Sunday, 8 July 2018

അറിവിന്‍ തീരം - 2

🔵 മക്കളെ ചുംബിക്കുക


عَنْ أَبِي هُرَيْرَةَ رضى الله عنه: قَالَ: قَبَّلَ رَسُولُ اللَّهِ (ﷺ) الْحَسَنَ بْنَ عَلِيٍّ وَعِنْدَهُ الأَقْرَعُ بْنُ حَابِسٍ التَّمِيمِيُّ جَالِسًا‏.‏ فَقَالَ الأَقْرَعُ إِنَّ لِي عَشَرَةً مِنَ الْوَلَدِ مَا قَبَّلْتُ مِنْهُمْ أَحَدًا‏.‏ فَنَظَرَ إِلَيْهِ رَسُولُ اللَّهِ (ﷺ) ثُمَّ قَالَ ‏ "‏ مَنْ لاَ يَرْحَمُ لاَ يُرْحَمُ ‏


അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം:

ഒരിക്കല്‍ നബി (ﷺ) അലി (റ) ന്‍റെ മകന്‍ ഹസന്‍ (റ) നെ (തന്‍റെ പേരക്കുട്ടി) ചുംബിച്ചു. അഖ്റഅ' ബിന്‍ ഹാബിസ് തമീമി എന്നൊരാള്‍ ആ സമയം അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ഈ കാഴ്ച കണ്ട അഖ്റഅ~ നബി (ﷺ) യോട് പറഞ്ഞു : എനിക്ക് പത്ത് മക്കളുണ്ട് , അതിലൊരാളെപ്പോലും ഞാന്‍ ചുംബിച്ചിട്ടില്ല . ഇത് കേട്ട നബി (ﷺ) അദ്ദേഹത്തെ നോക്കിക്കൊണ്ട് പറഞ്ഞു : കരുണ ചെയ്യാത്തവര്‍ക്ക് കാരുണ്യം ലഭിക്കുകയില്ല

(സ്വഹീഹുല്‍ ബുഖാരി : കിതാബുല്‍ അദബ്)

🔵 തുമ്മലും കോട്ടുവായും


عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ (ﷺ) قَالَ ‏ "‏ إِنَّ اللَّهَ يُحِبُّ الْعُطَاسَ وَيَكْرَهُ التَّثَاؤُبَ، فَإِذَا عَطَسَ أَحَدُكُمْ وَحَمِدَ اللَّهَ كَانَ حَقًّا عَلَى كُلِّ مُسْلِمٍ سَمِعَهُ أَنْ يَقُولَ لَهُ يَرْحَمُكَ اللَّهُ‏.‏ وَأَمَّا التَّثَاؤُبُ فَإِنَّمَا هُوَ مِنَ الشَّيْطَانِ، فَإِذَا تَثَاوَبَ أَحَدُكُمْ فَلْيَرُدَّهُ مَا اسْتَطَاعَ، فَإِنَّ أَحَدَكُمْ إِذَا تَثَاءَبَ ضَحِكَ مِنْهُ الشَّيْطَانُ


അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു:

നിശ്ചയം അല്ലാഹു തുമ്മലിനെ ഇഷ്ടപ്പെടുകയും കോട്ടുവായ് വെറുക്കുകയും ചെയ്യുന്നു. നിങ്ങളിലാരെങ്കിലും തുമ്മുകയും (അല്‍ഹംദു ലില്ലാ എന്ന്) അല്ലാഹുവിനെ സ്തുദിക്കുകയും ചെയ്‌താല്‍ അത് കേട്ട മുഴുവന്‍ മുസ്‌ലിംകളുടെയും ബാധ്യതയാണ് അവനു വേണ്ടി ‘’ യര്‍ഹമുക്കല്ലാഹ്” (അല്ലാഹു നിനക്ക് കരുണ ചെയ്യട്ടെ) എന്ന് പ്രാര്ത്ഥിക്കൽ.

എന്നാല്‍ കോട്ടുവായ് പിശാചില്‍ നിന്നുള്ളതാണ്. നിങ്ങളിലാരെങ്കിലും കോട്ടുവായ് ഇടുകയാണെങ്കില്‍ സാധ്യമാകുന്നത്ര അതിനെ തടഞ്ഞു നിര്‍ത്തട്ടെ (കൈ കൊണ്ട് വായ മൂടണം). നിങ്ങള്‍ കോട്ടുവായ് ഇടുമ്പോള്‍ പിശാച് ചിരിക്കുന്നുണ്ട്

(സ്വഹീഹുല്‍ ബുഖാരി : കിതാബുല്‍ അദബ്)

🔵 ജുമുഅ ദിനത്തിന്‍റെ പ്രത്യേകതകൾ


عن أوس بن أوس : عن النبي (ﷺ) قال :  إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ ، فِيهِ خُلِقَ آدَمُ عَلَيْهِ السَّلَام ، وَفِيهِ قُبِضَ ، وَفِيهِ النَّفْخَةُ ، وَفِيهِ الصَّعْقَةُ ، فَأَكْثِرُوا عَلَيَّ مِنْ الصَّلَاةِ فَإِنَّ صَلَاتَكُمْ مَعْرُوضَةٌ عَلَيَّ ، قَالُوا : يَا رَسُولَ اللَّهِ ، وَكَيْفَ تُعْرَضُ صَلاتُنَا عَلَيْكَ وَقَدْ أَرَمْتَ -أَيْ يَقُولُونَ قَدْ بَلِيتَ- قَالَ : إِنَّ اللَّهَ عَزَّ وَجَلَّ قَدْ حَرَّمَ عَلَى الأَرْضِ أَنْ تَأْكُلَ أَجْسَادَ الأَنْبِيَاءِ عَلَيْهِمْ السَّلام 

ഔസ് ബിന്‍ ഔസ് (റ) ല്‍ നിന്ന് നിവേദനം : നബി (ﷺ) പറഞ്ഞു :

നിങ്ങളുടെ ദിവസങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായത് വെള്ളിയാഴ്ച ദിവസമാകുന്നു. ആദം (അ) യെ സൃഷ്ടിക്കപ്പെട്ടതും , അദ്ദേഹം മരണപ്പെട്ടതും , കാഹളത്തില്‍  ഒന്നാമതും രണ്ടാമതും  ഊതപ്പെടുന്നതും  ആ ദിവസത്തിലാണ്. അന്നേ ദിവസം നിങ്ങള്‍ എന്‍റെ മേല്‍ സ്വലാത്ത് അധികരിപ്പിക്കുക. നിശ്ചയം നിങ്ങളുടെ സ്വലാത്ത് എനിക്ക് വെളിവാക്കപ്പെടുന്നതാണ്. സ്വഹാബത്ത് ചോദിച്ചു : അല്ലാഹുവിന്‍റെ റസൂലേ , താങ്കള്‍ മണ്ണില്‍ ലയിച്ചതിനു ശേഷം എങ്ങിനെയാണത് താങ്കള്‍ക്ക് വെളിവാക്കപ്പെടുക ? നബി(ﷺ) പറഞ്ഞു : തീര്‍ച്ചയായും അമ്പിയാക്കളുടെ ശരീരം ഭൂമി തിന്നുന്നതിനെ അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു.

(സുനനു അബീദാവൂദ് : കിത്താബു സ്വലാത്ത്)

🔵 ജുമുഅ ദിനത്തില്‍ ശ്രദ്ധിക്കേണ്ടത്


عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ جَاءَ سُلَيْكٌ الْغَطَفَانِيُّ يَوْمَ الْجُمُعَةِ وَرَسُولُ اللَّهِ (ﷺ) يَخْطُبُ فَجَلَسَ فَقَالَ لَهُ ‏ "‏ يَا سُلَيْكُ قُمْ فَارْكَعْ رَكْعَتَيْنِ وَتَجَوَّزْ فِيهِمَا - ثُمَّ قَالَ - إِذَا جَاءَ أَحَدُكُمْ يَوْمَ الْجُمُعَةِ وَالإِمَامُ يَخْطُبُ فَلْيَرْكَعْ رَكْعَتَيْنِ وَلْيَتَجَوَّزْ فِيهِمَا

 ‏
ജാബിര്‍ ബിന്‍ അബ്ദില്ലാ (റ) ല്‍ നിന്ന് നിവേദനം : ഒരു ജുമുഅ ദിവസം സുലൈക്കുല്‍ ഗത്ഫാനി (റ) കയറിവന്നു. ആ സമയം നബി (ﷺ) ഖുതുബ നിര്‍വഹിക്കുകയായിരുന്നു. അദ്ദേഹം പള്ളിയില്‍ ഇരുന്നു. അപ്പോള്‍ നബി (ﷺ) അദ്ദേഹത്തോട് പറഞ്ഞു : അല്ലയോ സുലൈക് , എഴുന്നേറ്റ് രണ്ട് റക്അത്ത് നമസ്കരിക്കുക , അത് ലഘൂകരിക്കുകയും ചെയ്യുക (ചുരുങ്ങിയ സമയം കൊണ്ട് നിര്‍വഹിക്കുക)

(സ്വഹീഹ് മുസ്‌ലിം : 875, കിതാബുല്‍ ജുമുഅ)

🍃 (പള്ളിയില്‍ കയറിയാല്‍ നിര്‍വഹിക്കേണ്ട രണ്ട് റക്അത്ത് തഹിയ്യത്തിന്‍റെ പ്രാധാന്യമാണ് ഈ ഹദീസില്‍ നിന്നും വ്യക്തമാകുന്നത്. തഹിയ്യത്തിനു പുറമെ ജുമുഅക്ക് മുമ്പ് റവാത്തിബ് സുന്നത്ത് ഇല്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്)

🔵 ജുമുഅക്ക് അല്പം നേരത്തെയാകട്ടെ


عَنْ أَبِي هُرَيْرَةَ، قَالَ قَالَ النَّبِيُّ (ﷺ)‏ "‏ إِذَا كَانَ يَوْمُ الْجُمُعَةِ، وَقَفَتِ الْمَلاَئِكَةُ عَلَى باب الْمَسْجِدِ يَكْتُبُونَ الأَوَّلَ فَالأَوَّلَ، وَمَثَلُ الْمُهَجِّرِ كَمَثَلِ الَّذِي يُهْدِي بَدَنَةً، ثُمَّ كَالَّذِي يُهْدِي بَقَرَةً، ثُمَّ كَبْشًا، ثُمَّ دَجَاجَةً، ثُمَّ بَيْضَةً، فَإِذَا خَرَجَ الإِمَامُ طَوَوْا صُحُفَهُمْ، وَيَسْتَمِعُونَ الذِّكْرَ ‏"‏‏


അബൂ ഹുറൈറ (റ) ല്‍ നിന്ന് നിവേദനം : നബി (ﷺ) പറഞ്ഞു :
ജുമുഅ ദിവസം ആയിക്കഴിഞ്ഞാല്‍ പള്ളിയുടെ കവാടത്തില്‍ മലക്കുകള്‍ നില്‍ക്കും. ആദ്യമാദ്യം വരുന്നവരെ അവര്‍ രേഖപ്പെടുത്തും. 

ആദ്യസമയത്ത് വരുന്നവര്‍ ഒട്ടകത്തെ ദാനം നല്കിയവരെപ്പോലെയും, പിന്നെ വരുന്നവര്‍ പശുവിനെ ദാനം നല്‍കിയവരെ പോലെയും , പിന്നെ വരുന്നവര്‍ ആടിനെ ദാനം നല്‍കിയവരെ പോലെയും, പിന്നെ വരുന്നവര്‍ കോഴിയെ ദാനം നല്‍കിയവരെ പോലെയും, പിന്നെ വരുന്നവര്‍ മുട്ട ദാനം നല്കിയവരെപ്പോലെയുമാകുന്നു.

അങ്ങിനെ ഇമാം ഖുതുബക്കായി പുറപ്പെട്ടു കഴിഞ്ഞാല്‍ അവര്‍ ഏടുകള്‍ മടക്കി വെക്കുകയും ഖുതുബ ശ്രദ്ധിക്കുകയും ചെയ്യും.

(സ്വഹീഹുല്‍ ബുഖാരി : 929 -  കിതാബുല്‍ ജുമുഅ)

📜 (ജുമുഅ ദിനത്തില്‍ നേരത്തെ പള്ളിയിലേക്ക് പുറപ്പെടുന്നതിന്‍റെ മഹത്വമാണ് ഈ ഹദീസ് നല്‍കുന്ന സന്ദേശങ്ങളില്‍ ഒന്ന്. വെള്ളിയാഴ്ച സുബ്ഹി കഴിഞ്ഞുള്ള സമയം മുതൽ ഖത്വീബ്  മിമ്പറിലേക്ക് പുറപ്പെടുന്നതിനു മുമ്പ് വരെയുള്ള സമയത്തെ അഞ്ചു ഘട്ടങ്ങളായിട്ടാണ്  നബി (ﷺ)  തിരിച്ചിട്ടുള്ളത്.  ആ സമയങ്ങളില്‍ വരുന്നവര്‍ക്കുള്ള പ്രതിഫലത്തെക്കുറിച്ചും ഹദീസില്‍ പരാമര്‍ശമുണ്ട് )

🔵 വിശ്വാസിക്കൊരു സന്തോഷ വാര്‍ത്ത


عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ قَالَ رَسُولُ اللَّهِ )ﷺ( ‏ مَا مِنْ مُسْلِمٍ يَمُوتُ يَوْمَ الْجُمُعَةِ أَوْ لَيْلَةَ الْجُمُعَةِ إِلاَّ وَقَاهُ اللَّهُ فِتْنَةَ الْقَبْرِ ‏) ‏ ‏

അബ്ദുല്ലാഹിബ്നു അമ്ര്  (റ) വില്‍ നിന്ന് നിവേദനം :

നബി (ﷺ)പറഞ്ഞു : വെള്ളിയാഴ്ച ദിവസം രാവിലോ പകലിലോ ഒരു മുസ്‌ലിം മരണപ്പെട്ടാല്‍ , ഖബ് റിലെ പരീക്ഷണങ്ങളില്‍ നിന്നും അല്ലാഹു അവനെ സംരക്ഷിക്കാതിരിക്കുകയില്ല.

 (സുനനു തുര്‍മുദി : 1074 , കിതാബുല്‍ ജനാഇസ്)

💡 (മനസ്സറിയാതെ , കേവലം നാവ് കൊണ്ട് മാത്രം മുസ്‌ലിമാണ് എന്ന് പറയുന്ന ആളുകളെ സംബന്ധിച്ചല്ല ഈ ഹദീസില്‍ പരാമര്‍ശിക്കുന്നത്.  അല്ലാഹുവിലും, റസൂലിലും, അന്ത്യദിനത്തിലുമൊക്കെ വിശ്വസിക്കേണ്ടത് പോലെ വിശ്വസിക്കുകയും , ശിര്‍ക്കും ബിദ്അത്തുമൊക്കെ ചെയ്ത് കൂട്ടിയിട്ടുണ്ടെങ്കില്‍ അതില്‍ നിന്നെല്ലാം വിരമിച്ച് പശ്ചാത്തപിച്ച് പരിശുദ്ധരാവുകയും ചെയ്ത ആളുകള്‍ക്കാണ് ഈ സൗഭാഗ്യം ലഭിക്കുക എന്ന് ഈ ഹദീസിന്‍റെ വിശദീകരണത്തില്‍ നിന്നും , മറ്റ് ഹദീസുകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്)

🔵 ഒട്ടകമാംസം വുദൂഅ' മുറിക്കും


عَنْ جَابِرِ بْنِ سَمُرَةَ رَضِيَ اللهُ عَنْهُ أنَّ رَجُلاً سَألَ رَسُولَ الله (ﷺ) أأتَوَضَّأ مِنْ لُحُومِ الغَنَمِ؟ قال:  إِنْ شِئْتَ، فَتَوَضَّأْ. وَإِنْ شِئْتَ، فَلا تَوَضَّأْ : قال: أتَوَضَّأ مِنْ لُحُومِ الإبِلِ؟ قال: نَعَمْ فَتَوَضَّأْ مِنْ لُحُومِ الإبِلِ


ജാബിര്‍ ബിന്‍ സമുറ (റ) നിവേദനം:

ഒരാള്‍ നബി (ﷺ) യോട് ചോദിച്ചു , ആടിന്‍റെ മാംസം കഴിച്ചാല്‍ ഞാന്‍ വുദൂഅ' ചെയ്യേണ്ടതുണ്ടോ ? നബി (ﷺ) പറഞ്ഞു : നീ ഉദ്ദേശിക്കുന്നുവെങ്കില്‍ വുദൂഅ~ ചെയ്യാം, ഇല്ലെങ്കില്‍ വേണ്ടതില്ല. അപ്പോള്‍ ആ മനുഷ്യന്‍ ചോദിച്ചു :
ഒട്ടകത്തിന്‍റെ മാംസം കഴിച്ചാല്‍ ഞാന്‍ വുദൂഅ' ചെയ്യേണ്ടതുണ്ടോ ? നബി (ﷺ) പറഞ്ഞു : ഒട്ടകമാംസം കഴിച്ചാല്‍ നീ വുദൂഅ' ചെയ്യണം.

(സ്വഹീഹ് മുസ്‌ലിം : കിതാബ് ത്വഹാറത്ത്)

🔵 എത്തിനോട്ടം പാടില്ല


عَنْ سَهْلِ بْنِ سَعْدٍ قَالَ اطَّلَعَ رَجُلٌ مِنْ جُحْرٍ فِي حُجَرِ النَّبِيِّ (ﷺ وَمَعَ النَّبِيِّ صلى الله عليه وسلم مِدْرًى يَحُكُّ بِهِ رَأْسَهُ فَقَالَ ‏ "‏ لَوْ أَعْلَمُ أَنَّكَ تَنْظُرُ لَطَعَنْتُ بِهِ فِي عَيْنِكَ، إِنَّمَا جُعِلَ الاِسْتِئْذَانُ مِنْ أَجْلِ الْبَصَرِ

 ‏
സഹ്ല്‍ ബിന്‍ സഅ’ദ് (റ) ല്‍ നിന്ന് നിവേദനം:

ഒരാള്‍ നബി (ﷺ)യുടെ വീടിനുള്ളിലേക്ക് എത്തിനോക്കി. തല ചീകിക്കൊണ്ടിരുന്ന ഇരുമ്പിന്‍റെ ഒരു ചീര്‍പ്പ് നബി (ﷺ)യുടെ കൈവശം ഉണ്ടായിരുന്നു. നബി (ﷺ) അയാളോട് പറഞ്ഞു : നീ നോക്കുന്നത് ഞാന്‍ അറിഞ്ഞിരുന്നുവെങ്കില്‍  ഈ ചീര്‍പ്പ് വെച്ച് നിന്‍റെ കണ്ണില്‍ ഞാന്‍ കുത്തുമായിരുന്നു. നിശ്ചയമായും അനുവാദം ചോദിക്കല്‍ നിയമമാക്കപ്പെട്ടിരിക്കുന്നത് തന്നെ കണ്ണിന്‍റെ കാരണത്താലാണ്.

(സ്വഹീഹുല്‍ ബുഖാരി : കിതാബുല്‍ ഇസ്തിഅ’ദാന്‍)


🌹 (അന്യരുടെ വീടിനുള്ളിലേക്ക് എത്തിനോക്കാന്‍ പാടില്ല, അനുവാദം ചോദിക്കുമ്പോള്‍ പോലും വീട്ടിനുള്ളിലെ കാഴ്ചകള്‍ കാണാൻ സാധ്യത ഉള്ളതിനാൽ, വാതിലിന്‍റെ മുന്‍ഭാഗത്ത് നില്‍ക്കരുതെന്നും നിര്‍ദ്ദേശമുണ്ട്)

 🔵 ചില വിലക്കുകള്‍

عَنِ اَلْمُغِيرَةِ بْنِ شُعْبَةٍ ‏- رضى الله عنه ‏- عَنْ رَسُولِ اَللَّهِ (ﷺ)‏ قَالَ: إِنَّ اَللَّهَ حَرَّمَ عَلَيْكُمْ عُقُوقَ اَلْأُمَّهَاتِ, وَوَأْدَ اَلْبَنَاتِ, وَمَنْعًا وَهَاتِ, وَكَرِهَ لَكُمْ قِيلَ وَقَالَ, وَكَثْرَةَ اَلسُّؤَالِ وَإِضَاعَةَ اَلْمَالِ ‏


മുഗീറത്ത് ബിന്‍ ശുഅ’ബ (റ)ല്‍ നിന്ന് നിവേദനം:

നബി (ﷺ) പറഞ്ഞു : തീര്‍ച്ചയായും മാതാപിതാക്കളെ ദ്രോഹിക്കലും، പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടലും، അവകാശപ്പെട്ടത് കൊടുക്കാതിരിക്കലും، അവകാശപ്പെടാത്തത് ചോദിച്ചു വാങ്ങലും، കണ്ടതും കേട്ടതുമൊക്കെ പറയലും، ചോദ്യം അധികരിപ്പിക്കലും، ധനം പാഴാക്കിക്കളയലും، അല്ലാഹു നിങ്ങള്‍ക്ക്  നിഷിദ്ധമാക്കിയിരിക്കുന്നു

(സ്വഹീഹുല്‍ ബുഖാരി :5975, സ്വഹീഹ് മുസ്ലിം: 593)

🔵 പള്ളിയില്‍ പാടില്ലാത്തത് 

عن أبي هُرَيْرَةَ رضي الله عنه  يَقُولُ :  قَالَ رَسُولُ اللَّهِ (ﷺ)‏ :  مَنْ سَمِعَ رَجُلاً يَنْشُدُ ضَالَّةً فِي الْمَسْجِدِ فَلْيَقُلْ لاَ رَدَّهَا اللَّهُ عَلَيْكَ فَإِنَّ الْمَسَاجِدَ لَمْ تُبْنَ لِهَذَا


അബൂഹുറൈറ (റ) യില്‍ നിന്ന് നിവേദനം :  നബി (ﷺ) പറഞ്ഞു: നഷ്ടപ്പെട്ടുപോയ ഒരു വസ്തുവിനെക്കുറിച്ച്  ഒരാള്‍ പള്ളിയില്‍ അന്വേഷിക്കുന്നതായി ആരെങ്കിലും  കേട്ടാല്‍ ; അല്ലാഹു നിനക്കത് തിരിച്ചു തരാതിരിക്കട്ടെ എന്ന് അയാളോടായി അവന്‍ പറയട്ടെ؛ നിശ്ചയം പള്ളികള്‍ അതിന് വേണ്ടി നിര്‍മിക്കപ്പെട്ടിട്ടുള്ളതല്ല.

 (സ്വഹീഹ് മുസ്‌ലിം : 568  കിതാബുല്‍ മസാജിദ്)

🍃 പള്ളിയിലോ പുറത്തോ നഷ്ടപ്പെട്ട വസ്തുവിനെക്കുറിച്ച് പള്ളിയിൽ വെച്ച് ആളുകളോട് ചോദിക്കുന്നതിനെ ഈ ഹദീസ് വിലക്കുന്നുണ്ട്.

 എന്നാൽ  നഷ്ടപ്പെട്ട സാധനം, ആളുകളോട് ചോദിക്കാതെ പള്ളിയിൽ തിരയുന്നതിന് വിലക്കൊന്നുമില്ല.

🔵 നര നന്മയാണ്


  عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ قَالَ رَسُولُ اللَّهِ (ﷺ)‏"‏ لاَ تَنْتِفُوا الشَّيْبَ مَا مِنْ مُسْلِمٍ يَشِيبُ شَيْبَةً فِي الإِسْلاَمِ ‏ ‏"‏ إِلاَّ كَانَتْ لَهُ نُورًا يَوْمَ الْقِيَامَةِ ‏"‏ ‏.‏ وَقَالَ فِي حَدِيثِ يَحْيَى ‏"‏ إِلاَّ كَتَبَ اللَّهُ لَهُ بِهَا حَسَنَةً وَحَطَّ عَنْهُ بِهَا خَطِيئَةً

 ‏
അംറു ബിന്‍ ശുഐബ് (റ) ല്‍ നിന്ന് നിവേദനം : നബി  (ﷺ)  പറഞ്ഞു : നരച്ച മുടി നിങ്ങള്‍ പറിക്കരുത്. മുസ്‌ലിമായ മനുഷ്യന്‍റെ നര അവന് അന്ത്യനാളില്‍ വെളിച്ചമായിരിക്കും. ഈ ഹദീസിന്‍റെ മറ്റൊരു റിപ്പോര്‍ട്ടിലുള്ളത് നര കാരണമായി നന്മകള്‍ രേഖപ്പെടുത്തപ്പെടുകയും , തിന്മകള്‍ മായ്ക്കപ്പെ ടുകയും ചെയ്യുമെന്നാണ്.

(അബൂദാവൂദ് : 4202 – കിതാബ് തറജ്ജുല്‍)

🔵 അശരണരെ സഹായിക്കുക


عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ(ﷺ) ‏ "‏ إِنَّ اللَّهَ عَزَّ وَجَلَّ يَقُولُ يَوْمَ الْقِيَامَةِ يَا ابْنَ آدَمَ مَرِضْتُ فَلَمْ تَعُدْنِي ‏.‏ قَالَ يَا رَبِّ كَيْفَ أَعُودُكَ وَأَنْتَ رَبُّ الْعَالَمِينَ ‏.‏ قَالَ أَمَا عَلِمْتَ أَنَّ عَبْدِي فُلاَنًا مَرِضَ فَلَمْ تَعُدْهُ أَمَا عَلِمْتَ أَنَّكَ لَوْ عُدْتَهُ لَوَجَدْتَنِي عِنْدَهُ يَا ابْنَ آدَمَ اسْتَطْعَمْتُكَ فَلَمْ تُطْعِمْنِي ‏.‏ قَالَ يَا رَبِّ وَكَيْفَ أُطْعِمُكَ وَأَنْتَ رَبُّ الْعَالَمِينَ ‏.‏ قَالَ أَمَا عَلِمْتَ أَنَّهُ اسْتَطْعَمَكَ عَبْدِي فُلاَنٌ فَلَمْ تُطْعِمْهُ أَمَا عَلِمْتَ أَنَّكَ لَوْ أَطْعَمْتَهُ لَوَجَدْتَ ذَلِكَ عِنْدِي يَا ابْنَ آدَمَ اسْتَسْقَيْتُكَ فَلَمْ تَسْقِنِي ‏.‏ قَالَ يَا رَبِّ كَيْفَ أَسْقِيكَ وَأَنْتَ رَبُّ الْعَالَمِينَ قَالَ اسْتَسْقَاكَ عَبْدِي فُلاَنٌ فَلَمْ تَسْقِهِ أَمَا إِنَّكَ لَوْ سَقَيْتَهُ وَجَدْتَ ذَلِكَ عِنْدِي


അബൂ ഹുറൈറ (റ) ല്‍ നിന്ന് നിവേദനം : നബി (ﷺ) പറഞ്ഞു: തീര്‍ച്ചയായും അന്ത്യനാളില്‍ അല്ലാഹു തആല പറയും : അല്ലയോ മനുഷ്യാ , ഞാന്‍ രോഗിയായപ്പോള്‍ നീയെന്നെ സന്ദര്‍ശിച്ചില്ല ، അയാള്‍ ചോദിക്കും : ലോക രക്ഷിതാവായവനേ, നിന്നെ എങ്ങിനെയാണ് ഞാന്‍ സന്ദര്‍ശിക്കുക?
അല്ലാഹു പറയും : എന്‍റെ ദാസന്മാരിലൊരാള്‍ രോഗിയായത് നീയറിഞ്ഞിരു ന്നില്ലേ ? എന്നിട്ടും നീയവനെ സന്ദര്‍ശിച്ചില്ലല്ലോ, അവനെ നീ സന്ദര്‍ശിച്ചിരു ന്നുവെങ്കില്‍ എന്നെ നിനക്കവിടെ കണ്ടെത്താമായിരുന്നു. അല്ലയോ മനുഷ്യാ , ഞാന്‍ നിന്നോട് ഭക്ഷണം ചോദിച്ചു , നീയെന്നെ ഭക്ഷിപ്പിച്ചില്ല . അയാള്‍ ചോദിക്കും: ഞാന്‍ എങ്ങിനെയാണ് നിന്നെ ഭക്ഷിപ്പിക്കുക , നീ ലോക രക്ഷിതാവല്ലയോ ?

എന്‍റെയൊരു ദാസന്‍ നിന്നോട് ഭക്ഷണം ചോദിച്ചിട്ട് നീ  കൊടുക്കാതിരുന്നത് നീ അറിഞ്ഞിട്ടില്ലേ ? അയാളെ നീ ഭക്ഷിപ്പിച്ചിരുന്നുവെങ്കില്‍ അത് എന്‍റെയരികില്‍ നീ കണ്ടെത്തുമായിരുന്നു. അല്ലയോ മനുഷ്യാ , ഞാന്‍ നിന്നോട് വെള്ളം ചോദിച്ചു പക്ഷേ നീയെനിക്ക് വെള്ളം നല്‍കിയില്ല
ലോകരക്ഷിതാവായ നിനക്ക് എങ്ങിനെയാണ് ഞാന്‍ വെള്ളം തരിക ?
അല്ലാഹു പറയും: എന്‍റെയൊരു ദാസന്‍ നിന്നോട് വെള്ളം ചോദിച്ചപ്പോള്‍ അയാള്‍ക്ക് നീ കൊടുത്തില്ല. നിശ്ചയം, നീ അയാള്‍ക്ക് വെള്ളം നല്‍കിയി രുന്നെങ്കില്‍ അത് എനിക്കരികില്‍ നീ കാണുമായിരുന്നു.  

(സ്വഹീഹ് മുസ്‌ലിം : 2569 , കിതാബുല്‍ ബിര്രി വസ്സ്വിലത്തി വല്‍ ആദാബ്)

🔵 വുദുവിന്റെ ശേഷമുള്ള പ്രാർത്ഥനയുടെ മഹത്വം


عن عُمَر رضي الله عنه قَالَ : قَالَ رَسُولَ اللَّهِ  (ﷺ) : ( مَا مِنْكُمْ مِنْ أَحَدٍ يَتَوَضَّأُ فَيُبْلِغُ أَوْ فَيُسْبِغُ الْوَضُوءَ ثُمَّ يَقُولُ : أَشْهَدُ أَنْ لا إِلَهَ إِلا اللَّهُ وَحْدَهُ لا شَرِيكَ لَهُ ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ إِلَّا فُتِحَتْ لَهُ أَبْوَابُ الْجَنَّةِ الثَّمَانِيَةُ يَدْخُلُ مِنْ أَيِّهَا شَاء (زاد الترمذي : ( اللَّهُمَّ اجْعَلْنِي مِنْ التَّوَّابِينَ وَاجْعَلْنِي مِنْ الْمُتَطَهِّرِينَ)


ഉമര്‍ (റ)ല്‍ നിന്ന് നിവേദനം: നബി (ﷺ)പറഞ്ഞു: ഒരാള്‍ പരിപൂര്‍ണ്ണമായ നിലയില്‍ വുദു ചെയ്തു. എന്നിട്ട് അയാള്‍ വുദുവിന് ശേഷം

أَشْهَدُ أَنْ لا إِلَهَ إِلا اللَّهُ وَحْدَهُ لا شَرِيكَ لَهُ ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ


(ഇമാം തുര്‍മുദിയുടെ റിപ്പോര്‍ട്ട് പ്രകാരം)

   اللَّهُمَّ اجْعَلْنِي مِنْ التَّوَّابِينَ وَاجْعَلْنِي مِنْ الْمُتَطَهِّرِين

അല്ലാഹുവേ പശ്ചാത്തപിക്കുന്നവരിലും,പരിശുദ്ധി പ്രാപിക്കുന്നവരിലും എന്നെ നീ ഉള്‍പ്പെടുത്തേണമേ , എന്ന് കൂടിയുണ്ട്) എന്ന് പ്രാർത്ഥിച്ചാൽ സ്വര്‍ഗത്തിന്‍റെ എട്ട് കവാടങ്ങളും അയാള്‍ക്ക് വേണ്ടി തുറക്കപ്പെടാതിരി
ക്കുകയില്ല. അവന്‍ ഉദ്ദേശിക്കുന്ന വാതിലിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യും

(സ്വഹീഹ് മുസ്‌ലിം: 235 ,   സുനൻ തുര്‍മുദി: 55, കിതാബുല്‍ ഫദാഇല്‍)

🔵 വെള്ള വസ്ത്രമാണ് ശ്രേഷ്ഠം


عَنْ سَمُرَةَ رضي الله عنه قَالَ ، قَالَ قَالَ رَسُولُ اللَّهِ (ﷺ) ‏ "‏ عَلَيْكُمْ بِالْبَيَاضِ مِنَ الثِّيَابِ فَلْيَلْبَسْهَا أَحْيَاؤُكُمْ وَكَفِّنُوا فِيهَا مَوْتَاكُمْ فَإِنَّهَا مِنْ خَيْرِ ثِيَابِكُمْ


സമുറ (റ) ല്‍ നിന്ന് നിവേദനം: റസൂല്‍  (ﷺ) പറഞ്ഞു:

നിങ്ങള്‍ വെള്ള വസ്ത്രം ധരിക്കുക. നിങ്ങളില്‍ നിന്ന് മരണപ്പെട്ടവരെ അതുകൊണ്ട് കഫനും ചെയ്യുക. അതാണ് നിങ്ങളുടെ വസ്ത്രങ്ങളിലുത്തമം.

(സുനനുന്നസാഈ:5323, കിതാബുസ്സീനത്തി മിനസ്സുനൻ)

🔵 അവയവങ്ങളില്‍ വെള്ളം ചേരാതിരിക്കരുത്


عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ رَجَعْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم مِنْ مَكَّةَ إِلَى الْمَدِينَةِ حَتَّى إِذَا كُنَّا بِمَاءٍ بِالطَّرِيقِ تَعَجَّلَ قَوْمٌ عِنْدَ الْعَصْرِ فَتَوَضَّئُوا وَهُمْ عِجَالٌ فَانْتَهَيْنَا إِلَيْهِمْ وَأَعْقَابُهُمْ تَلُوحُ لَمْ يَمَسَّهَا الْمَاءُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ وَيْلٌ لِلأَعْقَابِ مِنَ النَّارِ أَسْبِغُوا الْوُضُوءَ ‏"‏ ‏


അബ്ദുല്ലാഹിബ്നു അമ്ര്  (റ) വില്‍ നിന്ന് നിവേദനം : മക്കയില്‍ നിന്നും മദീനയിലേക്ക് നബി  (ﷺ) യോടൊപ്പം ഞങ്ങള്‍ മടങ്ങുകയായിരുന്നു. യാത്രക്കിടയില്‍ വെള്ളമുള്ള ഒരു സ്ഥലത്ത് ഞങ്ങള്‍ എത്തി.

അസര്‍ നമസ്കാരത്തിന്‍റെ സമയമായതിനാല്‍ ധൃതിയില്‍ വുദു ചെയ്യുന്ന കുറച്ച് ആളുകളെ ഞങ്ങള്‍ അവിടെ കണ്ടു. അവരുടെ മടമ്പുകാലുകളില്‍ വെള്ളം ചേര്‍ന്നിട്ടുണ്ടായിരുന്നില്ല. നബി  (ﷺ) അവരോടായി പറഞ്ഞു :
മടമ്പുകാലുകള്‍ക്ക് നരകശിക്ഷയുണ്ട്. നിങ്ങള്‍ വുദൂ പൂര്‍ത്തിയാക്കുക.

(സ്വഹീഹ് മുസ്ലിം : 241- കിതാബ് ത്വഹാറത്ത്)

🔵 അതിര് കവിയരുത് , അത് വുദൂവിലായാലും


 عَنْ عَبْدِ اللَّهِ بْنِ عَمْرٍو رضي الله عنه :  أنَّ النبيَّ ﷺ مرَّ بسعدٍ وهو يتوضأُ فقال ما هذا السَّرفُ يا سعدُ قال أفي الوضوءِ سرفٌ قال نعم وإن كنتَ على نهَرِ جارٍ 


അബ്ദുല്ലാഹിബ്നു അമ്ര്  (റ) വില്‍ നിന്ന് നിവേദനം : സഅദ്  (റ) വുദൂ ചെയ്യുന്ന അവസരത്തില്‍  നബി (ﷺ) അദ്ദേഹത്തിന്നരികിലൂടെ നടന്നു പോയി.
അപ്പോള്‍  നബി (ﷺ) അദ്ദേഹത്തോട് പറഞ്ഞു : എന്താണ്  സഅദേ നീ വുദുവില്‍ (വെള്ളത്തില്‍) ധൂര്‍ത്ത് കാണിക്കുന്നത് ? സഅദ്  (റ) ചോദിച്ചു : വുദൂവിലും ധൂര്‍ത്ത് ഉണ്ടോ ? നബി (ﷺ) പറഞ്ഞു : അതേ , നീ വെള്ളം ഒഴുകുന്ന പുഴയിലാണെങ്കില്‍ പോലും (ധൂര്‍ത്ത് പാടില്ല)

(ഇബ്നു മാജ: 419, സിൽസിലത്തു സ്വഹീഹ : 7/860)

🕹 (ദുര്‍വ്യയത്തിനെതിരെ ഖുര്‍ആനും സുന്നത്തും നടത്തിയ സമഗ്രമായ ബോധവത്കരണത്തെ സാമ്പത്തിക മേഖലയിലും , വിവാഹ മേഖലയിലും മാത്രം ഒതുക്കുന്നത് ശരിയല്ല. അവയുടെ വ്യത്യസ്ഥ മാനങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യമാകും. അല്ലാഹുവും റസൂലും 'നിങ്ങള്‍ ധൂര്‍ത്തും ദുര്‍വ്യയവും നടത്തരുത്' എന്നു പറയുമ്പോള്‍ ജീവിതത്തിന്റെ ഒരു മേഖലയിലും അവ പാടില്ല എന്നാണ് അതിന്റെ ഉദ്ദേശ്യം. ധൂര്‍ത്തിനും ദുര്‍വ്യയത്തിനുമെതിരെ ബോധവത്കരണം നടത്തുമ്പോള്‍ ആ ബഹുമുഖ ഊന്നല്‍ ശ്രദ്ധിക്കേണ്ടതുണ്ട്).

🔵 ഗ്രഹണ സമയത്ത് വിശ്വാസികള്‍ ചെയ്യേണ്ടത്


عَنْ أَبِي بَكْرَةَ، قَالَ خَسَفَتِ الشَّمْسُ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم فَخَرَجَ يَجُرُّ رِدَاءَهُ حَتَّى انْتَهَى إِلَى الْمَسْجِدِ، وَثَابَ النَّاسُ إِلَيْهِ فَصَلَّى بِهِمْ رَكْعَتَيْنِ، فَانْجَلَتِ الشَّمْسُ فَقَالَ ‏ "‏ إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ، وَإِنَّهُمَا لاَ يَخْسِفَانِ لِمَوْتِ أَحَدٍ، وَإِذَا كَانَ ذَاكَ فَصَلُّوا وَادْعُوا حَتَّى يُكْشَفَ مَا بِكُمْ ‏"‏‏.‏ وَذَاكَ أَنَّ ابْنًا لِلنَّبِيِّ صلى الله عليه وسلم مَاتَ، يُقَالُ لَهُ إِبْرَاهِيمُ، فَقَالَ النَّاسُ فِي ذَاكَ‏


അബൂ ബക്റത് (റ) വില്‍ നിന്ന് നിവേദനം : നബി (ﷺ) യുടെ കാലഘട്ടത്തില്‍ സൂര്യന് ഗ്രഹണം ബാധിച്ചു .തന്‍റെ ഉടുതുണി നിലത്ത് വലിയുന്ന വിധത്തില്‍ (ധൃതി കാരണത്താല്‍) നബി (ﷺ) പള്ളിയിലേക്ക് പുറപ്പെട്ടു. ജനങ്ങള്‍ നബി (ﷺ)യുടെ അരികിലേക്ക് ഓടിയെത്തി. അവരെയും കൂട്ടി നബി (ﷺ) രണ്ട് റക്അത്ത് നമസ്കരിച്ചു. ഗ്രഹണം നീങ്ങി സൂര്യന്‍ തെളിഞ്ഞു. എന്നിട്ട് നബി (ﷺ) പറഞ്ഞു : തീര്‍ച്ചയായും സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ട രണ്ട് ദൃഷ്ടാന്തങ്ങളാകുന്നു. തീർച്ച, ആരുടെയെങ്കിലും മരണം കാരണമായി അതിന് ഗ്രഹണം ബാധിക്കുകയില്ല. അവയ്ക്ക് ഗ്രഹണം ബാധിച്ചു കഴിഞ്ഞാല്‍ ഗ്രഹണം മാറുന്നത് വരെ നിങ്ങള്‍ നമസ്കരിക്കുകയും പ്രാര്ത്ഥിക്കുകയും ചെയ്യുക. നബി (ﷺ) യുടെ മകന്‍ ഇബ്രാഹിം മരണപ്പെട്ട ദിവസം സൂര്യന് ഗ്രഹണം ബാധിച്ചു. അന്ന് ആളുകള്‍ പറഞ്ഞു : പ്രവാചക പുത്രന്റെ മരണ കാരണത്താലാണ് സൂര്യന് ഗ്രഹണം ബാധിച്ചതെന്ന്. അപ്പോളാണ് നബി (ﷺ) ഇപ്രകാരം ചെയ്തത്.
(സ്വഹീഹുല്‍ ബുഖാരി : 1063, കിതാബുല്‍ കുസൂഫ്)

🌖 (മഹാനായ ഒരു വ്യക്തിയുടെ ജനനവുമായോ, മരണവുമായോ ഗ്രഹണത്തിന് ബന്ധമുണ്ടെന്നായിരുന്നു അജ്ഞാന കാലത്ത് നിലനിന്നിരുന്ന അന്ധവിശ്വാസം. ലോകത്ത് സുപ്രധാനമായ മാറ്റം വരുത്താന്‍ അതിന് സാധിക്കുമെന്ന് ചിലര്‍ വിശ്വസിച്ചിരുന്നു. സൂര്യനെയും ചന്ദ്രനെയും ആദരവോടെ വീക്ഷിക്കുകയും അവയ്ക്ക് മഹത്വമുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരും അവരിലുണ്ടായിരുന്നു.  അതിനാല്‍ തന്നെ ചിലര്‍ സൂര്യ-ചന്ദ്രന്മാരെ ആരാധിക്കുകയും അവയ്ക്ക് ദൈവികത കല്‍പിക്കുകയും ചെയ്തു. ഇത്തരം അബദ്ധ ജഡിലമായ വിശ്വാസങ്ങളെ ഇസ്‌ലാം നിരാകരിക്കുന്നു.
തന്‍റെ മകന്‍ മരിച്ച ദുഃഖത്തില്‍ പ്രപഞ്ചം പങ്കുചേര്‍ന്നതാണ് ഗ്രഹണ കാരണമെന്ന് ചില നിഷ്‌കളങ്കരായ അനുയായികള്‍ പ്രചരിപ്പിച്ചു. പ്രവാചകന് (ﷺ) വേണമെങ്കില്‍ അത് തനിക്കുള്ള ക്രെഡിറ്റായി കരുതി മൗനമവലംബിക്കാമായിരുന്നു. പക്ഷേ അതിനെ നിഷേധിച്ച് മിമ്പറില്‍ കയറിയിട്ടാണ് പ്രവാചകന്‍ (ﷺ) ഈ പ്രഖ്യാപനം നടത്തിയത്.
ഇസ്‌ലാമിന്റെ യഥാര്‍ഥ ആത്മീയത വഴിതെറ്റാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുക കൂടിയാണ് നബി (ﷺ) ഇതിലൂടെ ചെയ്തത്)

🔵 പൂച്ച ശുദ്ധിയുള്ള ജീവിയാണ് 


عَنْ كَبْشَةَ بِنْتِ كَعْبِ بْنِ مَالِكٍ، - وَكَانَتْ تَحْتَ ابْنِ أَبِي قَتَادَةَ - أَنَّ أَبَا قَتَادَةَ، دَخَلَ فَسَكَبَتْ لَهُ وَضُوءًا فَجَاءَتْ هِرَّةٌ فَشَرِبَتْ مِنْهُ فَأَصْغَى لَهَا الإِنَاءَ حَتَّى شَرِبَتْ قَالَتْ كَبْشَةُ فَرَآنِي أَنْظُرُ إِلَيْهِ فَقَالَ أَتَعْجَبِينَ يَا ابْنَةَ أَخِي فَقُلْتُ نَعَمْ ‏.‏ فَقَالَ إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ إِنَّهَا لَيْسَتْ بِنَجَسٍ إِنَّهَا مِنَ الطَّوَّافِينَ عَلَيْكُمْ وَالطَّوَّافَاتِ ‏"‏ 

കബ്ഷ (റ) യില്‍ നിന്ന് നിവേദനം : 

തന്‍റെ ഭര്‍ത്താവായ അബൂ ഖതാദ (റ) കടന്നു വന്നപ്പോള്‍ അദ്ദേഹത്തിന് വുദൂ ചെയ്യുവാനുള്ള വെള്ളം അവര്‍ എടുത്ത് വെച്ചു. അപ്പോള്‍ ഒരു പൂച്ച വന്ന് ആ പാത്രത്തില്‍ നിന്നും വെള്ളം കുടിക്കാന്‍ തുടങ്ങി.  പൂച്ചക്ക് സൗകര്യമായി കുടിക്കുന്നതിനു വേണ്ടി അദ്ദേഹം ആ പാത്രം ചെരിച്ച് പിടിച്ചു കൊടുത്തു. കബ്ഷ (റ) പറയുന്നു : എന്നെ നോക്കിക്കൊണ്ട് അദ്ദേഹം ചോദിച്ചു : എന്‍റെ സഹോദര പുത്രീ , നിനക്ക് അദ്ഭുതം  തോന്നുന്നുണ്ടോ ? ഞാന്‍ പറഞ്ഞു : അതേ !  അപ്പോള്‍ അദ്ദേഹം പറഞ്ഞു : നിശ്ചയം , നബി (ﷺ) പറഞ്ഞിട്ടുണ്ട് : പൂച്ച നജസ് ( മാലിന്യം) അല്ല. അവ നിങ്ങള്‍ക്കിടയില്‍ ധാരാളമായി ചുറ്റിപ്പറ്റി ജീവിക്കുന്നവയാണ്. 

(സുനന്‍ അബൂദാവൂദ് : 75, കിത്താബ് ത്വഹാറത്)

💥 (പൂച്ച കുടിച്ച വെള്ളമോ , തൊട്ട പാത്രമോ ഒന്നും നജസാകുന്നില്ല എന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത് . അതിന് കാരണമായി നബി (ﷺ) പറഞ്ഞത് : അവ നിങ്ങള്‍ക്കിടയില്‍ ചുറ്റിനടക്കുന്നവയാണ് എന്നാണ്. ഇത്തരത്തിലുള്ള ജീവികള്‍ക്കും ,  നജസാണെന്ന് പ്രത്യേകം പഠിപ്പിക്കപ്പെടാത്തതുമായ ജീവികള്‍ക്കെല്ലാം ഈ നിയമം ബാധകമാണ്)

🔵 അവഗണിക്കരുത് ഒരു സുന്നത്തിനേയും


عن أَبِي هُرَيْرَةَ ، أَنّ رَسُولَ اللَّهِ (ﷺ) مَرَّ بِقَبْرٍ ، فَقَالَ : " مَنْ صَاحِبُ هَذَا الْقَبْرِ ؟ " فَقَالُوا : فُلانٌ ، فَقَالَ : " رَكْعَتَانِ أَحَبُّ إِلَى هَذَا مِنْ بَقِيَّةِ دُنْيَاكُمْ " 

അബൂ ഹുറൈറ(റ) നിവേദനം:

നബി (ﷺ) ഒരിക്കല്‍ ഒരു ഖബ് റിനരികിലൂടെ നടന്നു പോയി. അവിടുന്ന് ചോദിച്ചു: ആരുടെ ഖബ് റാണിത്  ? അവര്‍ (സ്വഹാബികള്‍) പറഞ്ഞു: അത് ഇന്നയാളുടെ ഖബ്റാണ്. പ്രവാചകന്‍ (ﷺ) പറഞ്ഞു: "രണ്ട് റക്അത്ത് നമസ്ക്കാരം തനിക്ക് ലഭിക്കലായിരിക്കും, ഭൗതിക ലോകത്ത് നിങ്ങൾക്കുള്ള ഏതിനെക്കാളും ഈ ഖബ്റാളി ഇപ്പോള്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് "

(ത്വബ് റാനി : ബാബുല്‍ അലിഫ്)   

☘ (മരണശേഷം ബര്സഖി ഘട്ടം മുതലങ്ങോട്ട്  മനുഷ്യര്‍ ആഗ്രഹിക്കുകയും കൊതിക്കുകയും ചെയ്യുന്നത് സല്കര്മങ്ങളെയാണ്. മരണം വന്നെത്തുമ്പോള്‍ സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ വേണ്ടി ഇനിയും ഒരവസരം കൂടി ചോദിക്കുന്ന ആളുകള്‍ ഉണ്ടാകുമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. പക്ഷേ അതൊരു വൃഥാ ചോദ്യമാണെന്ന് അല്ലാഹു പറയുന്നു. ചുരുക്കത്തില്‍,  ഈ ആയുസ്സില്‍ ഉള്ള അവസരം മാത്രമേ ഓരോരുത്തര്‍ക്കും ലഭ്യമാകൂ. കിട്ടുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്താതെ സല്കര്‍മങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്)

🔵 ശുദ്ധീകരണ രീതി

عن أم الفضل لبابة بنت الحارث قالت : { بال الحسين بن علي في حجر النبي صلى الله عليه وسلم فقلت : يا رسول الله أعطني ثوبك والبس ثوبا غيره حتى أغسله فقال : إنما ينضح من بول الذكر ويغسل من بول الأنثى } 

ഉമ്മുല്‍ ഫദ്’ല്‍ ലുബാബ (റ) നിവേദനം :

 അലി (റ) ന്‍റെ മകന്‍ ഹുസൈന്‍ (റ) ഒരിക്കല്‍ നബി (ﷺ) യുടെ മടിത്തട്ടില്‍ മൂത്രമൊഴിച്ചു. പ്രവാചകരേ ആ വസ്ത്രം ഇങ്ങോട്ട് തന്നിട്ട് മറ്റൊരു വസ്ത്രം ധരിക്കൂ എന്ന് ഞാന്‍ (ഉമ്മുല്‍ ഫദ്’ല്‍) നബി (ﷺ) യോട് പറഞ്ഞു. അപ്പോള്‍ നബി (ﷺ) പറഞ്ഞു: നിശ്ചയം , ആണ്‍കുട്ടിയുടെ മൂത്രത്തില്‍ വെള്ളം കുടഞ്ഞാല്‍ മതിയാകുന്നതാണ്. പെണ്‍കുട്ടിയുടെ മൂത്രമാണെങ്കില്‍ കഴുകുകയും ചെയ്യണം.

(സുനൻ ഇബ്നുമാജ: 522- കിതാബ് ത്വഹാറത്ത് വ സുനനിഹാ)

💥 (രണ്ട് വയസ്സില്‍ താഴെയുള്ളതും , മുലപ്പാല്‍ അല്ലാത്ത മറ്റ് ആഹാരമൊന്നും കഴിക്കാത്തതുമായ ആണ്‍കുട്ടിയുടെ മൂത്രം ആയാല്‍ അത് ശുദ്ധീകരിക്കാന്‍ കഴുകേണ്ടതില്ല. പകരം അതിന് മുകളില്‍ കുറച്ച് വെള്ളം കുടഞ്ഞാല്‍ മാത്രം മതിയാകുന്നതാണ്. എന്നാല്‍ പെണ്കുട്ടിയുടെ മൂത്രം ശുദ്ധീകരിക്കാന്‍ ഇങ്ങനെ ചെയ്‌താല്‍ പോരാ. അതിന് കഴുകുക തന്നെ വേണം.)

🔵 ഉറങ്ങും മുമ്പ് 


عن الْبَرَاء بْن عَازِبٍ، قَالَ قَالَ لِي رَسُولُ اللَّهِ (ﷺ) ‏"‏ إِذَا أَتَيْتَ مَضْجَعَكَ فَتَوَضَّأْ وُضُوءَكَ لِلصَّلاَةِ ثُمَّ اضْطَجِعْ عَلَى شِقِّكَ الأَيْمَنِ وَقُلِ اللَّهُمَّ أَسْلَمْتُ وَجْهِي إِلَيْكَ وَفَوَّضْتُ أَمْرِي إِلَيْكَ وَأَلْجَأْتُ ظَهْرِي إِلَيْكَ رَهْبَةً وَرَغْبَةً إِلَيْكَ لاَ مَلْجَأَ وَلاَ مَنْجَى مِنْكَ إِلاَّ إِلَيْكَ آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وَبِنَبِيِّكَ الَّذِي أَرْسَلْتَ ‏"‏ ‏.‏ قَالَ ‏"‏ فَإِنْ مِتَّ مِتَّ عَلَى الْفِطْرَةِ وَاجْعَلْهُنَّ آخِرَ مَا تَقُولُ ‏"‏ ‏

ബറാഅ’ ബിന്‍ ആസിബ് (റ) ല്‍ നിന്ന് നിവേദനം: നബി (ﷺ) എന്നോട് പറഞ്ഞു : ഉറങ്ങുന്നതിനായി വിരിപ്പിലേക്ക് പോകുന്നതിന് മുമ്പ് നമസ്കാരത്തിന്  വുദൂ ചെയ്യുന്നത് പോലെ നീ വുദൂ ചെയ്യണം . വലത് ഭാഗം ചെരിഞ്ഞാണ്‌ നീ കിടക്കേണ്ടത്. ‘’അല്ലാഹുമ്മ അസ്ലംതു നഫ് സീ ” ..... എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന നിര്‍വഹിക്കണം. ഈപ്രാര്‍ത്ഥനയായിരിക്കണം ഉറങ്ങുന്നതിന് മുമ്പുള്ള നിന്‍റെ അവസാനത്തെ സംസാരം. ഇതൊക്കെ ചെയ്ത് നീ ഉറങ്ങുകയും ആ ഉറക്കത്തില്‍ നീ മരണപ്പെടുകയുമാണെങ്കില്‍ ശുദ്ധ പ്രകൃതിയിലുള്ള മരണമായിരിക്കും നിന്റേത്.

(സുനന്‍ അബീദാവൂദ് : 5046 – കിതാബുല്‍ ആദാബ്)

(ഒരു മുസ്‌ലിം ഉറങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ചില കാര്യങ്ങള്‍ മാത്രമാണ് ഈ ഹദീസിലെ ഉള്ളടക്കം. ദന്ത ശുദ്ധീകരണം, വുദു, ആയത്തുല്‍ കുര്‍സിയ്യ്‌, ആമന റസൂല്‍, തസ്ബീഹ്, തഹ് മീദ്, തക്ബീര്‍ , ഇഖ്‌ലാസ്، മുഅവ്വിദാത്  പാരായണവും , കൈകളില്‍ ഊതി ശരീരം തടവലും തുടങ്ങി പല കാര്യങ്ങളും ഉറങ്ങുന്നതിന് മുമ്പ് നിര്‍വഹിക്കണം എന്ന് നബി (ﷺ) പഠിപ്പിച്ചിട്ടുണ്ട്)

🔵 കഷ്ടപ്പെടുന്നവര്‍ക്ക് കൈത്താങ്ങാകുക 


عن أبي هريرة رضي الله عنه، عن النبي )ﷺ( قال‏:‏ ‏ "‏من نفس عن مؤمن كربة من كرب الدنيا، نفس الله عنه كربة من كرب يوم القيامة، ومن يسر على معسر يسر الله عليه في الدنيا والآخرة، ومن ستر مسلمًا ستره الله في الدنيا والآخرة، والله في عون العبد ما كان العبد في عون أخيه، ومن سلك طريقًا يلتمس فيه علمًا سهل الله له طريقًا إلى الجنة‏.‏ وما اجتمع قوم في بيت من بيوت الله تعالى، يتلون كتاب الله، ويتدارسونه بينهم إلا نزلت عليهم السكينة، وغشيتهم الرحمة، وحفتهم الملائكة، وذكرهم الله فيمن عنده‏.‏ ومن بطأ به عمله لم يسرع به نسبه‏"‏


അബൂ ഹുറൈറ (റ) ല്‍ നിന്ന് നിവേദനം : നബി (ﷺ)പറഞ്ഞു :- 

വിശ്വാസിയായ ആള്‍ക്ക് ഇഹലോകത്ത് വെച്ചുള്ള ഒരു പ്രയാസത്തില്‍ നിന്ന് ആരെങ്കിലും ആശ്വാസം നല്‍കിയാല്‍ പരലോകത്ത് വെച്ച് അവരുടെയൊരു പ്രയാസം അല്ലാഹു നീക്കി കൊടുക്കുന്നതാണ്.  ബുദ്ധിമുട്ട് അനുഭവിക്കുന്നവന് ആരെങ്കിലും എളുപ്പം ഉണ്ടാക്കികൊടുത്താല്‍ ഇഹലോകത്തും പരലോകത്തും അല്ലാഹു അവര്‍ക്ക് എളുപ്പം നല്‍കുന്നതാണ്. ഒരു മുസ്‌ലിമിന്‍റെ പോരായ്മകള്‍ ആരെങ്കിലും മറച്ചു വെച്ചാല്‍ അവരുടെ ന്യൂനതകള്‍ ഇഹലോകത്തും പരലോകത്തും അല്ലാഹു മൂടി വെക്കും. അല്ലാഹു തന്‍റെയൊരു ദാസനെ സഹായിച്ചുകൊണ്ടേയിരിക്കും, അവന്‍ തന്‍റെ സഹോദരനെ സഹായിക്കുമ്പോളെല്ലാം.ആരെങ്കിലും അറിവ് അന്വേഷിച്ച് പുറപ്പെട്ടാല്‍ അവനു സ്വര്‍ഗത്തിലേക്കുള്ള വഴി അല്ലാഹു എളുപ്പമാക്കി കൊടുക്കും. 
അല്ലാഹുവിന്‍റെ ഗ്രന്ഥം പാരായണം ചെയ്യുന്നതിനും പഠിക്കുന്നതിനും വേണ്ടി പള്ളിയില്‍ ഒരുമിച്ച് കൂടുന്ന ആളുകള്‍ , അവര്‍ക്ക് മേല്‍ സമാധാനമിറങ്ങുകയും , അവരെ കാരുണ്യം മൂടുകയും ,മലക്കുകള്‍ അവരെ പൊതിയുകയും , തന്‍റെ സന്നിധിയിലുള്ള മലക്കുകളോട്‌ അല്ലാഹു അവരെക്കുറിച്ച് പറയുകയും ചെയ്യുന്നതാണ്. 
സല്‍ പ്രവൃത്തികളില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ ,  തറവാട് മഹിമയുടെ പേരില്‍ അവര്‍ ഒരിക്കലും മുന്നിലെത്തുകയില്ല.

(സ്വഹീഹ് മുസ്‌ലിം : 245 , കിതാബുല്‍ മുഖദ്ദിമാത്)

🔖 (പല വിഷയങ്ങളിലേക്കും  ഈ ഹദീസ് വെളിച്ചം വീശുന്നു , അശരണര്‍ക്ക് അത്താണിയാകുന്നതിന്‍റെ മഹത്വമാണ് ഒന്നാമത്തെ വിഷയം. മനുഷ്യനോ , മറ്റു ജീവജാലങ്ങളോ ഏതുമാകട്ടെ  ജീവനുള്ള വസ്തുക്കളോട് കാണിക്കുന്ന ഏത് ദയാവായ്പും പ്രതിഫലാര്‍ഹമാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. നല്ല അറിവ് നേടാന്‍ പരിശ്രമിക്കുന്നവര്‍ക്കുള്ള മഹത്വമാണ് രണ്ടാമത് പറഞ്ഞത്. 

നല്ല കര്‍മങ്ങള്‍ കൊണ്ടല്ലാതെ തറവാടിത്തത്തിന്‍റെ പേരിലൊന്നും ഒരാള്‍ക്കും പരലോക രക്ഷ സാധ്യമല്ലെന്നും ഈ തിരുവചനം ഉണര്‍ത്തുന്നു)
                                                        ••••••┈•✿❁✿•┈••••••




No comments:

Post a Comment