ടിനുണ്ടാകും.
അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞ ആ വലിയ യാഥാർത്ഥ്യം നെഞ്ചോട് ചേർത്ത് പിടിച്ച്,
തികഞ്ഞ ബോധ്യത്തോടെയും ഉത്തരവാദിത്തത്തോടെയും നമുക്ക്
ഓരോ ചുവടും മുന്നോട്ട് വെക്കാം.
നിന്റെ ഈമാൻ നിന്റെ അയൽപക്കത്താണ്
عَنْ أَبِي هُرَيْرَةَ، رَضِيَ اللَّهُ عَنْهُ،
أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: « مَنْ كَانَ
يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيُحْسِنْ إِلَى جَارِهِ»
(صحيح مسلم: 48، وبمعناه في صحيح
البخاري: 6019 بلفظ فَلْيُكْرِمْ جَارَهُ)
അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം:
റസൂൽ (സ) പറഞ്ഞു: "അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ തന്റെ അയൽവാസിക്ക്
നന്മ ചെയ്യട്ടെ (അയൽവാസിയെ ആദരിക്കട്ടെ)."
പ്രിയപ്പെട്ടവരേ... നമ്മളൊക്കെ
ഒരുപാട് നിസ്കരിക്കുന്നവരാണ്, നോമ്പെടുക്കുന്നവരാണ്,
അല്ലേ? പക്ഷേ, ഈ ചെറിയ ഹദീസ് നമ്മളോട് പറയുന്ന
വലിയൊരു സത്യമുണ്ട്. എന്താണെന്നറിയുമോ? പടച്ചവനിലും നാളത്തെ പരലോകത്തിലും നിങ്ങൾക്ക് യഥാർത്ഥത്തിൽ വിശ്വാസമുണ്ടെങ്കിൽ,
ആ വിശ്വാസത്തിന്റെ സർട്ടിഫിക്കറ്റ് കിടക്കുന്നത്
പള്ളിയിലെ ആദ്യ സ്വഫിലല്ല; മറിച്ച് നിങ്ങളുടെ
വീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന അയൽക്കാരന്റെ മുഖത്താണ്!
അയൽവാസിക്ക് നന്മ ചെയ്യുക
എന്ന് പറഞ്ഞാൽ അവർക്ക് വല്ലതും കൊടുക്കൽ മാത്രമല്ല;
നിന്റെ അയൽക്കാരൻ രോഗിയാകുമ്പോൾ മരുന്നാകുക എന്നതാണത്.
അവൻ തളരുമ്പോൾ തണലാകുക എന്നതാണത്.
നിന്റെ വീട്ടിൽ നല്ലൊരു കറി
വേവിക്കുമ്പോൾ അതിന്റെ മണം അയൽപക്കത്തെ വിശപ്പുള്ള കുഞ്ഞിന്റെ മൂക്കിലെത്തുമ്പോൾ,
ആ കറിയിൽ നിന്ന് ഒരു തവി അവനും നൽകണമെന്ന പ്രവാചകന്റെ
പാഠം എത്ര ഹൃദ്യമാണ്! മാത്രമല്ല, നമ്മുടെ ഭാഗത്ത് നിന്ന് അവർക്ക്
ഒരു ശല്യവും, ഒരു സങ്കടവും ഉണ്ടാകാതിരിക്കണം.
നമ്മുടെ വീട്ടിലെ ബഹളങ്ങളോ, വാഹനത്തിന്റെ ശബ്ദമോ, നമ്മുടെ വീട്ടിലെ ചവറുകളോ
അവരെ അസ്വസ്ഥരാക്കുന്നുണ്ടോ എന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അയൽവാസിക്ക് നന്മ ചെയ്യുക
എന്നാൽ അവനിൽ നിന്നുള്ള പ്രയാസങ്ങൾ സഹിക്കൽ കൂടിയാണ്. അവന്റെ കുട്ടികൾ ബഹളം വെക്കുമ്പോഴോ,
അവന്റെ മരച്ചില്ലകൾ നമ്മുടെ മുറ്റത്തേക്ക് ചായുമ്പോഴോ
നമ്മുടെ മുഖം കറുക്കാതിരുന്നാൽ... അവിടെയാണ് നമ്മുടെ ഈമാൻ തിളങ്ങുന്നത്.
മതം മനുഷ്യനെ പഠിപ്പിക്കുന്നത്
പരസ്പരം സ്നേഹിക്കാനാണ്. നിങ്ങളുടെ അയൽക്കാരൻ ഏത് മതക്കാരനാകട്ടെ, ഏത് ജാതിക്കാരനാകട്ടെ... അവൻ മനുഷ്യനാണ്. ആ മനുഷ്യനോട്
പുഞ്ചിരിക്കാനും, അവന്റെ സങ്കടങ്ങളിൽ
ഓടിച്ചെന്ന് കൂടെ നിൽക്കാനും കഴിയുന്നില്ലെങ്കിൽ പിന്നെ എന്ത് ഈമാനിനെക്കുറിച്ചാണ്,
എന്ത് ആത്മീയതയെക്കുറിച്ചാണ് നാം സംസാരിക്കുന്നത്?
അന്ത്യനാളിനെ ഭയക്കുന്ന ഒരു
മനുഷ്യനും തന്റെ അയൽക്കാരനെ സങ്കടപ്പെടുത്താൻ കഴിയില്ല. കാരണം, നാളെ പടച്ചവന്റെ കോടതിയിൽ നമ്മുടെ പ്രാർത്ഥനകളുടെ
കണക്കെടുക്കുന്നതിനും മുമ്പ്, അയൽക്കാരന്റെ കണ്ണീരിന്
നാം മറുപടി പറയേണ്ടി വരും. അതുകൊണ്ട് പ്രിയപ്പെട്ടവരേ, സ്നേഹിക്കുക... ചുറ്റുമുള്ളവരെ ചേർത്തുപിടിക്കുക. അവർക്ക് താങ്ങാകുക.
അവർ നാം കാരണം സന്തോഷിക്കട്ടെ.
സത്യം കുരിശിലേറ്റപ്പെട്ടിട്ടില്ല
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ:
قَالَ رَسُولُ اللَّهِ صلى الله عليه وسلم: " أَنَا أَوْلَى النَّاسِ
بِعِيسَى ابْنِ مَرْيَمَ فِي الدُّنْيَا وَالآخِرَةِ، وَالأَنْبِيَاءُ إِخْوَةٌ
لِعَلاَّتٍ، أُمَّهَاتُهُمْ شَتَّى وَدِينُهُمْ وَاحِدٌ، وَلَيْسَ بَيْنَنَا
نَبِيٌّ " (صحيح البخاري: ٣٤٤٣)
അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ റസൂൽ (സ) അരുളി: " ഇഹലോകത്തും പരലോകത്തും മർയമിന്റെ മകൻ ഈസായോട്
ജനങ്ങളിൽ വെച്ച് ഏറ്റവും അടുത്തവൻ ഞാനാണ്. പ്രവാചകന്മാർ വ്യത്യസ്ത മാതാക്കളിൽ ജനിച്ച
ഒരേ പിതാവിന്റെ മക്കളെപ്പോലെയാണ് (അർദ്ധസഹോദരന്മാരാണ്). അവരുടെ മാതാക്കൾ വ്യത്യസ്തമാണ്,
എന്നാൽ അവരുടെ മതം (സന്ദേശം) ഒന്നാണ്. എനിക്കും
അദ്ദേഹത്തിനുമിടയിൽ മറ്റൊരു പ്രവാചകനില്ല." (സ്വഹീഹുൽ ബുഖാരി:
3443)
"ഈസായോട് ഏറ്റവും അടുത്തവൻ ഞാനാണ്." നൂറ്റാണ്ടുകൾക്ക് അപ്പുറം
ജനിച്ച ഒരാളോട്, ലോകം മുഴുവൻ തെറ്റിദ്ധരിച്ച
ഒരു മഹാത്മാവിനോട് മുഹമ്മദ് നബി (സ) കാണിക്കുന്ന ആ ആത്മബന്ധം നോക്കൂ.
പ്രവാചകന്മാർ എല്ലാവരും ഒരു വലിയ കുടുംബമാണ്. കാലവും
ദേശവും അവരെ വേർതിരിച്ചാലും, അവരുടെ ഹൃദയമിടിപ്പ്
ഒന്നായിരുന്നു. അല്ലാഹുവിന്റെ ഏകത്വമെന്ന ഒരേയൊരു സത്യമാണ് അവരെല്ലാം ലോകത്തോട് വിളിച്ചുപറഞ്ഞത്.
ചരിത്രത്തിലേക്ക് നാം കണ്ണോടിക്കുമ്പോൾ
ഈസാ നബിയുടെ ജീവിതം വലിയൊരു നോവായി നമ്മുടെ മുന്നിൽ നിൽക്കും. ഒരറ്റത്ത് അദ്ദേഹത്തെ
കള്ളപ്രവാചകനെന്ന് വിളിച്ച് അപമാനിക്കാനും, അദ്ദേഹത്തിന്റെ പരിശുദ്ധയായ മാതാവ് മർയമിനെതിരെ ലോകം കണ്ടതിൽ
വെച്ച് ഏറ്റവും വലിയ അപവാദം പറഞ്ഞുപരത്താനും, ഒടുവിൽ അദ്ദേഹത്തെ കുരിശിലേറ്റി കൊന്നു എന്ന് അഹങ്കരിക്കാനും
ശ്രമിച്ച യഹൂദസമൂഹം. അവർ അദ്ദേഹത്തിന്റെ രക്തത്തിനായി ദാഹിച്ചവരായിരുന്നു.
എന്നാൽ മറ്റൊരറ്റത്ത് എന്താണ്
സംഭവിച്ചത്? ക്രൈസ്തവ സമൂഹം അദ്ദേഹത്തെ
അമിതമായി സ്നേഹിച്ചു. പക്ഷേ, ആ സ്നേഹം വലിയൊരു
അബദ്ധത്തിലേക്കാണ് അവരെ നയിച്ചത്. ദൈവത്തിന്റെ ദൂതനായ ഒരു പച്ചമനുഷ്യനെ അവർ ദൈവമാക്കി,
ദൈവത്തിന്റെ പുത്രനാക്കി. ലോകത്തിന്റെ പാപങ്ങൾ മുഴുവൻ
കഴുകിക്കളയാൻ വേണ്ടി ദൈവം സ്വന്തം . പുത്രനെ കുരിശിലേറ്റി ബലികൊടുത്തു എന്ന അവരുടെ
വിശ്വാസം എത്ര വലിയ വിരോധാഭാസമാണ്! പാപമില്ലാത്ത, സ്നേഹം മാത്രം പകർന്നുനൽകിയ ഒരു മഹാത്മാവിനെ കുരിശിലെ ചോരയൊലിക്കുന്ന
ഒരു രൂപമാക്കി അവർ മാറ്റി. അമിതമായ സ്നേഹം കൊണ്ട് അവർ അദ്ദേഹത്തിന്റെ യഥാർത്ഥ സന്ദേശത്തെ
അറിഞ്ഞുകൊണ്ട് കുഴിച്ചുമൂടുകയായിരുന്നു.
എന്നാൽ ഇസ്‌ലാം എത്ര മനോഹരമായാണ്
ആ മഹാത്മാവിനെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുക്കുന്നതെന്ന് നോക്കൂ. ലോകം അദ്ദേഹത്തെ
അപമാനിച്ചപ്പോഴും, അതിരുവിട്ട് സ്നേഹിച്ച്
ദൈവമാക്കിയപ്പോഴും, അദ്ദേഹത്തിന്റെ യഥാർത്ഥ
പരിശുദ്ധി ഇസ്‌ലാം ലോകത്തോട് ഉറക്കെ വിളിച്ചുപറഞ്ഞു. ഇല്ല, അദ്ദേഹം ക്രൂശിക്കപ്പെട്ടിട്ടില്ല, അപമാനിതനായിട്ടുമില്ല. രക്തം ചിന്തിയിട്ടുമില്ല. അല്ലാഹുവിന്
ഒരു പുത്രന്റെയോ ബലിയുടെയോ ആവശ്യമില്ല. പ്രതാപിയായ നാഥൻ ശത്രുക്കളുടെ കരങ്ങളിൽ നിന്ന്
തന്റെ പ്രിയപ്പെട്ട ദൂതനെ സ്വർഗ്ഗലോകത്തേക്ക് ആദരവോടെ ഉയർത്തുകയാണ് ചെയ്തത്.
അദ്ദേഹം എന്റെ സഹോദരനാണ്, അദ്ദേഹത്തോട് ഏറ്റവും അടുത്തവൻ ഞാനാണ് എന്ന് തിരുനബി (സ) പറയുമ്പോൾ,
അതൊരു ചരിത്രപരമായ സംരക്ഷണം കൂടിയാണ്. യഹൂദരുടെ
പകയിൽ നിന്നും ക്രൈസ്തവരുടെ അന്ധമായ വിശ്വാസങ്ങളിൽ നിന്നും ഈസാ നബിയെയും അദ്ദേഹത്തിന്റെ
മാതാവിനെയും പരിശുദ്ധരായി, അല്ലാഹുവിന്റെ ഏറ്റവും
പ്രിയപ്പെട്ട ദാസന്മാരായി ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയത് ഇസ്‌ലാമാണ്. ആ വലിയ
മനുഷ്യനോട് ഇതിലും മനോഹരമായി എങ്ങനെയാണ് ഒരാൾക്ക് നീതി പുലർത്താൻ കഴിയുക!
സത്യം എപ്പോഴും അങ്ങനെയാണ്;
അതിനെ കുരിശിലേറ്റാൻ ആർക്കും കഴിയില്ല, അത് കാലങ്ങളെ അതിജീവിച്ച് ആകാശത്തോളം ഉയർന്നുനിൽക്കുക
തന്നെ ചെയ്യും.
എളുപ്പമാക്കാം,
സന്തോഷം പകരാം
عَنْ أَبِي مُوسَى رَضِيَ اللَّهُ عَنْهُ،
أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: «يَسِّرُوا وَلاَ
تُعَسِّرُوا، وَبَشِّرُوا وَلاَ تُنَفِّرُوا» (صحيح البخاري)
അബൂമൂസ(റ) നിവേദനം: നബി(സ)
പറഞ്ഞു: "നിങ്ങൾ ജനങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുക്കുക, പ്രയാസമുണ്ടാക്കരുത്. അവർക്ക് സന്തോഷവാർത്ത അറിയിക്കുക,
അവരെ വെറുപ്പിക്കരുത്." (സ്വഹീഹ് ബുഖാരി)
മനുഷ്യരുടെ ജീവിതം പലപ്പോഴും ഒരുപാട് സങ്കടങ്ങളും പ്രയാസങ്ങളും കടമ്പകളും
നിറഞ്ഞതാണ്. നമ്മളായിട്ട് എന്തിനാണ് അവർക്ക് വീണ്ടും നൂലാമാലകൾ ഉണ്ടാക്കിക്കൊടുക്കുന്നത്?
ഒരാൾ ഒരു ആവശ്യവുമായി, അല്ലെങ്കിൽ ഒരു സങ്കടവുമായി നമ്മുടെ അടുത്തേക്ക് വരുമ്പോൾ,
നമ്മളാൽ കഴിയുന്നത്ര അത് എളുപ്പമാക്കിക്കൊടുക്കുക.
നിസ്സാരമാക്കാവുന്ന കാര്യങ്ങളെ ഊതിവീർപ്പിച്ച് വലുതാക്കി മനുഷ്യരെ ബുദ്ധിമുട്ടിക്കരുത്.
അത് ഭരണം നടത്തുന്നവരായാലും, ഓഫീസിൽ ഇരിക്കുന്നവരായാലും,
കുടുംബനാഥനായാലും അങ്ങനെ തന്നെയാവണം. മതത്തിന്റെ
കാര്യത്തിലാണെങ്കിലും കാർക്കശ്യങ്ങൾ പറഞ്ഞ് ആളുകളെ ഭയപ്പെടുത്തരുത്, മറിച്ച് അല്ലാഹുവിന്റെ വിശാലമായ കാരുണ്യത്തെക്കുറിച്ച്
പറഞ്ഞുകൊടുക്കുക.
പ്രവാചകൻ പറയുകയാണ്;
'നിങ്ങൾ സന്തോഷവാർത്തകൾ അറിയിക്കുക...' അതായത്, മനുഷ്യർക്ക് എപ്പോഴും പ്രതീക്ഷ നൽകുക. 'നിന്നെക്കൊണ്ട് പറ്റും', 'അല്ലാഹു കരുണാമയനാണ്, അവൻ പൊറുത്തുതരും', 'വിഷമിക്കേണ്ട, ഈ സങ്കടങ്ങളൊക്കെ മാറും' എന്നൊക്കെയുള്ള സ്നേഹം
നിറഞ്ഞ കുറച്ച് നല്ല വാക്കുകൾ. അതൊക്കെയല്ലേ മനുഷ്യർക്ക് വേണ്ടത്? അല്ലാതെ, എപ്പോഴും കുറ്റപ്പെടുത്തിയും ഭയപ്പെടുത്തിയും നമ്മളിൽ നിന്നും,
മതത്തിൽ നിന്നും, പടച്ചവനിൽ നിന്നും അവരെ അകറ്റരുത് (വെറുപ്പിക്കരുത്).
നമ്മുടെയൊക്കെ ഒരു ചിരി,
ചേർത്തുപിടിച്ചുള്ള ഒരു നല്ല വാക്ക്, അതൊരു വലിയ ആശ്വാസമാണ്. മതം എന്നത് ആളുകളെ വരിഞ്ഞുമുറുക്കി
ശ്വാസം മുട്ടിക്കാനുള്ളതല്ല, അത് മുറിവേറ്റ ഹൃദയങ്ങളെ
തുന്നിച്ചേർക്കാനുള്ളതാണ്. ഒരാൾക്ക് മുന്നിൽ ജീവിതത്തിന്റെ എല്ലാ വാതിലുകളും അടയുമ്പോൾ,
അവന് തുറന്ന് കൊടുക്കാൻ കഴിയുന്ന ആശ്വാസത്തിന്റെ
മറ്റൊരു വാതിലായി നമ്മൾ മാറണം. അതാണ് യഥാർത്ഥ വിശ്വാസിയുടെ ലക്ഷണം. നമ്മുടെ സാന്നിധ്യം
എപ്പോഴും മറ്റുള്ളവർക്ക് കുളിർമ നൽകുന്ന ഒരു തണലായിരിക്കണം, ഒരിക്കലും ചുട്ടുപൊള്ളുന്ന ഒരു ഭാരമാകരുത്...
വിട്ടുവീഴ്ചയുടെ സൗന്ദര്യം
عَنْ سَعِيدِ بْنِ الْمُسَيِّبِ، أَنَّهُ قَالَ: بَيْنَمَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
جَالِسٌ وَمَعَهُ أَصْحَابُهُ، وَقَعَ رَجُلٌ بِأَبِي بَكْرٍ فَآذَاهُ، فَصَمَتَ
عَنْهُ أَبُو بَكْرٍ، ثُمَّ آذَاهُ الثَّانِيَةَ فَصَمَتَ عَنْهُ أَبُو بَكْرٍ،
ثُمَّ آذَاهُ الثَّالِثَةَ فَانْتَصَرَ مِنْهُ أَبُو بَكْرٍ، فَقَامَ رَسُولُ
اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حِينَ انْتَصَرَ أَبُو بَكْرٍ، فَقَالَ
أَبُو بَكْرٍ: أَوَجَدْتَ عَلَيَّ يَا رَسُولَ اللَّهِ؟ فَقَالَ رَسُولُ اللَّهِ
صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «نَزَلَ مَلَكٌ مِنَ السَّمَاءِ يُكَذِّبُهُ
بِمَا قَالَ لَكَ، فَلَمَّا انْتَصَرْتَ وَقَعَ الشَّيْطَانُ، فَلَمْ أَكُنْ
لِأَجْلِسَ إِذْ وَقَعَ الشَّيْطَانُ »
(رواه أبو داود)
സഈദ് ബിൻ അൽ മുസയ്യിബ് (റ)
വിൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ റസൂൽ (സ്വ) തന്റെ അനുചരന്മാരോടൊപ്പം
ഇരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ അവിടെ വന്ന് അബൂബക്കർ (റ) നെ ചീത്ത വിളിക്കാനും ശകാരിക്കാനും
തുടങ്ങി. അബൂബക്കർ (റ) ഒന്നും മിണ്ടാതെ സഹിച്ചുനിന്നു. അയാൾ രണ്ടാമതും അധിക്ഷേപിച്ചപ്പോൾ
അബൂബക്കർ (റ) മൗനം പാലിച്ചു. എന്നാൽ അയാൾ മൂന്നാമതും അപമാനിച്ചപ്പോൾ അബൂബക്കർ (റ) അയാൾക്ക്
അതേ നാണയത്തിൽ മറുപടി നൽകി. അബൂബക്കർ (റ) മറുപടി പറഞ്ഞയുടനെ നബി (സ്വ) അവിടെനിന്ന്
എഴുന്നേറ്റുപോയി. അപ്പോൾ അബൂബക്കർ (റ) ചോദിച്ചു: "പ്രവാചകരേ, അങ്ങ് എന്നോട് കോപിച്ചുവോ?" നബി (സ്വ) പറഞ്ഞു: "നീ മിണ്ടാതിരുന്നപ്പോൾ
ആകാശത്തുനിന്ന് ഒരു മലക്ക് ഇറങ്ങിവന്ന് അയാൾ പറയുന്നതെല്ലാം നുണയാണെന്ന് നിനക്ക് വേണ്ടി
മറുപടി പറയുന്നുണ്ടായിരുന്നു. എന്നാൽ നീ അയാൾക്ക് തിരിച്ചു മറുപടി പറഞ്ഞപ്പോൾ അവിടെ
പിശാച് പ്രവേശിച്ചു. പിശാചുള്ള ഒരിടത്ത് ഇരിക്കാൻ എനിക്ക് കഴിയില്ല." (അബൂദാവൂദ്)
നമ്മുടെയൊക്കെ ജീവിതത്തിൽ
എത്രയോ തവണ കടന്നുപോയിട്ടുള്ള ഒരു സാഹചര്യമാണിത്. നമ്മൾ ഒരു തെറ്റും ചെയ്യാതിരിക്കുമ്പോൾ,
നമ്മളെ മനസ്സിലാക്കാത്ത ആളുകൾ വന്ന് നമ്മെ കുറ്റപ്പെടുത്തും,
പരിഹസിക്കും, ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിക്കും. അപ്പോൾ സ്വാഭാവികമായും
നമ്മുടെ ഉള്ളിലെ ചോര തിളക്കും. 'എനിക്കും നാവുണ്ട്,
എനിക്കും പ്രതികരിക്കാൻ അറിയാം' എന്ന് നമ്മുടെ ഈഗോ നമ്മളോട് വിളിച്ചുപറയും. അവിടെയാണ്,
കൃത്യം അവിടെയാണ് നമ്മൾ തോറ്റുപോവുന്നത്!
ഒന്ന് കണ്ണടച്ച് ആ സദസ്സിലേക്ക്
പോയി നോക്കൂ. ലോകത്തെ ഏറ്റവും മഹാനായ മനുഷ്യരിൽ ഒരാളായ അബൂബക്കർ സിദ്ദീഖ് (റ) ഇരിക്കുകയാണ്.
ചുറ്റും മറ്റ് സ്വഹാബികളുമുണ്ട്. അവരുടെ മുന്നിലിട്ടാണ് ഒരാൾ വന്ന് അദ്ദേഹത്തെ അധിക്ഷേപിക്കുന്നത്.
അബൂബക്കർ (റ) വിചാരിച്ചാൽ ഒറ്റ വാക്ക് കൊണ്ട് അയാളെ ഇല്ലാതാക്കാം. പക്ഷേ അദ്ദേഹം ക്ഷമിച്ചു.
രണ്ടു തവണയും മിണ്ടിയില്ല. പ്രവാചകൻ അത് കണ്ട് പുഞ്ചിരിക്കുകയായിരുന്നു. കാരണം,
ആ മൗനം വെറുമൊരു മൗനമായിരുന്നില്ല.
അബൂബക്കർ (റ) മിണ്ടാതിരുന്നപ്പോൾ,
ആകാശത്തുനിന്നും അല്ലാഹുവിന്റെ ഒരു മലക്ക് ഇറങ്ങിവന്ന്
അദ്ദേഹത്തിന് വേണ്ടി വാദിക്കുകയായിരുന്നു! "നീ പറയുന്നത് കള്ളമാണ്, അബൂബക്കർ അങ്ങനെയല്ല..." എന്ന് ആ മലക്ക് അയാൾക്ക്
മറുപടി നൽകുന്നുണ്ടായിരുന്നു. പടച്ചവന്റെ സൈന്യം നമുക്ക് വേണ്ടി കാവൽ നിൽക്കുന്ന ആ
നിമിഷം എത്ര മനോഹരമാണ്! നമ്മൾ മൗനം പാലിക്കുമ്പോൾ നമ്മുടെ അഭിമാനം സംരക്ഷിക്കാനുള്ള
ചുമതല പടച്ചവൻ ഏറ്റെടുക്കുകയാണ്.
പക്ഷേ, മൂന്നാമതും ആ മനുഷ്യൻ അപമാനിച്ചപ്പോൾ മനുഷ്യസഹജമായ
വികാരത്താൽ അബൂബക്കർ (റ) ഒന്നു തിരിച്ചടിച്ചു. അപ്പോൾ എന്തുസംഭവിച്ചു? പുഞ്ചിരിച്ചുകൊണ്ടിരുന്ന പ്രവാചകന്റെ മുഖം മാറി.
അവിടുന്ന് എഴുന്നേറ്റു നടന്നു. ചോദിച്ചപ്പോൾ പ്രവാചകൻ പറഞ്ഞ മറുപടി നമ്മുടെ നെഞ്ചിൽ
തറക്കേണ്ടതാണ്. "നീ പ്രതികരിച്ചപ്പോൾ അവിടെ പിശാച് വന്നു..."
എത്ര വലിയൊരു പാഠമാണിത്! നമ്മളെ
ഒരാൾ ചീത്തവിളിക്കുമ്പോൾ, നാം മൗനം പാലിച്ചാൽ
അവിടെ അല്ലാഹുവിന്റെ സഹായമുണ്ടാകും. എന്നാൽ നമ്മൾ നമ്മുടെ ഈഗോയുടെ പുറത്ത്,
ദേഷ്യത്തോടെ തിരിച്ചടിക്കാൻ പോയാൽ, പടച്ചവന്റെ ആ സഹായം അവിടെവെച്ച് അവസാനിക്കുകയാണ്.
പിന്നെ അവിടെ കളിക്കുന്നത് പിശാചാണ്. അതിരുകൾ ലംഘിക്കാനും, ബന്ധങ്ങൾ തകർക്കാനും, ഉള്ളിലെ സമാധാനം മുഴുവൻ ഇല്ലാതാക്കാനും അവൻ ആ തർക്കം വലുതാക്കും.
പ്രതികാരം മനുഷ്യനെ നീതിയുടെ അതിർവരമ്പുകൾ കടത്തുകയും അത് പിശാചിന് വഴിയൊരുക്കുകയും
ചെയ്യും.
നമ്മൾ വിചാരിക്കുന്നത് മറുപടി
പറയുമ്പോഴാണ് നമ്മൾ ജയിക്കുന്നത് എന്നാണ്. അല്ല പ്രിയപ്പെട്ടവരേ... നമ്മൾ മിണ്ടാതിരിക്കുമ്പോഴാണ്
നമ്മൾ ശരിക്കും ജയിക്കുന്നത്. ആരോടും പകയില്ലാതെ, പ്രതികാരമില്ലാതെ, വിട്ടുവീഴ്ചയുടെ ആ വലിയ ആകാശത്തേക്ക് നമുക്കും ഒന്ന് വളരാൻ കഴിഞ്ഞിരുന്നെങ്കിൽ!
ഈ കൊച്ചു ജീവിതത്തിൽ എന്തിനാണിത്ര തർക്കങ്ങൾ? എല്ലാം റബ്ബിന് വിട്ടുകൊടുത്ത് ഒന്നു പുഞ്ചിരിച്ചു നോക്കൂ...
ഹൃദയത്തിന് വല്ലാത്തൊരു ശാന്തത കൈവരുന്നത് നിങ്ങൾക്ക് കാണാം.
ഉത്തമമായ ദാനം
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: يَا رَسُولَ اللَّهِ، أَيُّ الصَّدَقَةِ أَعْظَمُ أَجْرًا؟ قَالَ: «أَنْ تَصَدَّقَ وَأَنْتَ صَحِيحٌ شَحِيحٌ تَخْشَى الفَقْرَ، وَتَأْمُلُ الغِنَى، وَلاَ تُمْهِلُ حَتَّى إِذَا بَلَغَتِ الحُلْقُومَ، قُلْتَ لِفُلاَنٍ كَذَا، وَلِفُلاَنٍ كَذَا وَقَدْ كَانَ لِفُلاَنٍ» (رواه البخاري ومسلم)
അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: ഒരാൾ നബി(സ)യുടെ അടുക്കൽ വന്നു ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, ഏറ്റവും വലിയ പ്രതിഫലം ലഭിക്കുന്ന സ്വദഖ (ദാനം) ഏതാണ്?" അവിടുന്ന് മറുപടി പറഞ്ഞു: "നീ ആരോഗ്യവാനായിരിക്കുമ്പോഴും, (സമ്പത്തിനോട്) ആർത്തിയുള്ളവനായിരിക്കുമ്പോഴും, ദാരിദ്ര്യത്തെ ഭയക്കുകയും സമ്പന്നതയെ ആഗ്രഹിക്കുകയും ചെയ്യുന്ന അവസ്ഥയിൽ നൽകുന്ന ദാനമാണത്. ജീവൻ തൊണ്ടക്കുഴിയിൽ എത്തുന്നതുവരെ നീ അത് നീട്ടിവെക്കരുത്. മരണസമയത്ത് 'ഇയാൾക്ക് ഇത്ര, മറ്റേയാൾക്ക് ഇത്ര' എന്ന് നീ പറയരുത്. അപ്പോഴേക്കും അത് മറ്റുള്ളവരുടേതായി (അനന്തരാവകാശികളുടെതായി) മാറിക്കഴിഞ്ഞിട്ടുണ്ടാകും." (സ്വഹീഹുൽ ബുഖാരി: 1419, സ്വഹീഹ് മുസ്‌ലിം: 1032)
മനുഷ്യന്റെ മനസ്സ് വല്ലാത്തൊരു പ്രഹേളികയാണ്. നമുക്ക് നല്ല ആരോഗ്യവും ചുറുചുറുക്കുമുള്ളപ്പോൾ, നാളെയെക്കുറിച്ച് വലിയ സ്വപ്നങ്ങളുള്ളപ്പോൾ, നമ്മൾ സമ്പത്ത് വാരിക്കൂട്ടി വെക്കാൻ പരക്കം പായും. "ഇനിയും വേണം, ഇനിയും വേണം" എന്നൊരു ആർത്തിയാണപ്പോൾ നമുക്ക്. നാളെ എനിക്ക് വയ്യാതായാലോ, അപ്രതീക്ഷിതമായി ഒരു ദാരിദ്ര്യം കടന്നുവന്നാലോ എന്നൊക്കെയുള്ള പേടി നമ്മുടെ ഉള്ളിലിരുന്ന് നമ്മെക്കൊണ്ട് സഞ്ചി നിറപ്പിക്കും.
അങ്ങനെയുള്ള ആ ഒരു സമയമുണ്ടല്ലോ... ജീവിക്കാൻ വല്ലാത്ത കൊതിയും പണത്തോട് അതിയായ ആർത്തിയുമുള്ള ആ കാലം... ആ സമയത്ത്, സ്വന്തം ആവശ്യങ്ങളെ മാറ്റിനിർത്തിക്കൊണ്ട്, വേദനിക്കുന്ന മറ്റൊരു മനുഷ്യന്റെ കണ്ണുനീരൊപ്പാൻ നമ്മുടെ പോക്കറ്റിൽ നിന്ന് ഒരു സംഖ്യ നമ്മൾ എടുത്തു കൊടുക്കുന്നുണ്ടെങ്കിൽ... അതാണ് പ്രിയപ്പെട്ടവരെ ഏറ്റവും വലിയ പുണ്യം! അതാണ് ഏറ്റവും ഉത്തമമായ ദാനം എന്ന് മുത്ത് നബി (സ) നമ്മെ പഠിപ്പിക്കുകയാണ്.
മരണക്കിടക്കയിൽ വെച്ച്, 'ഇനി ഈ സ്വത്തൊന്നും എനിക്ക് അനുഭവിക്കാൻ കഴിയില്ല' എന്ന് ഉറപ്പാകുന്ന സമയത്ത് കോടികൾ ദാനം ചെയ്യുന്നതിലല്ല കാര്യം. അപ്പോഴേക്കും ആ സ്വത്ത് നിങ്ങളുടെ കൈവിട്ടുപോയി, അത് നിങ്ങളുടെ അവകാശികളുടേതായി മാറിക്കഴിഞ്ഞു. ഉപയോഗിക്കാൻ കഴിയാത്തത് ഒഴിവാക്കുന്നതിലല്ല, മറിച്ച് നമുക്ക് ഏറ്റവും ആവശ്യമുള്ളത് പകുത്തു നൽകുന്നതിലാണ് ത്യാഗം.
ജീവിതത്തിന്റെ നിറവസന്തത്തിൽ, സമ്പത്തിനോട് വല്ലാത്ത കൊതിയുള്ള സമയത്ത്, നാളത്തെ ദാരിദ്ര്യത്തെ ഭയക്കുന്ന ആ നിമിഷത്തിൽ, എല്ലാം പടച്ചവനിൽ ഭരമേൽപ്പിച്ച് നാം നൽകുന്ന ആ ഒരു ചെറിയ ദാനമുണ്ടല്ലോ... അതിനാണ് അല്ലാഹുവിന്റെയടുത്ത് ഏറ്റവും വലിയ വിലയുള്ളത്.
അതെ,സമ്പന്നൻ നൽകുന്ന 1000 രൂപയേക്കാൾ ദരിദ്രൻ നൽകുന്ന 10 രൂപക്കാണ് അല്ലാഹുവിന്റെ മുമ്പിൽ വിലയുള്ളത്.
നൽകുന്ന സംഖ്യയുടെ വലിപ്പത്തിലേക്കല്ല; നൽകാനുള്ള മനസ്സിന്റെ വലിപ്പത്തിലേക്കാണ് പടച്ചവന്റെ നോട്ടം.