Wednesday, 8 March 2017

പോട്ടെ...! സാരമില്ല....!

"നമ്മുടെ വീടുകളിലെ കൊച്ചു കുഞ്ഞുങ്ങൾ വല്ല അബദ്ധവും ചെയ്തു പോയാൽ അവർക്ക് വളരെ ദയനീയമായി നമ്മുടെ കണ്ണുകളിലേക്കൊരു നോട്ടമുണ്ട്..

ഒരു ഗ്ലാസ് വീണുടഞ്ഞാൽ അല്ലെങ്കിൽ പാൽ തൂകി പോയാൽ വീട്ടിലെ സാധനങ്ങൾ കേടുവരുത്തിയാൽ കുഞ്ഞുങ്ങളെ അടിക്കുകയും തെറി വിളിക്കുകയും ചെയ്യുന്നതിന് പകരം .....

പോട്ടെ...! സാരമില്ല...! എന്ന് പറഞ്ഞ് സമാധാനിപ്പിച്ച് വാരിയെടുത്തൊരു ഉമ്മ കൊടുക്കണം!!

അതിന് നമ്മളിൽ എത്ര പേർക്ക് കഴിയും???

അങ്ങിനെ ചെയ്യുമ്പോൾ കുഞ്ഞുങ്ങളിൽ ഉണ്ടാവുന്ന ഒരു സുരക്ഷിത ബോധമുണ്ട്.

അതാണ് അവരെ ധീരരും സൽസ്വഭാവികളുമാക്കുക!

പൊട്ടിയ ഗ്ലാസും തൂകിയ പാലും കേട് വന്ന സാധനങ്ങളും നമ്മുക്ക് വാങ്ങിച്ചെടുക്കാൻ കഴിയും.....

എന്നാൽ നമ്മൾ വഴക്ക് പറഞ്ഞ വിഷമം അനുഭവിക്കുന്ന ആ നിഷ്കളങ്ക മനസ്സിനെ ഒരിക്കലും സ്വാന്തനപ്പെടുത്താൻ കഴിഞ്ഞെന്ന് വരില്ല.....

ആ നിമിഷം മുതൽ കുഞ്ഞുങ്ങൾക്ക് നമ്മളോട് പലതും ഭയത്താൽ മറച്ചുവെക്കാൻ  തോന്നി തുടങ്ങും.

മുതിർന്നാൽ തന്നോട് മോശമായി പെരുമാറുന്നവരെ കുറിച്ചും ചൂഷണം ചെയ്യുന്നവരെ കുറിച്ചും മാതാപിതാക്കളോട് പറയാൻ മടി കാണിക്കും 

അത് കൊണ്ട് .....

ആദ്യത്തെ ഏഴ് വർഷം നിങ്ങൾ മക്കളെ ലാളിക്കുക.....

അടുത്ത ഏഴ് വർഷം നിങ്ങൾ അവർക്ക് സംസ്ക്കാരം പകർന്ന് നൽകുക.....

പിന്നെ ഒരു ഏഴ് വർഷം നിങ്ങൾ അവരെകൂട്ടുകാരാക്കുക....

പിന്നീട് നിങ്ങൾക്കവരെ സ്വതന്ത്രരായി വീടാം ....


നിസ്സാര കാര്യങ്ങൾക്ക് മക്കളെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യാതിരിക്കുക .

മക്കളെ സ്നേഹിക്കുക ....  അവരോടൊപ്പം എപ്പോഴും ഉണ്ടാകും എന്ന് ബോധ്യപ്പെടുത്തി കൊടുക്കുക.

Thursday, 2 March 2017

നന്ദികേടിന്റെ ഫലം (കഥ)


പണ്ട്‌ ഒരു ഗ്രാമത്തിൽ ധർമിഷ്ഠനായ ഒരു കർഷകൻ ജീവിച്ചിരുന്നു. 
തന്റെ അടുക്കൽ എത്തുന്ന പാവങ്ങൾക്കെല്ലാം തന്നാൽ കഴിയുന്ന എന്തു ഉപകാരവും ചെയ്യാൻ അയാൾ സദാ സന്നദ്ധനായിരുന്നു. 
സർവശക്തനായ അല്ലാഹു അദ്ദേഹത്തിന്‌ അനുഗ്രഹമായി വളരെ വിശാലവും ഫലഭൂയിഷ്ടവും സമൃദ്ധവുമായ തോട്ടം നൽകിയിരുന്നു. 
പലതരം പച്ചക്കറികളും മുന്തിരി, ആപ്പിൾ, ഓറഞ്ച്‌, മാമ്പഴം... 
അങ്ങനെയങ്ങനെ വ്യത്യസ്ത നിറങ്ങളും രുചിയുമുള്ള പഴങ്ങൾ കായ്ച്ചു നിൽക്കുന്ന ആ തോട്ടം കാണാൻ തന്നെ മനോഹരമായിരുന്നു. 
എല്ലാ വിളവെടുപ്പ്‌ നാളിലും ഒരു വിഹിതം ദരിദ്രർക്കായി അദ്ദേഹം എന്നും മാറ്റിവെച്ചിരുന്നു. 
ഇതറിയാവുന്ന ആ പ്രദേശത്തുള്ള പാവങ്ങളായ ആളുകൾ അദ്ദേഹത്തിന്റെ തോട്ടത്തിൽ വന്ന്‌ പഴങ്ങളും പച്ചക്കറികളും മറ്റും കൊണ്ടുപോകാറുണ്ടായിരുന്നു.
അങ്ങനെ വളരെ സന്തോഷത്തോടെ വർഷങ്ങൾ കഴിഞ്ഞുപോയി. 
ആളുകൾ അദ്ദേഹത്തിന്റെ ഈ നന്മയിൽ വളരെ നന്ദിയുള്ളവരുമായിരുന്നു. 
അവർ അദ്ദേഹത്തെ അതിയായി സ്നേഹിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം കർഷകൻ മരണപ്പെട്ടു.
അന്ത്യകർമങ്ങൾ കഴിഞ്ഞ്‌ ദിവസങ്ങൾക്ക്‌ ശേഷം കർഷകന്റെ മക്കൾ തോട്ടത്തിലെത്തി. 
കർഷകനെപ്പോലെ ധർമിഷ്ഠരോ ദാനശീലരോ ആയിരുന്നില്ല അദ്ദേഹത്തിന്റെ മക്കൾ. 
തോട്ടത്തിൽ നിന്നും പതിവായി പാവങ്ങൾക്കു കൊടുക്കാറുള്ള ഓഹരിയൊന്നും അനുവദിക്കാൻ മക്കൾ തയ്യാറായിരുന്നില്ല.
 അതിനാൽ തന്നെ ഒരു ദിവസം അക്കാര്യം തീരുമാനിക്കാനായി അവർ തോട്ടത്തിൽ ഒരുമിച്ചുകൂടി. 
ഓരോരുത്തരും ഓരോരോ അഭിപ്രായം പറഞ്ഞു. 
ചിലർ ഇനി മുതൽ ഒരാൾക്കും ഇതിൽ നിന്നും ഒരു പഴം പോലും നൽകേണ്ടതില്ലെന്നും തങ്ങളുടെ പിതാവിന്‌ ജീവിതത്തിലെ ഇതര പ്രയാസങ്ങളെക്കുറിച്ചൊന്നും യാതൊരു പരിഗണനയും ഇല്ലായിരുന്നു എന്നൊക്കെ അവർ പറഞ്ഞു.
പിതാവ്‌ ജീവിച്ചിരുന്ന കാലത്ത്‌ പാവങ്ങൾക്ക്‌ കൊടുത്തിരുന്നത്‌ കൊടുക്കാതിരുന്നാൽ അത്‌ കുടുംബത്തിന്‌ തന്നെ ചീത്തപ്പേര്‌ ഉണ്ടാക്കും. 
വിളവെടുപ്പ്‌ കണ്ടാൽ അവരൊക്കെ ഓടിവരും. അപ്പോൾ അവർക്ക്‌ പഴങ്ങളും പച്ചക്കറികളുമൊക്കെ കൊടുക്കേണ്ടിവരും.
 അതിനാൽ ആരുമറിയാതെ ഇതിലെ ആദായമെടുക്കലാണ്‌ നല്ലത്‌ എന്നായിരുന്നു മക്കളിൽ ഒരാൾ പറഞ്ഞത്‌.
ആ തീരുമാനത്തോട്‌ എല്ലാവരും യോജിച്ചു. എന്നാൽ സർവ അനുഗ്രഹങ്ങളും തന്റെ അടിമകൾക്ക്‌ ഉദാരമായി നൽകുന്ന കാരുണ്യവാനായ നാഥൻ മറ്റൊരു തീരുമാനമെടുത്തിരുന്നു.
കർഷകന്റെ മക്കൾ ഗ്രാമവാസികൾ ഉറങ്ങിക്കിടക്കുന്ന നേരത്ത്‌ ഒറ്റയും തെറ്റയുമായി തോട്ടത്തിലെത്തി. 
ആരുമറിയാതെ രാത്രി തന്നെ പഴങ്ങളും പച്ചക്കറികളുമെല്ലാം പറിച്ചെടുത്ത്‌ അങ്ങാടിയിലെത്തിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
എന്നാൽ തോട്ടത്തിലെത്തിയപ്പോൾ അവിടെയുള്ള കാഴ്ച അവർക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല. 
അവർ അന്തംവിട്ട്‌ മിഴിച്ചുനിന്നു. 
അതിൽ ഒരൊറ്റ പഴം പോലും ബാക്കിയുണ്ടായിരുന്നില്ല. എല്ലാം പറിച്ചു മാറ്റപ്പെട്ട നിലയിൽ തോട്ടം തീർത്തും കാലിയായിരുന്നു!
അപ്പോൾ അവർക്ക്‌ തങ്ങളുടെ തീരുമാനം തെറ്റായിരുന്നു എന്ന്‌ ബോധ്യമായി. അവർ തങ്ങളുടെ തെറ്റിൽ അല്ലാഹുവിനോട്‌ മാപ്പു ചോദിച്ചു.
സർവലോക നാഥന്റെ അനുഗ്രഹങ്ങളായി നമുക്ക്‌ കിട്ടിയ അറിവ്‌, ആരോഗ്യം, സമ്പത്ത്‌,സമൃദ്ധി, സമാധാനം തുടങ്ങിയവയൊന്നും ശാശ്വതമായി സ്വന്തമാക്കിവെക്കാൻ മനുഷ്യന്ന്‌ സാധ്യമല്ല. 
എല്ലാം നാഥന്റെ അനുഗ്രഹം മാത്രം. അതിനാൽ അവനോട്‌ നന്ദികാണിക്കുക. നന്ദികാണിക്കുന്നവർക്ക്‌ അവൻ ധാരാളമായി നൽകും.
?“ആ തോട്ടക്കാരെ നാം പരീക്ഷിച്ചത്‌ പോലെ തീർച്ചയായും അവരെയും നാം പരീക്ഷിച്ചിരിക്കുകയാണ്‌. 
പ്രഭാതവേളയിൽ ആ തോട്ടത്തിലെ പഴങ്ങൾ അവർ പറിച്ചെടുക്കുമെന്ന്‌ അവർ സത്യം ചെയ്ത സന്ദർഭം. 
അവർ (യാതൊന്നും) ഒഴിവാക്കി പറഞ്ഞിരുന്നില്ല. എന്നിട്ട്‌ അവർ ഉറങ്ങിക്കൊണ്ടിരിക്കെ നിന്റെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ശിക്ഷ ആ തോട്ടത്തെ ബാധിച്ചു. 
അങ്ങനെ അത്‌ മുറിച്ചെടുക്കപ്പെട്ടത്‌ പോലെ ആയിത്തീർന്നു. അങ്ങനെ പ്രഭാതവേളയിൽ അവർ പരസ്പരം വിളിച്ചുപറഞ്ഞു: 
നിങ്ങൾ പറിച്ചെടുക്കാൻ പോകുകയാണെങ്കിൽ നിങ്ങളുടെ കൃഷിസ്ഥലത്തേക്ക്‌ നിങ്ങൾ കാലത്തുതന്നെ പുറപ്പെടുക. അവർ അന്യോന്യം മന്ത്രിച്ചുകൊണ്ടു പോയി.
 ഇന്ന്‌ ആ തോട്ടത്തിൽ നിങ്ങളുടെ അടുത്ത്‌ ഒരു സാധുവും കടന്നു വരാൻ ഇടയാവരുത്‌ എന്ന്‌. 
അവർ (സാധുക്കളെ) തടസ്സപ്പെടുത്താൻ കഴിവുള്ളവരായിക്കൊണ്ടു തന്നെ കാലത്ത്‌ പുറപ്പെടുകയും ചെയ്തു. അങ്ങനെ അത്‌ (തോട്ടം) കണ്ടപ്പോൾ അവർ പറഞ്ഞു:
 തീർച്ചയായും നാം പിഴവു പറ്റിയവരാകുന്നു. അല്ല, നാം നഷ്ടം നേരിട്ടവരാകുന്നു. അവരുടെ കൂട്ടത്തിൽ മധ്യനിലപാടുകാരനായ ഒരാൾ പറഞ്ഞു:
 ഞാൻ നിങ്ങളോട്‌ പറഞ്ഞില്ലേ? എന്താണ്‌ നിങ്ങൾ അല്ലാഹുവെ പ്രകീർത്തിക്കാതിരുന്നത്‌? അവർ പറഞ്ഞു:
 നമ്മുടെ രക്ഷിതാവ്‌ എത്രയോ പരിശുദ്ധൻ! തീർച്ചയായും നാം അക്രമികളായിരിക്കുന്നു. അങ്ങനെ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട്‌ അവരിൽ ചിലർ ചിലരുടെ നേർക്ക്‌ തിരിഞ്ഞു. 
അവർ പറഞ്ഞു: നമ്മുടെ നാശമേ! തീർച്ചയായും നാം അതിക്രമകാരികളായിരിക്കുന്നു. 
നമ്മുടെ രക്ഷിതാവ്‌ അതിനെക്കാൾ ഉത്തമമായത്‌ നമുക്ക്‌ പകരം തന്നേക്കാം. തീർച്ചയായും നാം നമ്മുടെ രക്ഷിതാവിങ്കലേക്ക്‌ ആഗ്രഹിച്ചു ചെല്ലുന്നവരാകുന്നു“ (അൽക്വലം 17-32).
വി.ക്വു സൂറത്തു ഖലം. 17 മുതൽ 32 വരെയുള്ള ആയത്തുകളിൽ അല്ലാഹു ഈ കഥയെ സംബന്ധിച്ച്‌ ഉദ്ധരിക്കുന്നു.
(കടപ്പാട് : നേര്‍പഥം വാരിക) 

അബ്ദുല്ലക്ക്‌ പറ്റിയ അബദ്ധം (കഥ)


പണ്ടു പണ്ട്‌ ഒരു ഗ്രാമത്തിൽ അബ്ദുല്ല എന്ന്‌ പേരുള്ള  വിദഗ്ധനായ ഒരു മരപ്പണിക്കാരനുണ്ടായിരുന്നു. 
ഒരു വലിയ മുതലാളിയുടെ കീഴിലായിരുന്നു അയാൾ പണിയെടുത്തിരുന്നത്‌. 
ഗ്രാമത്തിലെ കൂടുതൽ ആളുകളും അബ്ദുല്ല പണിതാലേ വീടു നിർമാണം ഭംഗിയായിപൂർത്തിയാകൂ എന്ന്‌ ചിന്തിക്കുന്നവരായിരുന്നു. 
അത്രമാത്രം കൃത്യതയോയെടും ആത്മാർഥതയോടെയും സൂക്ഷ്മതയോടെയുമായിരുന്നു അബ്ദുല്ല തന്റെ ജോലി നിർവഹിച്ചിരുന്നത്‌. 
അതിനാൽ തന്നെ ഗ്രാമവാസികൾ എല്ലാവരും അബ്ദുല്ലയെ വളരെ സ്നേഹിക്കുകയും ചെയ്തിരുന്നു.
വർഷങ്ങൾ കുറേ കടന്നുപോയി. അബ്ദുല്ലയുടെ ചുറുചുറുക്കും ആരോഗ്യവും മെല്ലെ മെല്ലെ കുറഞ്ഞു വന്നു തുടങ്ങി. 
ഒരു അവധി ദിവസം അബ്ദുല്ല വീട്ടിൽ ഭാര്യയോടും മക്കളോടുമൊന്നിച്ചു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ദിവസങ്ങളായി താൻ മനസ്സിൽ ആലോചിച്ചു കൊണ്ടിരിക്കുന്ന കാര്യം വെളിപ്പെടുത്തി; 
താൻ ജോലിയിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നതായിരുന്നു കാര്യം. കുടുംബവും അതിനോട്‌ യോജിച്ചു. 
കാരണം വളരെ കാലം ഒരു പാട്‌ പ്രയാസത്തോടെ ജോലിയും മറ്റു ഉത്തരവാദിത്തവുമായി ജീവിച്ച അബ്ദുല്ലക്ക്‌ ഇനി വിശ്രമം ആവശ്യം തന്നെയാണ്‌. 
അതിനാൽ തന്നെ കുടുംബത്തിനും അതിൽ എതിർപ്പൊന്നുമുണ്ടായില്ല.
അടുത്ത ദിവസം അബ്ദുല്ല തന്റെ മുതലാളിയോട്‌ താൻ ജോലിയിൽ നിന്നും വിരമിക്കാനുദ്ദേശിക്കുന്നതിനെ സംബന്ധിച്ച്‌ സംസാരിച്ചു. 
പക്ഷേ, മുതലാളി സമ്മതിച്ചില്ല. അദ്ദേഹം പറഞ്ഞു: “ഞാൻ അവസാനമായി ഉണ്ടാക്കാനുദ്ദേശിക്കുന്ന ഒരു വലിയ വീടിന്റെ പണികൂടി പൂർത്തിയാക്കിയതിനു ശേഷം മാത്രമെ താൻ ജോലിയിൽ നിന്നും വിരമിക്കാവൂ.”
അബ്ദുല്ല മനസ്സില്ലാ മനസ്സോടെ ഇത്‌ തന്റെ ജീവിതത്തിലെ അവസാനത്തെ പദ്ധതിയാണെന്ന്‌ തനിക്ക്‌ ഉറപ്പ്‌ തരാമെങ്കിൽ ഇത്‌ കൂടി ഏറ്റെടുക്കാമെന്ന്‌ സമ്മതിച്ചു.
ജോലിയിൽ നിന്നും വിരമിക്കുന്നതിനെക്കുറിച്ച്‌ ചിന്തിച്ചു നടക്കുന്ന അബ്ദുല്ലക്ക്‌ മുതലാളി ഏൽപിച്ച വലിയ വീടിന്റെ പണിയിൽ കൃത്യമായ ശ്രദ്ധയും ആത്മാർഥതയും കാണിക്കാൻ മനസ്സുണ്ടായില്ല. 
കൂടെയുള്ളവർ ഇനി മുതൽ താനില്ലാതെ ജോലി ചെയ്യേണ്ടതല്ലേ; അവർ വേണമെങ്കിൽ ശ്രദ്ധിച്ചോട്ടെ, തന്നെക്കൊണ്ട്‌ ഇത്രയൊക്കെയേ കഴിയൂ എന്ന മട്ടിലായിരുന്നു അബ്ദുല്ല.
ഏറ്റെടുത്ത ജോലി എത്രയും പെട്ടെന്ന്‌ തീർക്കണമെന്ന ഒറ്റ ചിന്ത മാത്രമെ അബ്ദുല്ലക്ക്‌ ഉണ്ടായിരുന്നുള്ളൂ. 
അതിനാൽ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളിലും ശ്രദ്ധ കാണിച്ചില്ല. ഏതായാലും നിശ്ചയിച്ച ദിവസങ്ങൾക്കുള്ളിൽ തന്നെ വീടിന്റെ പണി പൂർത്തിയായി.
 അബ്ദുല്ലയുണ്ടാക്കിയതിൽ തീർത്തും സാധാരണമായൊരു വീട്‌ എന്നതിൽ കവിഞ്ഞ്‌ ആ വീടിന്‌ മറ്റൊരു പ്രത്യേകതയും ഉണ്ടാക്കാൻ അബ്ദുല്ല ശ്രമിച്ചതുമില്ല.
 സാധാരണ അയാൾ ഉണ്ടാക്കുന്ന ഓരോ പുതിയ വീടിനും എന്തെങ്കിലുമൊക്കെ പ്രത്യേകതയും ആകർഷണീയതയുമൊക്കെ ഉണ്ടാകുമായിരുന്നു.
അടുത്ത ദിവസം മുതലാളി വീട്‌ കാണാനെത്തി. അബ്ദുല്ലയിൽ നിന്നും വീടിന്റെ താക്കോൽ വാങ്ങി. 
എന്നിട്ട്‌ അവിടെ കൂടിയ മുഴുവൻ ജോലിക്കാരെയും മറ്റുള്ളവരെയും വളിച്ച്‌ വളരെ ആദരവോടെ അബ്ദുല്ലക്ക്‌ ആ പുതിയ വീടിന്റെ താക്കോൽ നൽകി. 
എന്നിട്ട്‌ പറഞ്ഞു: “ഇത്രയും നാൾ എന്നോടൊന്നിച്ച്‌ വളരെ ആത്മാർഥമായി ജോലി ചെയ്ത അബ്ദുല്ലക്ക്‌ ഈ വീട്‌ എന്റെ ഒരു സമ്മാനമായി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.”
എല്ലാവർക്കും വളരെ സന്തോഷമായി. അപ്പോഴാണ്‌ അബ്ദുല്ലക്ക്‌ താൻ അവസാനമായി ചെയ്ത ജോലിയിൽ ആത്മാർഥത കാണിക്കാത്തതിന്റെ നഷ്ടം മനസ്സിലായത്‌. 
ചെയ്യുന്ന എല്ലാ ജോലിയിലും ഒരു പോലെ ആത്മാർഥതയും ശ്രദ്ധയും കൃത്യതയും പാലിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ സാധിച്ചത്‌.
കൂട്ടുകാരേ, ഇഹലോകത്ത്‌ നാം ചെയ്യുന്ന മുഴുവൻ സൽകർമങ്ങൾക്കും അർഹമായ പ്രതിഫലം നാളെ പരലോകത്ത്‌ ലഭിക്കണമെങ്കിൽ നല്ല ഉദ്ദേശത്തോടെയും ആത്മാർഥതയോടെയും പ്രതിഫലം ആഗ്രഹിച്ചും ആയിരിക്കണം അവ ചെയ്യേണ്ടത്‌. 
അബ്ദുല്ലയുടെ കഥയിൽ നിന്ന്‌ അതാണ്‌ നമുക്ക്‌ ലഭിക്കേണ്ട ഗുണപാഠം.
(കടപ്പാട് : നേര്‍പഥം വാരിക)

അല്ലാഹു കാണും (കഥ)


പണ്ടുപണ്ട് ക്വുറാ എന്ന ഒരു ഗ്രാമത്തില്‍ ഹസന്‍ എന്ന് പേരുള്ള ഒരു കര്‍ഷകന്‍ ജീവിച്ചിരുന്നു.

നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വളരെ പ്രിയപ്പെട്ടവനായിരുന്നു ഹസന്‍.
കാരണം എന്താവശ്യത്തിനും യാതൊരു മടിയും കൂടാതെ ആര്‍ക്കും ഹസനെ സമീപിക്കാമായിരുന്നു.

കഴിയുന്ന എന്ത് സഹായവും മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുക്കുന്നതില്‍ യാതൊരു മടിയുമില്ലാത്തവനായിരുന്നു ഹസന്‍.

മുഹമ്മദ് നബി (സ്വ) യഥാര്‍ഥ മുസ്‌ലിമിന്റെ ലക്ഷണങ്ങള്‍ പറഞ്ഞു പഠിപ്പിച്ചത് നന്നായി മനസ്സിലാക്കിയത് കൊണ്ടാണ് ഹസന്‍ അങ്ങനെയുള്ള സ്വഭാവക്കാരനായി മാറിയത്.

ഹസന് മൂന്ന് മക്കളുണ്ടായിരുന്നു. കാസിം, ഫാറൂഖ്, അബ്ദുല്ല. കാസിമായിരുന്നു അവരില്‍ മൂത്തവന്‍.

ഫാറൂഖും അബ്ദുല്ലയും ഇരട്ട സഹോദരങ്ങളായിരുന്നു.

തന്റെ മക്കള്‍ വളരെ നല്ലവരായി വളരണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഹസന്‍ അവര്‍ക്ക് എല്ലാ സമയത്തും ക്വുര്‍ആനികാധ്യാപനങ്ങളും പ്രവാചകന്മാരുടെയും സ്വഹാബത്തിന്റെയും കഥകളും പറഞ്ഞ് കൊടുക്കാറുണ്ടായിരുന്നു.

വളരെ താല്‍പര്യത്തോടെ അതെല്ലാം കേട്ട് മനസ്സിലാക്കിയിരുന്ന മൂവരും ഗ്രാമത്തിലുള്ള മറ്റു കുട്ടികളെക്കാളെല്ലാം സ്വഭാവശുദ്ധിയില്‍ മികച്ചുനിന്നു.

ഒരു ദിവസം ഹസന്‍ മൂന്ന് മക്കളെയും വിളിച്ചു വരുത്തി മൂവര്‍ക്കും ഓരോ മിഠായി വീതം നല്‍കി .

എന്നിട്ട് പറഞ്ഞു: ''മക്കളേ, ഈ മിഠായി നിങ്ങള്‍ മൂന്ന് പേരും ആരും കാണാതെ തിന്നണം.ആരും കാണാതെ ഇത് കഴിക്കുന്നവന് ഉപ്പ ഒരു സമ്മാനം തരും.''

മിഠായി കിട്ടിയ ഉടനെ അബ്ദുല്ല പതിയെ വീടിനകത്തേക്കും അവിടെ നിന്ന് ഹാളിലേക്കും കടന്നു. ഓ, അവിടെ ഉമ്മ...!

അവന്‍ മെല്ലെ വാതിലിന്റെ മറവില്‍ ഒളിച്ചു. ഉമ്മ അടുക്കളയിലേക്ക് പോയതോടെ അവന്‍ മെല്ലെ സ്റ്റെയര്‍കെയ്‌സ് കയറി മുകളിലെത്തി.

അവിടെ ഉപ്പയുടെ മേശയുടെ അടിയിലേക്ക് വലിഞ്ഞുകയറി ഇരിപ്പായി.

തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്നും ഇവിടേക്ക് പോന്നത് ആരും കണ്ടിട്ടില്ലെന്നും ഉറപ്പായ അവന് സന്തോഷം അടക്കാനായില്ല.

എന്തായാലും ഇന്ന് ഉപ്പയുടെ മുന്നില്‍ ഞാന്‍ തന്നെ വിജയി. അവനുറപ്പിച്ചു. മെല്ലെ മിഠായിയുടെ കടലാസ് കളഞ്ഞ് അവന്‍ മിഠായി തിന്നു.

ഫാറുഖാകട്ടെ മിഠായി കിട്ടിയത് കയ്യില്‍പിടിച്ച് നിന്നുവെന്നല്ലാതെ അവിടെ നിന്നും അനങ്ങിയില്ല.

കാസിമും ഉപ്പയും സംസാരിച്ചു കൊണ്ട് അകത്തേക്ക് കയറിപ്പോകുന്നതുവരെ അവന്‍ അവിടെത്തന്നെ നിന്നു.

അവര്‍ രണ്ടുപേരും അകത്തേക്ക് കയറി എന്നുറപ്പായപ്പോള്‍ അവന്‍ ക്ഷണനേരം കൊണ്ട് അയല്‍ക്കാരനായ അബ്ദുക്ക തങ്ങളുടെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലേക്ക് ഓടിക്കയറി, ആരും തന്നെ ശ്രദ്ധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തി മിഠായി അകത്താക്കി.

എന്നാല്‍ കാസിം ആ മിഠായി കയ്യില്‍ പിടിച്ച് അകത്തും മുറ്റത്തുമൊക്കെ മാറി മാറി നടന്നു. പക്ഷേ, എവിടെയും തന്നെ ആരും കാണുന്നില്ലെന്ന് അവന് ഉറപ്പിക്കാനായില്ല.

ഏത് മൂലയില്‍ കയറി നിന്നാലും ചുറ്റും ആരെയും കണ്ടില്ലെങ്കിലും മുകളിലേക്ക് നോക്കുമ്പോള്‍ അല്ലാഹു കാണുന്നുണ്ടല്ലോ ഇനിയെന്ത് ചെയ്യും എന്നാണ് അവന്‍ ആലോചിക്കുക.

അവന് ഉറപ്പായി; അല്ലാഹു കാണാതെ ഇത് തിന്നുവാന്‍ ഈ ലോകത്തിന്റെ ഏത് കോണില്‍ പോയാലും കഴിയില്ലെന്ന്.

ഉപ്പയാണെങ്കില്‍ ആരും കാണാതെ കഴിച്ചാലാണ് സമ്മാനം തരിക എന്ന് ഉറപ്പിച്ച് പറഞ്ഞിട്ടുമുണ്ട്.

അവന്‍ ആ മിഠായി തിന്നാതെ കയ്യില്‍ തന്നെ പിടിച്ചു.

കുറച്ച് കഴിഞ്ഞ് ഹസന്‍ മക്കളെ വിളിച്ചു. ചെയ്ത കാര്യങ്ങള്‍ ചോദിച്ചു.
അബ്ദുല്ല വളരെ ആവേശപൂര്‍വം തന്റെ സാഹസികത വിവരിച്ചു.

ഉമ്മയെക്കണ്ടപ്പോള്‍ വാതിലിന്റെ മറവില്‍ ഒളിച്ചത് പറഞ്ഞപ്പോള്‍ ഉമ്മ മൂക്കത്ത് വിരല്‍വെച്ചു: ''ഹൊ... ഭയങ്കരാ..!''

ഫാറൂഖ് തന്റെ താന്‍ ചെയ്തതും വിവരിച്ചു. കാസിം മിണ്ടാതെ നില്‍ക്കുകയാണ്.
ഉപ്പ കാസിമിനോട് ചോദിച്ചു: ''താന്‍ എന്തു ചെയ്തു കാസിം?''

കാസിം കൈ മലര്‍ത്തി കാണിച്ചു. മിഠായി അതാ അവന്റെ കയ്യില്‍ തന്നെ! അത് കണ്ടപ്പോള്‍ ഫാറൂഖ് ഉറക്കെ ചിരിച്ചു.

ഈ ഇക്കാക്ക് ഒരു മിഠായിപോലും ആരും കാണാതെ തിന്നാന്‍ പറ്റിയില്ല. എന്തൊരു കഷ്ടം..!

ഉപ്പ ചോദിച്ചു: ''എന്തുപറ്റി കാസിം.''

അവന്‍ പറഞ്ഞു: ''ഞാനെവിടെ ഒളിച്ചിരുന്ന് തിന്നാലും അല്ലാഹു എന്നെ കാണും. അതിനാല്‍ എനിക്ക് ആരും കാണാതെ തിന്നാന്‍ പറ്റിയില്ല.''

ഉപ്പാക്കും ഉമ്മാക്കും വളരെ സന്തോഷമായി.

ഫാറൂഖും അബ്ദുല്ലയും അന്തം വിട്ട് നില്‍ക്കുകയാണ്; തങ്ങള്‍ക്ക് സമ്മാനം നഷ്ടപ്പെട്ടല്ലോ എന്ന സങ്കടത്തോടെ.

കുട്ടികളേ, നമ്മള്‍ കാണുന്നില്ലെങ്കിലും അല്ലാഹു നമ്മെ കാണുന്നുണ്ട്.

ഈ പ്രപഞ്ചത്തില്‍ അവന്‍ അറിയാതെയും കാണാതെയും ഒന്നും നടക്കുകയില്ല.
അതിനാല്‍ നാം നല്ല കാര്യങ്ങള്‍ മാത്രം ചെയ്ത് ജീവിക്കുക.

( കടപ്പാട് : നേര്‍പഥം വാരിക )

Wednesday, 15 February 2017

എന്റെ മോൻ ഗവ:ഹൈസ് സ്കൂൾ മലയാളം മീഡിയത്തിലാ .....

ഒരു ഗ്രാമത്തിൽ മൂന്ന് പെണ്ണുങ്ങൾ കിണറിൽ നിന്ന് വെളളം കോരുകയായിരുന്നു .

ആ സമയം അതിലൊരുവളുടെ മകൻ സ്കൂൾ വിട്ട് അതുവഴി പോയി.
അമ്മ മകനെ ചൂണ്ടി  "ആ പോകുന്നതു എന്റെ മോനാ, മേരി ഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിക്കുന്നെ "

കുറച്ചു നേരം കഴിഞ്ഞപ്പോൾ രണ്ടാമത്തവളുടെ മോനും അതുവഴി പോയി .
അമ്മ പറഞ്ഞു.

"എന്റെ മോൻ ക്രസന്റ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാ പഠിക്കുന്നെ.."

ഒടുവില്‍  .....
മൂന്നാമത്തവളുടെ മകൻ ആ വഴി വന്ന് അമ്മയുടെ അരികിലേക്ക് വന്നു .
എന്നിട്ട് അമ്മയുടെ കയ്യില്‍ നിന്ന് കുടം വാങ്ങി തലയില്‍ വച്ച് 

"വാ അമ്മേ വീട്ടിൽ പോകാം "

ആ മകനെ കാണിച്ച് അമ്മ പറഞ്ഞു ..

"എന്റെ മോൻ ഗവ:ഹൈസ് സ്കൂൾ മലയാളം മീഡിയത്തിലാ

( ആരോ എഴുതിയ നല്ല കഥ )

Monday, 13 February 2017

ഇല്ലാത്ത കഴിവിനെ ഓര്‍ത്തു നിരാശപ്പെടരുത് (കഥ)

അബ്ദു. 
അഞ്ചു വര്‍ഷം മുമ്പ് മീന്‍ കച്ചവടമായിരുന്നു തൊഴില്‍ .

ആ പരിപാടി കൊണ്ട് കുടുംബം ഗതി പിടിക്കില്ല എന്ന് മനസ്സിലായപ്പോഴാണ്‌ അബ്ദു ഗള്‍ഫിലേക്ക് പറന്നത്.

ആരുടെയോ ശുപാര്‍ശ കൊണ്ട് ഒരു വലിയ കമ്പനിയില്‍ ഓഫീസ് ബോയ് തസ്തികയിലേക്ക് ഇന്റര്‍വ്യൂവിനു വിളിക്കപ്പെട്ടു.


മലയാളിയായ HR മാനേജരെ കണ്ടപ്പോള്‍ അബ്ദുവിന് സമാധാനമായി.
എന്നാല്‍...

"Tell me about yourself in english."

പടക്കം പോട്ടുമ്പോലുള്ള HR മനജരുടെ ചോദ്യം.

അബ്ദു ഒന്ന് പകച്ചു. പിന്നെ സാവധാനം പറഞ്ഞു.

"എനിക്ക് ഇംഗ്ലീഷിന്റെ A..B..C..D, അറിയില്ല സര്‍."

"Sorry Mr. Abdu ഇക്കാലത്ത് അല്‍പസ്വല്‍പ്പം ഇംഗ്ലീഷൊക്കെ അറിയാതെ ഒരു ഓഫീസ് ബോയിയുടെ ജോലി പോലും കിട്ടില്ല, 

ഇംഗ്ലീഷ് അറിയാത്തോരാളെ ജോലിക്ക് നിയമിക്കാനും നിര്‍വ്വാഹമില്ല."

എല്ലാ പ്രതീക്ഷയും നഷ്ട്ടപ്പെട്ട അബ്ദു പുറത്തേക്കു നടന്നു..

കിട്ടിയിരുന്നെങ്കില്‍ അഞ്ചാറായിരം ദിര്‍ഹം ശമ്പളം കിട്ടിയേനെ, കുടുംബം കരകേറിയേനെ. 

ഇങ്ങനെയൊക്കെ ആലോചിച്ചാലോചിച്ച് നടന്നു നടന്നു എത്തിയത് ഫിഷ്‌ മാര്‍ക്കറ്റിന്റെ മുമ്പിലാണ്.

ചിര പരിചിതമായ ഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറി , അതാ കിടക്കുന്നു നമ്മുടെ മത്തിയും അയലയും അയക്കൂറയും.

അബ്ദുവിന്റെ കൈതരിച്ചു. അറിയാതെ കൈ പോക്കറ്റിലേക്കു നീങ്ങി. ഇന്നലെ അമ്മായീടെ മോന്‍ തന്ന 50 ദിര്‍ഹം കൈയ്യില്‍ തടഞ്ഞു.

പിന്നെ കൂടുതലൊന്നും ആലോചിക്കാതെ അബ്ദു ആകെയുള്ള 50 ദിര്‍ഹത്തിനു മത്തിയും അയലയും വാങ്ങി പ്ലാസ്റ്റിക്‌ കൂടില്‍ നിറച്ചു.

മലയാളികള്‍ താമസിക്കുന്ന ബില്‍ഡിംഗ്‌കള്‍ തേടിപ്പിടിച്ചു

ഫ്ലാറ്റ്കള്‍ കയറിയിറങ്ങി വില്‍പ്പന ആരംഭിച്ചു.

1 മണിക്കൂറിനുള്ളില്‍ കൈയ്യിലുള്ള മത്സ്യം മുഴുവനും വിറ്റു തീര്‍ന്നു. മുതല് കഴിച്ചു 70 ദിര്‍ഹം ലാഭം.

അന്ന് തന്നെ 2 പ്രാവശ്യം കൂടി അബ്ദു ഫിഷ്‌ മാര്‍ക്കറ്റില്‍ പോയി വന്നു.

അബ്ദുവിന് മനസ്സിലായി ഇതൊരു നല്ല വരുമാന മാര്‍ഗ്ഗമാണെന്ന്

അബ്ദു അതിരാവിലെ ഉണരും മൊത്തക്കച്ചവടക്കാരില്‍ നേരിട്ട് മത്സ്യം വാങ്ങി വില്ല്പന നടത്തും
.
കച്ചവടം അതിവേഗം വളര്‍ന്നു. 2 വര്‍ഷത്തിനുള്ളില്‍ അബ്ദുവിന് മാര്‍ക്കറ്റില്‍ 4 സ്റ്റാള്‍ ആയി. അഞ്ചെട്ടു വണ്ടിയായി. 

ഹോട്ടലുകളിലേക്കും മറ്റും നേരിട്ട് വിതരണമായി. പിന്നെ ഉണക്കമീനിന്റെ വ്യാപാരവും.

5 വര്‍ഷത്തിനു ശേഷം. മത്സ്യം, മാംസം, പഴം പച്ചക്കറി മൊത്ത വില്‍പ്പനയില്‍ അബ്ദു ഒരു വ്യവസായ സാമ്രാജ്യം തന്നെ തീര്‍ത്തു.

ഒരു ദിവസം ഒരു വിദേശ കമ്പനിയുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചക്കിടയില്‍ അബ്ദു തന്‍റെ ഇംഗ്ലീഷ് പരിഭാഷകനുമായി വന്നപ്പോള്‍ ഒരു പ്രതിനിധി ചോദിച്ചു.

"ഇത്രയും വലിയ ബിസിനസ്‌ സാമ്രാജ്യത്തിന്റെ ഉടമയായ താങ്കളിതുവരെ ഇംഗ്ലീഷ് പഠിച്ചില്ലേ?"

അബ്ദു: "ഇല്ല!"

പ്രതിനിധി:

"അത്ഭുതം തന്നെ! താങ്കള്‍ ആലോചിട്ടുണ്ടോ ഇംഗ്ലീഷ് പരിജ്ഞാനം തീരെയില്ലാത്ത ഒരാള്‍ ഇത്രയും വലിയ സ്ഥാപനം കെട്ടിപ്പടുക്കുകയാണെങ്കില്‍, 

ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കില്‍ താങ്കള്‍ക്ക് ഏതു നിലക്ക് എത്താന്‍ പറ്റുമായിരുന്നെന്ന് ?

അബ്ദു: 

"അറിയാം!"

"ഞാന്‍ ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കില്‍ ഇന്നെനിക്കൊരു ഓഫീസ് ബോയ്‌ മാത്രം ആവാന്‍ കഴിയുമായിരുന്നു...!!!"

______________________

ഗുണപാഠം: 

ഇല്ലാത്ത കഴിവിനെ ഓര്‍ത്തു നിരാശപ്പെടാതെ, ഉള്ള കഴിവിനെ ഫലപ്രദമായി വിനിയോഗിച്ചാല്‍ വിജയം സുനിശ്ചിതം.
കടപ്പാട്

Friday, 10 February 2017

പ്രതീക്ഷകൾ കൈവിട്ട് പോകാതിരിക്കട്ടെ

ഒരു കപ്പൽ കാറ്റിലും കോളിലും പെട്ട് തകർന്നു ... 

അതിൽ രക്ഷപ്പെട്ടത് ഒരാൾ മാത്രം ... 

അബോധാവസ്ഥയിൽ അയാൾ എത്തിപ്പെട്ടതാകട്ടെ വിജനമായ ഒരു ദ്വീപിലും ... 

കൂട്ടിന് ആളില്ലാതെ ഏകനായ് ദ്വീപിൽ അകപ്പെട്ട ആ മനുഷ്യൻ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി..

എന്നാൽ സർവ ശക്തനായ ദൈവത്തിങ്കൽ ഉള്ള വിശ്വാസം അയാൾ കൈവിട്ടില്ല...

തന്നെ രക്ഷിക്കണമെന്ന് മനമുരുകി അയാൾ ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു...

ദിവസവും തന്നെ രക്ഷിക്കാൻ വരുന്ന കപ്പലും കാത്ത് അയാൾ ചക്രവാളത്തിൽ കണ്ണും നട്ടിരിക്കും...

ഇങ്ങനെ ദിവസങ്ങൾ എത്രയോ കടന്നുപോയി ...

പക്ഷേ, ആരും വന്നില്ല. എന്നാൽ അയാൾ പ്രതീക്ഷ കൈവിടാതെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു...

ദ്വീപിൽ അങ്ങിങ്ങായി കിടന്നിരുന്ന മരക്കഷ്ണങ്ങൾ ശേഖരിച്ച് അയാൾ ഒരു കുടിൽ പണിതു ... 

ഒരു ദിവസം ...

ഭക്ഷണത്തിന് വേണ്ടി അലഞ്ഞുതിരിഞ്ഞ് തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച അയാളെ നടുക്കിക്കളഞ്ഞു ...

തന്റെ കുടിൽ കത്തിനശിച്ചിരിക്കുന്നു ... 

തന്റേതായി ആകെയുണ്ടായിരുന്ന വസ്തുക്കളും നഷ്ടപ്പെട്ടിരിക്കുന്നു ... 

എന്തു ചെയ്യണമെന്നറിയാതെ അയാൾ തല കുമ്പിട്ട് കരയാൻ തുടങ്ങി ...

"എന്റെ രക്ഷിതാവേ , നീ എന്തിനാണ് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്,"
അയാൾ ആര്‍ത്തുവിളിച്ചു ...

കരഞ്ഞു കരഞ്ഞ് അയാൾ തളർന്നുറങ്ങി ... 

എന്നാല്‍ പിറ്റേന്ന് പ്രഭാതത്തിൽ ഒരു വലിയ ശബ്ദം കേട്ടാണ് അയാൾ ഞെട്ടിയുണർന്നത് ...

 അയാള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഒരു കൂറ്റൻ യാത്രാക്കപ്പൽ ദ്വീപിനെ ലക്ഷ്യം വെച്ച് വരുന്നു ...

സന്തോഷത്താൽ അയാൾ കരഞ്ഞുപോയി ...

 കപ്പലിൽ പ്രവേശിച്ചപ്പോൾ നാവികരോടായി അയാൾ ചോദിച്ചു ...

"നിങ്ങള്‍ക്ക് എങ്ങനെ ദ്വീപില്‍ ഒരാള്‍ അകപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായി." അപ്പോൾ അവർ പറഞ്ഞു ...

" ദ്വീപിൽ നിന്ന് പുക ഉയരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. അപ്പോൾ മനുഷ്യര്‍ ആരെങ്കിലും അവിടെ അകപ്പെട്ടിരിക്കാം എന്ന് ഞങ്ങൾ ഊഹിച്ചു ...

ഇതുകേട്ട അയാൾ പൊട്ടി കരഞ്ഞുകൊണ്ട് നാഥനോട്‌ തന്നെ സഹായിച്ച വഴിയോർത്ത് ആശ്ചര്യപ്പെട്ടു ... 

നാഥനോട് വീണ്ടും വീണ്ടും നന്ദി പറഞ്ഞു ...

*************************************************************************

ഗുണ പാഠം :

പ്രയാസങ്ങൾ വരുമ്പോൾ പ്രതീക്ഷകൾ കൈവിട്ട് ദുഃഖിച്ചിരിക്കാൻ എളുപ്പമാണ് ... 

എന്നാൽ നമ്മുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ദൈവമാണ് ...

ഇനി നിങ്ങളുടെ കുടിലും കത്തിയെരിഞ്ഞേക്കാം ... 

എന്നാൽ ക്ഷമയവലംബിക്കുക ...

നാഥന്റെ സഹായത്തിന്റെ പുക അതിൽ നിന്ന് ഉയരാതിരിക്കില്ല....

Monday, 23 January 2017

മുഹ്യിദ്ധീന്‍ ശൈഖിനെ വിളിക്കുന്നവര്‍ക്ക് അദ്ദേഹം എന്ത് പറഞ്ഞു എന്നറിയില്ല .....!


മുഹിയുദ്ധീന്‍ ഷെയ്ഖിന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ കിതാബുകളില്‍ നിന്നും....

മുഹിയുദ്ധീന്‍ ഷെയ്ഖ്‌ :

ഇന്ന് ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ആളുകള്‍ വിളിച്ചു തേടുന്ന മഹാന്മാരില്‍ പെട്ട ഒരാളാണ് ഷെയ്ഖ് മുഹിയുദ്ധീന്‍ ജീലാനി റഹിമഹുല്ലാഹ് .


എന്നാല്‍ അദേഹത്തിന്‍റെ ഗ്രന്ഥങ്ങളില്‍ എവിടെയും അദ്ദേഹത്തെ വിളിച്ചു തേടാനോ എനിക്ക് ഇന്നിന്ന കഴിവുകളുണ്ടെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല.....

മാത്രമല്ല അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ത്ഥന ( ഇസ്തിഗാസ ) അത് ശിര്‍ക്കാണെന്ന് പഠിപ്പിക്കുകയും അല്ലാഹുവിനോട് മാത്രമേ ഇസ്തിഗാസ ചെയ്യാവൂ എന്ന് പഠിപ്പിക്കുകയും അതനസുരിച്ച് ജീവിക്കുകയും ചെയ്ത മഹാ പണ്ഡിതനാണ് അദ്ദേഹം .

അദ്ദേഹത്തിന്‍റെ സ്വന്തം ഗ്രന്ഥങ്ങളായ "ഫുതൂഹുല്‍ ഗൈബ് " അതുപോലെ "ഫത്ഹു റബ്ബാനി" എന്നിവയില്‍ അദ്ദേഹം എഴുതിയതില്‍ നിന്നും നമുക്കത് മനസ്സിലാക്കാം .....

_______________________________
فلا تشكون في حالة البلية إلى أحد من خلق الله، ولا تظهرن الضجر لأحد ولا تتهمن ربك في باطنك. ولا تشكن في حكمته واختر الأصلح لك في دنياك، وآخرتك، فلا تذهبن بهمتك إلى أحد من خلقه في معافاتك فذاك إشراك منك به عز وجل، لا يملك معه عز وجل في ملكه أحد شيئاً لا ضار ولا نافع ولا دافع، ولا جالب ولا مسقم، ولا مبلي، ولا معاف ولا مبرئ غيره عز وجل، فلا تشتغل بالخلق لا في الظاهر ولا في الباطن، فإنهم لن يغنوا عنك من الله شيئاً، بل ألزم الصبر والرضا والموافقة والفناء في فعله عز وجل، فإن حرمت ذلك كله فعليك بالاستغاثة إليه عز وجل


അര്‍ത്ഥം :- “വിപല്‍ഘട്ടങ്ങളില്‍ അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ആരോടും നീ ആവലാതിപ്പെടരുത്.

നിന്‍റെ അസ്വസ്ഥത നീ ആരുടെ മുന്നിലും വെളിവാക്കുകയോ, നിന്‍റെയുള്ളില്‍ നിന്‍റെ രക്ഷിതാവിനെ നീ തെറ്റിദ്ധരിക്കുകയോ, ചെയ്യരുത്.

അല്ലാഹുവിന്‍റെ ഹിക്മത്തിനെ പറ്റി നീ ആവലാതിപ്പെടരുത്.

നിന്‍റെ ദുനിയാവിലെക്കും ആഖിറത്തിലെക്കും ഏറ്റവും നല്ലതായി തോന്നുന്നതിനെ നീ തിരഞ്ഞെടുക്കുക.

നിന്‍റെ സൗഖ്യത്തിന്റെ കാര്യത്തില്‍ അവന്‍റെ സൃഷ്ടികളില്‍പെട്ട ഒരുത്തനിലേക്കും നിന്‍റെ തീരുമാനം പോകരുത്.

അത് നിന്നില്‍ നിന്നുള്ള ശിര്‍ക്കാണ്.

അല്ലാഹുവിന്‍റെ അധികാരത്തില്‍ ആരും ഒന്നും തന്നെ അധീനമാക്കുന്നില്ല.

അവനല്ലാതെ ഉപകാരം, ഉപദ്രവം, വിപത്തിനെ നീക്കല്‍, കൊണ്ടുവരല്‍, രോഗം നല്‍കല്‍, സുഖപ്പെടുത്തല്‍, എന്നിവ ചെയ്യാന്‍ ആര്‍ക്കും തന്നെ സാധ്യമല്ല.

അതിനാല്‍ സൃഷ്ടികളുമായി ബാഹ്യമായോ, ആന്തരികമായോ, നീ വ്യാപൃതനാകരുത്.

അല്ലാഹുവില്‍ നിന്നും, അവര്‍ നിനക്ക് ഒന്നിനും ഉപകരിക്കുകയില്ല.

അതിനാല്‍ അല്ലാഹുവിന്റെ പ്രവര്‍ത്തിയില്‍ നിന്നുള്ള ക്ഷമയെയും, ത്രിപ്തിയെയും, ഋജുവായതിനെയും, നാശത്തെയും നീ കൈകൊള്ളുക.

അപ്പോള്‍ തീര്‍ച്ചയായും സൃഷ്ടികളുമായി വ്യാപ്രൃതമാകുന്ന അത്തരം എല്ലാ കാര്യങ്ങളെയും നീ നിഷിദ്ധമാക്കുക .

 നീ അല്ലാഹുവിനോട് മാത്രം ഇസ്തിഗാസ ചെയ്യക.

( ഫുതൂഹുല്‍ ഗൈബ് : അദ്ധ്യായം : 59 )

Tuesday, 17 January 2017

നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കാം

ഒരു കമ്പനി തങ്ങളുടെ തൊഴിലാളികള്‍ക്കു വേണ്ടി സംഘടിപ്പിച്ച ഒരു സെമിനാറാണ് വേദി.

അവതാരകന്‍ പത്തു പേരെ വോളന്‍റിയര്‍മാരായി സ്റ്റേജിലേക്ക് ക്ഷണിച്ചു. 

പത്തു പേരുടെ കയ്യിലും ഓരോ ബലൂണുകള്‍ നല്‍കി -"എല്ലാവരും അവരവര്‍ക്കു കിട്ടിയ ബലൂണ്‍ ഊതിവീര്‍പ്പിച്ച ശേഷം നന്നായി കെട്ടുക."

ശേഷം എല്ലാവര്‍ക്കും ഓരോ ടൂത്ത് പിക്കുകള്‍ നല്‍കപ്പെട്ടു. 

"ഇപ്പോള്‍ നിങ്ങളുടെ ഒരു കയ്യില്‍ ബലൂണും മറുകയ്യില്‍ ടൂത്ത്പിക്കുമുണ്ട്. 

നിങ്ങളുടെ പക്കല്‍ അഞ്ചു മിനിറ്റ് സമയമുണ്ട്

 അഞ്ചു മിനിറ്റ് കഴിയുമ്പോള്‍ ആരുടെ പക്കലാണോ ബലൂണ്‍ പൊട്ടാതെ അവശേഷിക്കുന്നത് - അവരായിരിക്കും വിജയി.

 ത്രീ, ടു, വണ്‍ - നിങ്ങളുടെ സമയം ഇതാ ആരംഭിക്കുന്നു"

അവതാരകന്‍റെ വിസില്‍ മുഴങ്ങിയതും വോളന്‍റിയര്‍മാര്‍ ഓരോരുത്തരും സ്വന്തം ബലൂണുകള്‍ സുരക്ഷിതമാക്കാന്‍ ശ്രമിച്ചു കൊണ്ട് തൊട്ടടുത്തു നില്‍ക്കുന്നയാളിന്‍റെ കയ്യിലെ ബലൂണ്‍ കുത്തിപ്പൊട്ടിക്കാനുള്ള ശ്രമം തുടങ്ങി.

 ബലൂണുകള്‍ പൊട്ടുന്ന ശബ്ദം ഹാളില്‍ മുഴങ്ങിത്തുടങ്ങി. 

സ്വന്തം ബലൂണ്‍ പൊട്ടിയവര്‍ കൂട്ടം ചേര്‍ന്ന് ബലൂണ്‍ കയ്യിലുള്ളവരെ ആക്രമിച്ച് അവരുടെ ബലൂണുകളും കുത്തിപ്പൊട്ടിച്ചു. 

ഒരു മിനിട്ടിനുള്ളില്‍ എല്ലാവരുടെയും കയ്യിലെ ബലൂണുകള്‍ പൊട്ടിത്തീര്‍ന്നു. 

"ആരുടെയെങ്കിലും കയ്യില്‍ ബലൂണ്‍ പൊട്ടാതെ അവശേഷിച്ചിട്ടുണ്ടോ ?" പരിശീലകന്‍ ചോദിച്ചു.

"ഇല്ല" എല്ലാവരും ഒരേസ്വരത്തില്‍ മറുപടി പറഞ്ഞു. 

"മത്സരം തുടങ്ങും മുന്‍പ് ഞാനെന്താണ് പറഞ്ഞത് ?" പരിശീലകന്‍ അവരെ നോക്കി ചോദിച്ചു.

"അഞ്ചു മിനിറ്റ് കയ്യിലുള്ള ബലൂണ്‍ പൊട്ടാതെ സൂക്ഷിക്കുന്നവര്‍ വിജയിക്കും" അവര്‍ പറഞ്ഞു.

"മറ്റുള്ളവരുടെ കയ്യിലെ ബലൂണ്‍ കുത്തിപ്പൊട്ടിക്കാന്‍ ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നോ ?"

"ഇല്ല"

"നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കുവാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലേ ?" 

"ഉണ്ടായിരുന്നു" 

"എങ്ങനെ ?"

"ആരും പരസ്പരം ബലൂണുകള്‍ കുത്തിപ്പൊട്ടിക്കാതിരുന്നെങ്കില്‍"

"അതേ, ആരും ആരുടെയും ബലൂണുകള്‍ കുത്തിപ്പൊട്ടിക്കാന്‍ ശ്രമിക്കാതിരുന്നെങ്കില്‍ എല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കാമായിരുന്നു."

ഒന്നു നിര്‍ത്തിയശേഷം പരിശീലകന്‍  തുടര്‍ന്നു ...

 "വിജയിക്കുവാനായി മറ്റൊരാളെ പരാചയപ്പെടുത്തണമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ല. 

വിജയിക്കുവാനായി മറ്റൊരാള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തണമെന്നും ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ല. 

എന്നിട്ടും നിങ്ങള്‍ പരസ്പരം ബലൂണുകള്‍ പൊട്ടിച്ചു. 

നമ്മുടെ മനശാസ്ത്രം അങ്ങനെയാണ്. 

ജയിക്കണോ, ആരെയെങ്കിലുമൊക്കെ തോല്‍പ്പിക്കണം. 

ആരുടെ കയ്യിലാണോ ബലൂണ്‍ പൊട്ടാതെ അവശേഷിക്കുന്നത് അവര്‍ വിജയിക്കുമെന്ന് പറഞ്ഞപ്പോള്‍ ഓരോരുത്തരും അവരവരുടെ കയ്യിലെ ടൂത്ത്പിക്കുകള്‍ ഉപയോഗിച്ച് മറ്റേയാളുടെ കയ്യിലെ ബലൂണ്‍ പൊട്ടിച്ചു. 

ബലൂണ്‍ പൊട്ടിയവര്‍ ഒത്തു ചേര്‍ന്ന് പൊട്ടാത്ത ബലൂണ്‍ കയ്യിലുള്ളവരെ ആക്രമിച്ചു. 

ഇതുതന്നെയല്ലേ വീടുകളില്‍ നടക്കുന്നത്. 

ജോലിസ്ഥലങ്ങളിളിലും, രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയിയിലും 

രാജ്യങ്ങള്‍ക്കിടയിലും നടക്കുന്നത് ?"

"മറ്റുള്ളവരെ പരായപ്പെടുത്തുവാനുള്ള മത്സരത്തില്‍ ആരെങ്കിലും വിജയിക്കുന്നുണ്ടോ ? ഇല്ല 

നമ്മളെല്ലാവരും ഒരുമിച്ചു പരാജയപ്പെടുന്നു. 

മറ്റു പാര്‍ട്ടികളെ കീഴ്പ്പെടുത്തുവാനുള്ള വ്യഗ്രതയില്‍ 

രാഷ്ട്രീയപ്പാര്‍ട്ടികള്‍ രാജ്യത്തെയൊന്നാകെ പരാജയപ്പെടുത്തുന്നു."

ഒരു നിമിഷത്തെ മൌനത്തിനു ശേഷം അദ്ദേഹം തുടര്‍ന്നു. 

"നിങ്ങളെല്ലാവരും ഈയൊരു സത്യം മനസ്സിലാക്കണം - 

ഒറ്റയ്ക്ക് നമ്മളൊരു തുള്ളിയാണെങ്കില്‍ ഒരുമിച്ചു ചേരുമ്പോള്‍ നമ്മളൊരു സമുദ്രമാണ് !

ഒറ്റക്ക് നമ്മളൊരു ദുര്‍ബലമായ നൂലാണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മള്‍ മനോഹരമായൊരു പരവതാനിയാണ് !

ഒറ്റക്ക് നമ്മളൊരു കടലാസാണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മളൊരു പുസ്തകമാണ് !

ഒറ്റക്ക് നമ്മളൊരു  കല്ലാണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍
 നമ്മളീ ഭൂമിയാണ് !

പരസ്പരം തോല്‍പ്പിക്കാന്‍ ശ്രമിക്കാതെ ഒറ്റക്കെട്ടായി നിന്നാല്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കാം !!"

(കടപ്പാട്)

Thursday, 12 January 2017

ഉപ്പ (കഥ)




ഉപ്പാന്‍റെ മുഖത്തിന്‌ പന്തലിലെ വിളക്കുകളെക്കാള്‍ തിളക്കമുണ്ടെന്ന് തോന്നി.


 കല്യാണത്തലേരാത്രിയാണെങ്കിലും ഒരുപാടാളുകള്‍ വന്നിരുന്നു. 


പന്തലില്‍ ഇപ്പോഴാണ്  തിരക്ക് കുറഞ്ഞത്. 


നെയ്ച്ചോറിന്‍റെ മണമുള്ള കാറ്റില്‍   ജനറേറ്ററിന്‍റെ ശബ്ദവും, 


കുട്ടികള്‍ ഓടിക്കളിക്കുന്ന ബഹളവും കലര്‍ന്നു.


വിവാഹനിശ്ചയം കഴിഞ്ഞത് മുതല്‍ എണ്ണിയെണ്ണി കഴിഞ്ഞ ഓരോ നാളുകളും സ്വപ്നലോകത്തിലൂടെയുള്ള അനുഭൂതി നിറഞ്ഞ ഒരു യാത്രപോലെ.....  


ഈ ഒരു രാത്രി കൂടി പിന്നിടുമ്പോള്‍.... 


ഇത്ര നേരവും പാട്ടും ചിരിയും കളിയാക്കലുമായി കൂട്ടുകാരികള്‍ ഉണ്ടായിരുന്നു. 


എല്ലാവരും പോയപ്പോള്‍ ഒരു ഒറ്റപ്പെടല്‍ പോലെ. 


നല്ല ക്ഷീണം തോന്നുന്നു. 


ഇന്നലെ മൈലാഞ്ചിരാവിലും ശരിക്ക് ഉറങ്ങിയിട്ടില്ല. 


ഉച്ചമുതല്‍ അണിഞ്ഞ  കല്യാണപെണ്ണിന്‍റെ  വേഷവും  തലയില്‍ ചൂടിയ മുല്ലപ്പൂക്കളും മുഖത്തെ മെയ്ക്കപ്പും ഏറെ നേരമായുള്ള നില്‍പ്പും എല്ലാം കൂടി വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. 


നാളെ മുതല്‍ മറ്റൊരു വീട്ടിലേക്ക്.. പുതിയൊരു ജീവിതത്തിലേക്ക്. അവളോര്‍ത്തു. .... ജനിച്ചു വളര്‍ന്ന വീട്ടില്‍  ഇനി ഒരു വിരുന്നുകാരിയെപ്പോലെ കയറി വരുന്നത് ......  


ആഹ്ലാദങ്ങള്‍ക്കിടയില്‍  എന്തിനെന്നറിയാതെ ഉള്ളിലൊരു  സങ്കടം കനക്കുന്നതറിഞ്ഞു. 


ഇത്രനാളും ഉപയോഗിച്ച കിടപ്പുമുറിയില്‍ വെറുതെ നിന്നു. അടുക്കി വെച്ച പാഠപുസ്തകങ്ങള്‍ തലോടി...


മേശയില്‍ പലപ്പോഴായി ശേഖരിച്ച കുഞ്ഞുകുഞ്ഞു കൌതുകങ്ങളില്‍ നിന്ന് ശൈശവവും ബാല്യവും നോക്കി ചിരിച്ചു.


ഉമ്മ പിന്നാമ്പുറത്ത് തിരക്കിലാണ്.  


വൈകുന്നേരങ്ങളില്‍ കോളേജ് വിട്ടു വന്ന് അടുക്കളയില്‍ ഉമ്മയോട് വര്‍ത്തമാനം പറയാനും സഹായിക്കാനും ഇനി താന്‍ ഉണ്ടാവില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഉള്ളിലൊരു കരച്ചില്‍ വന്നു മുട്ടി.


നടുവകത്തെ ചുവരോട് ചേര്‍ത്തിട്ട, സ്ഥിരമായി   പഠിക്കാനിരിക്കുന്ന കസേരയുടെ പിറകില്‍ ... 


വര്‍ഷങ്ങളായി തന്‍റെ തല ചാരി ഇരുണ്ടുപോയ അടയാളം ചുവരില്‍ എത്ര മായ്ച്ചിട്ടും മായാതെ....


ജാലകത്തിലൂടെ മുറ്റത്തെ പന്തലിലേക്ക് വെറുതെ നോക്കിയിരുന്നു. 


ഉപ്പയോട് കൈ പിടിച്ചു കുലുക്കി യാത്ര പറഞ്ഞു പിരിയുന്നവര്‍. 


നാളെ നേരത്തെ വരണേ എന്ന് ഓര്‍മ്മിപ്പിച്ച് അവരെ സന്തോഷത്തോടെ യാത്രയാക്കുന്ന ഉപ്പയുടെ ചിരി...


ഏറെ കാലത്തിനു ശേഷം കാണുന്നത് പോലെ  ഉപ്പയെ തന്നെ നോക്കിനിന്നു.


 ഉപ്പ എപ്പോഴാണ് ഇത്രയും വയസ്സനായത്. അവള്‍ അതിശയത്തോടെ ചിന്തിച്ചു. 


മുടി വല്ലാതെ നരച്ചിരിക്കുന്നു. മുഖം ക്ഷീണിച്ച്....


ചുമലുകള്‍ വല്ലാതെ തൂങ്ങിയപോലെ. 


പഴയ കുപ്പായം ഒട്ടും പാകമല്ലാതെ അയഞ്ഞു കിടന്നു........ 


കോളേജില്‍ പോകാന്‍ തുടങ്ങിയ ശേഷം ഉപ്പയെ ഇങ്ങനെ അടുത്ത് കാണാറില്ലല്ലോ. 


അവള്‍ ഓര്‍ത്തു. 


താന്‍ ഉണര്‍ന്നു വരുമ്പോള്‍ സുബ്ഹി നിസ്കരിച്ചു വന്ന് ഉപ്പ നടുവകത്തിരുന്ന് ഖുര്‍ആന്‍ ഓതുന്നുണ്ടാകും. 


ഈണത്തോടെ തലയാട്ടി ലയിച്ചുള്ള പാരായണം. 


ഉറക്കച്ചടവോടെ അടുക്കളയിലേക്ക് പോകുമ്പോള്‍ ഓതുന്നതിനിടയിലും ഉപ്പ ഒരു ചിരി സമ്മാനിക്കും. 


പണിയൊക്കെ തീര്‍ത്ത് ധൃതിപ്പെട്ട് കോളേജിലേക്ക്  ഓടുമ്പോള്‍ ഉപ്പ പറമ്പില്‍ എന്തെങ്കിലും ജോലിയിലായിരിക്കും. 


രാത്രി പീടികപൂട്ടി വരുമ്പോഴേക്ക് താന്‍ ഉറങ്ങിക്കഴിഞ്ഞിട്ടുണ്ടാകും. 


കുഞ്ഞുന്നാളില്‍ ഉപ്പ പീടിക പൂട്ടിവരുന്നത് വരെ കാത്തിരുന്ന കുഞ്ഞുടുപ്പിട്ട പെണ്‍കുട്ടിയെ  ഓര്‍ത്തു. 


കടലാസു പൊതിയിലെ മിട്ടായി  കയ്യില്‍ മറച്ചു പിടിച്ച്, ..


പരിഭവപ്പെടുമ്പോള്‍ കയ്യിലേക്ക് പൊതി വെച്ച് തന്ന് എടുത്തുയര്‍ത്തുന്ന ഉപ്പയുടെ കണ്ണുകളിലെ ചിരിത്തിളക്കം.... 


ഉരുട്ടിത്തന്ന ചോറുരുളകളുടെ രുചി.... ഉപ്പാന്‍റെ നെഞ്ചില്‍ കിടന്നുള്ള  ഉറക്കം....


ഉപ്പ നന്നായി പഠിക്കുമായിരുന്നു എന്ന് ഉമ്മാമ പറഞ്ഞു കേട്ടിട്ടുണ്ട്. പഠനത്തില്‍ മാത്രമല്ല ഓട്ടത്തിനും ചാട്ടത്തിനും പാട്ടിനും പ്രസംഗത്തിനും ഒക്കെ മുന്നില്‍...എന്നിട്ടും...


എട്ടാം  ക്ലാസില്‍ പഠിക്കുമ്പോഴാണ് ഉപ്പാപ്പ  കിടപ്പിലായതും, 


ഉപ്പ പഠിത്തം നിര്‍ത്തി ഉപ്പാപ്പാന്‍റെ  പീടികയില്‍ കയറി നിന്നതും. 


അന്നു മുതല്‍ പീടികയും വീടും ചരക്കെടുക്കാന്‍ പോകുന്ന വലിയങ്ങാടിയും മാത്രമാണ് ഉപ്പാന്‍റെ ലോകം. 


അനുജന്മാരൊക്കെ ഗള്‍ഫിലേക്ക് പോയപ്പോഴും വീട് നോക്കാനും കുടുംബം നോക്കാനും ഉപ്പ നാട്ടില്‍ തന്നെ...


“നീ ഒന്നും കഴിച്ചിട്ടില്ലാലോ...വാ ഇതൊക്കെ മാറ്റി എന്തെങ്കിലും  തിന്നാം”


ഉമ്മയാണ്. പുറത്തെ തിരക്ക്  കുറഞ്ഞിരിക്കുന്നു.  


“ഉമ്മാ ഉപ്പ ഇന്നേക്ക് ഇടാന്‍ പുതിയ ഷര്‍ട്ടൊന്നും എടുത്തിട്ടില്ലേ”


“ഞാന്‍ കുറേ പറഞ്ഞതാ.... നിന്‍റെ ഉപ്പാന്‍റെ സ്വഭാവം നിനക്കറിയാലോ...”
ഉമ്മ ചിരിച്ചു.

കല്യാണത്തിന് എല്ലാര്‍ക്കും ഡ്രസ്സ്‌ എടുക്കാന്‍ പോയപ്പോള്‍ ഇഷ്ടപ്പെട്ടൊരു സാരിയുടെ വിലകേട്ടു തഞ്ചി നിന്ന തന്നോട്  ഉപ്പ സ്വകാര്യം പറഞ്ഞതോര്‍ത്തു.


“മോള്‍ക്ക് ഇഷ്ടമുള്ളത് എടുത്തോ....വെല നോക്കണ്ട”


തൊണ്ടയില്‍ ഒരു കരച്ചില്‍ വന്നു കനക്കുന്നതെന്തിനാണ്‌....


നാളെ എന്‍റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദം നിറഞ്ഞ ദിവസമല്ലേ... 


ആ സന്തോഷം പങ്കിടാനല്ലേ ഈ ആളുകള്‍ ഒക്കെ വന്നത്... 


അതിനല്ലേ ഈ ആഘോഷങ്ങളൊക്കെ ഒരുക്കിയത്......


ഉപ്പയല്ലേ ഇതിനായി ഇത്രനാളും ഓടി നടന്നത്  ആ ചിരിയല്ലേ ഉപ്പാന്‍റെ മുഖത്ത് തിളങ്ങി നില്‍ക്കുന്നത്...


ചെറുക്കനെ പറ്റിയും വീട്ടുകാരെ പറ്റിയും ഒരുപാട് ചുഴിഞ്ഞും ചുറഞ്ഞും  അന്വേഷിച്ചിട്ടാണ് ഉപ്പ ഈ ബന്ധത്തിന് നിന്നതെന്ന് ഉമ്മ ചിരിക്കും

“നിന്റുപ്പാക്ക് എന്നാലും സമാധാനാകൂലാ”. 


പീടിക ഒഴിവുള്ള ദിവസങ്ങളില്‍ ഉപ്പ വീട് മുഴുവന്‍ തൂത്ത് വൃത്തിയാക്കുമ്പോള്‍ ഷോ കെയ്സില്‍ വെച്ച, 


തനിക്ക് കിട്ടിയ സമ്മാനങ്ങളൊക്കെ പൊടിതുടച്ച് ഭംഗിയാക്കി വെച്ചിട്ടുണ്ടാകും. 


എട്ടാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ മിടുക്കനായൊരു വിദ്യാര്‍ഥി  അപ്പോഴൊക്കെ ഉപ്പാന്‍റെ ഉള്ളില്‍.....


ഈ വീടും പറമ്പും ഞങ്ങളുടെ ജീവിതവും ഉപ്പാന്‍റെ വിയര്‍പ്പാണ് എന്ന് ഉമ്മ ഇടക്കൊക്കെ ഓര്‍മ്മിപ്പിക്കാറുണ്ട്. 


ഓരോ അവധിക്കാലം കഴിയുമ്പോഴും കുട്ടികള്‍ കുടുംബസമേതം ടൂറു പോയ കഥകള്‍ പറയാന്‍ മത്സരിക്കുമ്പോള്‍ ഉപ്പാനോട് ഈര്‍ഷ്യ തോന്നി, 



ഒരിക്കലും വിട്ടു നില്‍ക്കാന്‍ കഴിയാത്തൊരു പീടികയും ഉപ്പയും എന്ന് ഉമ്മയോട് പരിഭവപ്പെടുമ്പോള്‍ ഉമ്മ പറയും.


“നിന്‍റെ കല്യാണം കഴിഞ്ഞ് പുയ്യാപ്ലന്‍റെ കൂടെ പൊയ്ക്കോ....അതിനല്ലേ വല്യ ശുജായിനെ തന്നെ ഉപ്പ നോക്കുന്നത്”


ഉപ്പാ....... പറക്കാന്‍ കൊതിച്ച എന്‍റെ ചിറകുകള്‍ ഇപ്പോള്‍ കുഴയുന്നതെന്താണ്.
  

“മോളേ നീ വന്ന് ചോറ് തിന്ന്”


ഉമ്മയാണ് വീണ്ടും.


“ഉപ്പ കഴിച്ചോ”


“ഉണ്ടാവില്ല....ഉപ്പ കഴിച്ചോളും നീ ഇതൊക്കെ മാറ്റി എന്തേലും തിന്നാന്‍  നോക്ക്.. ഞാന്‍ എടുത്തു വെച്ചിട്ടുണ്ട്...”


“ഉമ്മാ” മെല്ലെ പറഞ്ഞു  


“ഉപ്പയും വരട്ടെ നമ്മക്ക് ഒന്നിച്ചു കഴിക്കാം...”


“ഈ പെണ്ണിന്റൊരു കിന്നാരം.....”


ഉമ്മ പിറുപിറുത്തുകൊണ്ട് പോയി 


വസ്ത്രം  മാറി വന്നപ്പോള്‍ ഉപ്പയും ഉമ്മയും  ചോറിനു മുന്നില്‍ ഇരിക്കുന്നുണ്ടായിരുന്നു. 


“മോള്‍ക്ക് കഴിച്ചൂടായിരുന്നോ”


ഉപ്പയുടെ ചിരിപുരണ്ട ചോദ്യം.


“ഇനി എനിക്ക് ഉപ്പാേന്‍റം  ഉമ്മാേന്‍റം മാത്രം മോളായി ഈ വീട്ടില്‍ ഇരുന്നിങ്ങനെ കഴിക്കാന്‍ പറ്റൂലാലോ”


ചിരിച്ചു കൊണ്ട് മൂന്നാള്‍ക്കും ചോറ് വിളമ്പി.


കഴിക്കാന്‍ ഒരുങ്ങുമ്പോള്‍ ഒരു ഉരുള ചോറുമായി നീണ്ടു വന്ന  ഉപ്പയുടെ കൈ! കണ്ണ് നിറഞ്ഞു. 


സ്നേഹവും വാത്സല്യവും കൂട്ടിക്കുഴച്ച ആ രുചിയില്‍ താനൊരു കുഞ്ഞായി മാറി.  ഉപ്പാന്‍റെ ചിരിക്കുന്ന മുഖത്ത് കണ്ണീര്‍തിളക്കം.


 വിശപ്പുകെടാത്ത കുട്ടിയെ പോലെ പിന്നെയും പിന്നെയും കഴിച്ചു കൊണ്ടിരുന്നു. ചിരിയോടെ നോക്കിയിരുന്ന ഉമ്മയുടെ കണ്ണിലും പെരുമഴ കൂടുകെട്ടിയോ.



Wednesday, 11 January 2017

അവരെത്തും മുന്നേ നീയെത്തും...

ദേശാടനത്തിനു പോയ കിളികളിൽ ഒരു കിളിയുടെ ചിറകിനൊരു തളർച്ച... 

സമുദ്ര വഴിയുടെ പാതിയെ പിന്നിട്ടിട്ടുള്ളു. വിശ്രമിക്കാമെന്നു കരുതിയാൽ സമുദ്രത്തിൽ കരയെവിടെ... 

അങ്ങ് ദൂരെയൊരു ദ്വീപുണ്ട് അതാണ് ഇടത്താവളം, അവിടുന്നാണ് ആഹാരവും വിശ്രമവും തുടർ യാത്രയും... 

 അവിടേക്കെത്തണമെങ്കിൽ മൈലുകൾ വീണ്ടും പറക്കണം. ഇല്ല എനിക്കെത്താനാവില്ല, പാതി വഴിയേ തളർന്നു വീഴും... 

കൂടെയുള്ള പക്ഷികളെല്ലാം പിന്തിരിഞ്ഞു നോക്കാതെ പറക്കുകയാണ്. ഒരുമിച്ച് പറക്കണം പരസ്പരം ശ്രദ്ധിക്കണമെന്നൊക്കെ പറഞ്ഞിട്ട് ആരും ശ്രദ്ധിക്കുന്നില്ല ...

അവരെല്ലാം ദൂരെയെത്തി, എന്റെ നിലവിളിയും അവർ കേൾക്കുന്നില്ല. ഇല്ല, ഇനി എനിക്ക് പറക്കുവാൻ സാധിക്കുകയില്ല...

ചിറകുകൾ തളരുന്നു, കുഴയുന്നു. ഈ മഹാ സമുദ്രത്തിൽ മരണപ്പെടാനാണെന്റെ വിധി. മോഹങ്ങളും സ്വപ്നങ്ങളും പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നല്ലോ. ഞാൻ, ഞാൻ എന്റെ ചിറകുകൾ, ദൈവമേ... 

ദേശാടനക്കിളി നിലയില്ലാ ഉൾക്കടലിൽ വീണിരിക്കുന്നു. സ്രാവുകളും മറ്റ് ഇരപിടിയൻ മത്സ്യങ്ങളും തേർവാഴ്ച്ച നടത്തുന്ന ഈറ്റില്ലം.....

ചിറകുകൾ നനഞ്ഞു , പപ്പും തൂവലും നനഞ്ഞു. വെള്ളത്തിന്റെ ശൈത്യ ഭാവം ദേഹം മരവിപ്പിക്കുന്നു. തന്റെ പ്രിയപ്പെട്ടവരെല്ലാം മനസ്സിലൂടെ ഇടിമിന്നൽ പോലെ മിന്നിമറഞ്ഞു. ഇനിയവരെ ഒരിക്കലും കാണാൻ പറ്റില്ലല്ലോ..... 

അവസാനമായവൾ, ആ കൊച്ചു പക്ഷി ശ്വാസം ആഞ്ഞു വലിച്ചു. അപ്പോഴേക്കും കഴുത്ത് വരെ മുങ്ങിയിരുന്നു .....

ഇതെല്ലാം കണ്ടൊരു തിമിംഗലം അല്പം ദൂരത്തുണ്ടായിരുന്നു. ആ നീല തിമിംഗലം അവളുടെ അടിയിൽ വന്നൊന്ന് പൊങ്ങി .....

തളർന്ന നനഞ്ഞ ചിറകുള്ള പക്ഷി ഇപ്പോൾ തിമിംഗലത്തിന്റെ വിശാലമായ പുറത്ത് തളർന്നു കിടക്കുന്നു.....

അവളെയും വഹിച്ച് കൊണ്ട് തിമിംഗലം ദ്വീപ് ലക്ഷ്യമാക്കി കുതിച്ചു. വെള്ളത്തിന്റെ മുകളിലൂടെ ഒരു പാറക്കഷ്ണം ഒഴുകി വരുന്നപോലെ തോന്നിച്ചു.....

ആകാശം വെള്ള കീറി, കറുത്ത കാർമേഘങ്ങൾ അപ്രത്യകഷമായി. ആ കൊച്ചുപക്ഷിയുടെ ദേഹത്തേക്ക് സൂര്യ കിരണങ്ങളടിക്കാൻ തുടങ്ങി.....

സൂര്യന്റെ ചൂടിൽ ചിറകുകൾ ഉണങ്ങി. അവൾ ചിറകൊന്ന് കുടഞ്ഞു, ക്ഷീണമെല്ലാം പമ്പ കടന്നിരിക്കുന്നു. ചിറകിന്റെ തളർച്ച പൂർണ്ണമായും മാറിയിരിക്കുന്നു. അപ്പോഴേക്കും തിമിംഗലം.ആ ദ്വീപിനടുത്തെത്തിയിരുന്നു.....

ആ കിളിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഇറ്റു വീണു. നന്ദി സൂചകമായി തന്റെ കൊക്ക് കൊണ്ട് തിമിംഗലത്തിന്റെ ദേഹത്താക്കിളി ഉരസി.....

അത് മനസ്സിലാക്കിയ തിമിംഗലമൊന്ന് രോമാഞ്ചം കൊണ്ടപോലെ. സ്നേഹത്തിന്റെ, കനിവിന്റെ , ആർദ്രതയുടെ, സന്തോഷത്തിന്റെ, സഹായത്തിന്റെ രോമാഞ്ചം..... 

തിമിഗലം പോകുന്ന വരെ ആ കിളി അവിടെ വട്ടമിട്ട് പറന്നു. ആ തിമിംഗലം കടലിന്റെ ആഴത്തിലേക്ക് നീന്തി മറഞ്ഞു..... 

കൂടെ പറന്ന ദേശാടനകിളികളെത്തും മുന്നേ ആ കിളിയാ ദ്വീപിൽ എത്തിച്ചേർന്നു. അവൾ പഴങ്ങൾ കഴിച്ചു..... 

പറന്നു വരുന്ന ദേശാടനക്കിളികളെ നോക്കി അവൾ തീരത്തുള്ള ഒരു മരക്കൊമ്പിൽ കാത്തിരിക്കാൻ തുടങ്ങി.....

പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ നീയറിയാതെ ഒരത്ഭുതം നിന്നെ തേടിയെത്തും.....

നിന്റെ അവസാനമെന്ന് ചിന്തിക്കുന്നുവെങ്കിൽ വിഷമം വേണ്ടാട്ടോ. നിന്നെ പരിഹസിച്ചവർ, പിന്നിൽ തള്ളിയവർ, അവരെത്തും മുന്നേ നീയെത്തും. എന്നിട്ടവർക്കു വേണ്ടി കാത്തിരിക്കും. അവരത് കണ്ടു അത്ഭുതപ്പെടും. ജീവിതം അതാണ്. അനുഭവത്തിൽ നിന്ന് നിങ്ങളെ ഞാൻ ആശ്വസിപ്പിക്കട്ടെ.....

(കടപ്പാട്)

കുട്ടികളെപ്പോലെ വളരേണ്ടതുണ്ട് നമ്മളൊക്കെ...

എട്ടു വയസ്സുള്ള ഒരു പെൺകുട്ടി 
ഒരു ദിവസം വീട്ടിൽ ഭക്ഷണം കഴിക്കാൻ മടിച്ചു. 

ആ കുട്ടിയെ ഭക്ഷണം കഴിപ്പിക്കുക എന്ന ചുമതല 
ആ കുട്ടിയുടെ അമ്മ അച്ഛന്‍റെ തലയിൽ വച്ചു കൊടുത്തു. 

അച്ഛൻ ഒന്ന് പുന്നാരിച്ച് മകളെ കൊണ്ട് 
ഭക്ഷണം കഴിപ്പിക്കാൻ ഉള്ള ശ്രമം തുടങ്ങി. 

മകൾ പറഞ്ഞു:  
ഞാൻ പറയുന്നത് ചെയ്യാം എന്ന് അച്ഛൻ പ്രോമിസ് ചെയ്‌താൽ 
ഞാൻ ഭക്ഷണം കഴിക്കാം... 


വലിയ കാശ് ചെലവുള്ള ആഗ്രഹങ്ങൾ അല്ലെങ്കിൽ നടത്തി തരാം... 
എന്ന് അച്ഛൻ മറുപടി പറഞ്ഞു. 

"എന്‍റെ തല മൊട്ടയടിക്കണം"- 
ആ കുട്ടി പറഞ്ഞു. 


കേട്ട വഴി അമ്മ വന്ന് ഈ ഭ്രാന്തൊന്നും സമ്മതിച്ചു കൊടുക്കരുത് എന്ന് അച്ഛനോട് പറഞ്ഞു. 


പക്ഷെ കുട്ടി വാശി പിടിച്ചു. 

അച്ഛന്‍ അതോടെ  പ്രോമിസ് ചെയ്തു, 

ഭക്ഷണം കഴിച്ചാല്‍ മൊട്ടയടിക്കാം. 

ആ കുട്ടി ആവേശത്തോടെ ഭക്ഷണം കഴിച്ചു. 

ഭക്ഷണം കഴിഞ്ഞപ്പോൾ അച്ഛന് ഒരു വിഷമം. 

മകളെ തിരുത്താൻ ശ്രമം തുടങ്ങി. 

"മോൾക്ക് എന്ത് നല്ല മുടിയാണ്... എന്തിനാ അത് കളയുന്നത്... വേണ്ട മോളെ..." എന്ന് അച്ഛൻ പറഞ്ഞു നോക്കി. 

"കൊച്ചു പിള്ളേര്‍ അങ്ങനെ പറയും, അതൊന്നും കേൾക്കണ്ട " 
എന്ന് അമ്മ ഒറ്റ വാശി. 


"ഞാൻ പ്രോമിസ് ചെയ്തതല്ലേ? 
അത് നടത്തിയില്ലെങ്കില്‍ അവൾക്ക് നമ്മളോടുള്ള വിശ്വാസം അല്ലെ പോകുക?" 


"മുടിയല്ലേ, അത് വീണ്ടും വന്നോളും" 


എന്ന് പറഞ്ഞ്, 
അച്ഛന്‍ മകളുടെ തല ക്ലീൻ ഷേവ് അടിച്ചു. 

പിറ്റേന്ന് അവളെ അച്ഛന്‍ സ്കൂളില്‍ കൊണ്ടുപോയി ആക്കി. 

അന്നേരം ഒരു അമ്മയും മകളും അത് വഴി വന്നു .  


ആ മകളുടെ തലയും ഇതുപോലെ ക്ലീൻ ഷേവ് കണ്ട് 
ഈ അച്ഛൻ അത്ഭുതപ്പെട്ടു. 

ആ കുട്ടി ഉടനെ ഈ അച്ഛന്‍റെ മകളുടെ അടുത്തേക്ക് സന്തോഷത്തോടെ ഓടി വന്നു. 


അവർ സഹപാഠികളും സുഹൃത്തുക്കളും ആണെന്ന് അവരുടെ സംസാരത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും വ്യക്തമായിരുന്നു. 
  

ആ അമ്മ കണ്ണ് നിറഞ്ഞു പറഞ്ഞു 


നിങ്ങളുടെ മകള്‍ വലിയ ഒരു മനസ്സുള്ളവളാണ് , 

"എന്‍റെ മകൾക്ക് ക്യാൻസർ ആണ്." 


"കീമോതെറാപ്പി ചെയ്തു തലമുടി ഷേവ് ചെയ്തപ്പോൾ, 

അവൾക്ക് വലിയ വിഷമം ആയിരുന്നു." 


എല്ലാവരും നോക്കുന്നതുകൊണ്ട, 

"ഇനി സ്കൂളിൽ പോകില്ല" 
എന്ന് പറഞ്ഞു വാശി പിടിച്ചു. 

ആ വാശി അവൾ നിങ്ങളുടെ മകളോട് പറഞ്ഞപ്പോൾ, 

ആ മകൾ 

"താനും തല മൊട്ടയടിച്ച് നാളെ വരാം,  അപ്പൊ ഞാൻ കൂട്ടുണ്ടല്ലോ" 
എന്ന് പറഞ്ഞു. 

"സ്കൂളില്‍ വരാതിരിക്കരുത് " 
എന്നും പറഞ്ഞു.... 


"ഇന്ന് അതുകൊണ്ട് മാത്രമാണ് 

എന്‍റെ മകൾ വീണ്ടും സ്കൂളിലേക്ക് വരാൻ സമ്മതിച്ചതും." 

തൊഴുകയ്യോടെ ആ അമ്മ ഈ കാര്യം പറഞ്ഞപ്പോൾ , 

അച്ഛൻ എന്ത് പറയണം എന്നറിയാതെ മിണ്ടാതെ നിന്നു... 

കുട്ടികളുടെ വിശാലമായ ഈ കാഴ്ചപ്പാടിന് ഭംഗം വരുത്തുന്നത്, 

മുതിർന്നവരുടെ സ്വാർത്ഥ ചിന്താഗതിയാണ്.... 

ഇത്തരം കുട്ടികളെയാണ് മുതിർന്നവർ പഠിപ്പിച്ചു വിടുന്നത്, 

മറ്റേ കുട്ടിയേക്കാൾ കൂടുതൽ മാർക്ക് വാങ്ങണം, 

അവനെ തോല്‍പ്പിക്കണം, 

ഇവനുമായി കൂട്ടുവേണ്ട, 

അവളുമായി ലഞ്ച്ബോക്സ് ഷെയർ ചെയ്യണ്ട.. 
എന്നൊക്കെ.... 

ഒരു പുനർവിചിന്തനം , 

ഒരു പുതിയ തിരിച്ചറിവ്, 

വളരെ അത്യാവശ്യമാണ്... 

കുട്ടികളെ പോലെ വളരേണ്ടതുണ്ട് നമ്മളൊക്കെ...

(കടപ്പാട്)

Friday, 6 January 2017

ആരേയും വില കുറച്ച്‌ കാണാതിരിക്കുക

അയാൾ ആ ഫ്രീസർ പ്ലാന്റിന്റെ ടെക്‌നിക്കൽ ഇൻചാർജ്‌ ആയിരുന്നു.. 

വളരെ വലിയ പ്ലാന്റ്‌ ആയിരുന്നത്‌ കൊണ്ടും അന്ന് ഇടക്കിടെ ചില സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടത്‌ കൊണ്ടും അയാളുടെ കീഴിലുള്ള ജോലിക്കാർക്ക്‌ വേണ്ട നിർദ്ദേശങ്ങൾ നൽകി -

 ഓടിനടന്നിരുന്ന അയാൾക്ക്‌ ആ ദിവസം ഒരു തലവേദന തന്നെയായിരുന്നു..

 ഉച്ചയോടെ തകരാറുകൾ എല്ലാം ക്ലിയർ ചെയ്ത സമാധാനത്തിലായിരുന്നു അയാൾ,

 അന്നത്തെ വർക്ക്‌ കഴിഞ്ഞു അയാളുടെ ജോലിക്കാർ പോകുന്ന തിരക്കിലായിരുന്നു..

ജോലിയോട്‌ വല്ലാത്തൊരു ആത്മാർത്ഥതയായിരുന്നു അയാൾക്ക്‌,,

 തികഞ്ഞ ഈശ്വരവിശ്വസിയായിരുന്ന അയാളെ സംബന്ധിച്ചിടത്തോളം അത്‌ വിശ്വാസത്തിന്റെ ഭാഗമായിരുന്നു.

പോകുന്നതിനു മുൻപ്‌ താൻ ക്ലിയർ ചെയ്ത ഭാഗത്ത്‌ പോയി ഒന്നുകൂടെ ഉറപ്പു വരുത്തുന്നതിനാണ്‌ അയാൾ ആ ഫ്രീസ്ഡ്‌ ക്യാബിനിലേക്ക്‌ കടന്നത്‌.. 

എല്ലാം ഭംഗിയായി നടക്കുന്നു എന്നു സമധാനിച്ച്‌ തിരിച്ച്‌ പുറത്ത്‌ കടക്കുന്നതിനായി വാതിലിനടുത്തെത്തിയ അയാൾ ആ സത്യം മനസ്സിലാക്കി....

 കാബിന്റെ ഓട്ടോമാറ്റിക്‌ ഡോർ എങ്ങിനെയോ അടഞ്ഞിരിക്കുന്നു..

 ഇനി പുറത്ത്‌ നിന്നല്ലാതെ ആ ഡോർ തുറക്കാൻ കഴിയില്ലെന്നുള്ള  തിരിച്ചറിവ്‌ അയാളുടെ തലച്ചോറിൽ ഒരു മിന്നൽപിണർ സൃഷ്ടിച്ചു,

വൃഥാവിലാണെന്നറിയാമായിരുന്നിട്ടും  അറിയാവുന്ന രീതിയിലൊക്കെ അയാൾ അത്‌ തുറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.. 

മിനുട്ടുകളുടെ ദൈർഘ്യംകൂടുന്നതിനനുസരിച്ച്‌ ശരീരം മരവിച്ച്‌ തുടങ്ങുന്നത്‌ അയാളറിഞ്ഞു... 

ഇനി കൂടിയാൽ അരമണിക്കൂർ, അതിനുള്ളിൽ പുറത്ത്‌ കടക്കാൻ  കഴിഞ്ഞില്ലെങ്കിൽ......

 പുന്നാര മക്കൾ തണുത്ത്‌ മരവിച്ച അയാളുടെ ശരീരം കെട്ടിപ്പിടിച്ച്‌ വാവിട്ടു കരയുന്ന രംഗമാണ്‌ ആ സമയം അയാളുടെ മനസിലൂടെ കടന്നു പോയത്‌.. 

ഇല്ല, രക്ഷപ്പെടില്ല, എല്ലാം കഴിഞ്ഞു... ജീവിതം തീരുകയാണ്‌...

 സെക്കന്റുകൾ മിനുട്ടുകൾക്കും മിനുട്ടുകൾ മണിക്കൂറുകൾക്കും വഴിമാറി.. 

അയാള്‍ സവ്വശക്തിയുമെടുത്ത്‌ ഉറക്കെ വിളിച്ചുനോക്കി ... 

 ശബ്ദം പുറത്തേക്കു വരുന്നില്ല,  അയാളുടെ ഹൃദയവും ശ്വാസകോശവുമൊക്കെ തണുത്തുറക്കാൻ തുടങ്ങിയിരിക്കുന്നു...

 അയാളുടെ കണ്ണുകൾ മുകളിലേക്കുയർന്നു......

ദൈവമേ.....

വാതിൽ തുറക്കുന്ന ശബ്ദമാണ്‌ അയാളുടെ കണ്ണുകളെ തുറപ്പിച്ചത്‌......

വാതിൽ തുറന്നു പിടിച്ച്‌ മുന്നിൽ നില്‍ക്കുന്ന, കമ്പനി ഗേറ്റിൽ സ്ഥിരമായി നിൽക്കാറുള്ള സെക്യൂരിറ്റിക്കാരന്റെ കൈകളിലേക്ക്‌ അയാൾ കുഴഞ്ഞു വീഴുകയായിരുന്നു...

 ബോധം വീണുകിട്ടുമ്പോൾ അയാൾ ആശുപത്രിയിലായിരുന്നു...

ചുറ്റും കമ്പനിയുടെ മാനേജ്‌മെന്റും സ്റ്റാഫും കുടുംബാംഗങ്ങളും...

 മരണതീരത്ത്‌ നിന്നും ജീവിതത്തിലേക്ക്‌ താൻ തിരിച്ചു വന്നു എന്ന യാഥാർത്ഥ്യം അയാളുടെ കണ്ണുകളെ ഈറനണിയിച്ചു... 

ആ സംശയം  അപ്പോഴും അയാളിൽ ബാക്കിയായിരുന്നു..

അതറിയാനുള്ള ആകാംക്ഷയിൽ അയാൾ ദൈവദൂതനെപ്പോലെ തന്നെ ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടുവന്ന ആ സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തേക്കു നോക്കി...

അത്‌ മനസ്സിലാക്കിയിട്ടെന്ന പോലെ അയാൾ പറഞ്ഞുതുടങ്ങി......

 സർ, ... കഴിഞ്ഞ എട്ട്‌ വർഷമായി ഞാൻ ഈ കമ്പനിയുടെ ഗേറ്റിൽ നിൽക്കാൻ തുടങ്ങിയിട്ട്‌, എത്രയോ ജോലിക്കാർ എന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു, അവരാരും എന്നോട്‌ സംസാരിക്കുകയോ മൈൻഡ്‌ ചെയ്യുകയോ ചെയ്യാറില്ല... 

പക്ഷെ സാർ...രാവിലേയും വൈകിട്ടും എന്നോട്‌ എന്തെങ്കിലുമൊന്നു പറയാതെ ഒരു കുശലാന്വേഷണം നടത്താതെ ഒരിക്കലും എന്റെ മുന്നിലൂടെ കടന്നു പോയിട്ടില്ല...

 അതിനു വേണ്ടി മാത്രമായി സാർ വരുമ്പോഴും പോകുമ്പോഴും ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കും..

 ഇന്നു രാവിലെ സാർ എന്നോട്‌ സലാം പറഞ്ഞ്‌ പോയതു ഞാനോർത്തിരുന്നു...

വൈകിട്ട്‌ സാർ തിരിച്ച്‌   പോകുന്നത്‌ കാണാതായപ്പോൾ എനിക്കു സംശയമായി.. 

ഏത്ര തിരക്കാണെങ്കിലും എന്നോട്‌ ഒന്നു കൈ വീശിയെങ്കിലും കാണിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു... 

സാറിത്ര വൈകേണ്ട കാര്യമില്ലല്ലോ,  സാറിനെന്തെങ്കിലും സംഭവിച്ച്‌ കാണുമോ? എനിക്കെന്തോ മനസ്സിനൊരസ്വസ്ഥത തോന്നി...

 അങ്ങിനെയാണ്‌ ഞാൻ സാറിനെ അന്വേഷിച്ചിറങ്ങിയത്‌...

 അകത്തൊരിടത്തും കാണാതായപ്പോള്‍ ഞാൻ ഓരോ ഫ്രീസർ കാബിനും തുറന്നു നോക്കുകയായിരുന്നു..... 


ഇത്രയും കേട്ടു കഴിഞ്ഞപ്പോഴെക്കും അയാൾ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു പോയി...

Moral.. 

ആരേയും വില കുറച്ച്‌ കാണാതിരിക്കുക. നമ്മുടെ ഒരു ചെറു പുഞ്ചിരിയോ അഭിവാദ്യമോ  അത്ഭുതങ്ങൾ സൃഷ്ടിച്ചേക്കാം...                   ( കടപ്പാട് )

Wednesday, 4 January 2017

അശ്രദ്ധ അപകടമാണ്

ഗുരുവിന്‍റെ അടുത്ത് വന്ന് ശിഷ്യന്‍ ചോദിച്ചു: വലിയ തെറ്റുകളും ചെറിയ തെറ്റുകളും ഒന്ന് വിശദീകരിക്കുമോ..?

ഗുരു പറഞ്ഞു താങ്കൾ കുറച്ച്  വലിയ  കല്ലുകളും ,ചെറിയ കല്ലുകളും കൊണ്ട് വരൂ..

സന്നിധിയിൽ കൊണ്ട്‌ വന്ന കല്ലുകളെടുത്ത്‌  ഗുരു പറഞ്ഞു , ഇനി ഇത് അതിന്റെ യഥാസ്ഥാനത്ത് കൊണ്ട് പോയി തിരിച്ച്‌ വെക്കൂ..


വലിയ കല്ലുകൾ യഥാസ്ഥാനത്ത് വെച്ച അദ്ദേഹത്തിനു ചെറിയ കല്ലുകൾ അതെടുത്ത സ്ഥാനത്ത് വെക്കാൻ കഴിഞ്ഞില്ല, അതെടുത്ത സ്ഥലം ഓർമയിലുണ്ടായിരുന്നില്ല.


ചെറിയ കല്ലുകളുടെ ഒരു കൂമ്പാരം തന്നെ തന്റെ മുന്നിൽ കിടക്കുന്നത് കണ്ട,  ഗുരുവര്യന്‍ ശിഷ്യനോടായി പറഞ്ഞു.. 

ഇത് പോലെയാണ് മനുഷ്യൻ ചെയ്യുന്ന പാപങ്ങളും. വലിയ തെറ്റുകൾ നാം തിരുത്താൻ ശ്രമിക്കും.പക്ഷെ ചെറിയ തെറ്റുകൾ ചെയ്യുന്നത് നാം മറക്കുകയും ചെയ്യും...

പക്ഷെ ആ തെറ്റുകൾ ഈ ചരൽ പോലെ കൂമ്പാരം പോലെ നമ്മുടെ ജീവിതത്തിൽ ഒരു ബാധ്യതയായി മാറുകയും ചെയ്യും.

ചെറിയ അശ്രദ്ധകളെ നാം നിസ്സാരവൽക്കരിക്കാതിരിക്കുക...

Sunday, 1 January 2017

ശരീരം ചോദിക്കുന്ന ചോദ്യങ്ങൾ ....


മഹാത്ഭുതമല്ലേ സഹോദരാ നമ്മുടെ ശരീരം...?

തലച്ചോർ.....


490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ..!

ഒരു മസ്തിഷിക സെല്ലിൽ എൻസൈക്ലോപീഡിയ
ബ്രിട്ടാനിക്കയുടെ 5 ഇരട്ടി വിവരങ്ങൾ ശേഖരിക്കാം..!

ബ്രെയ്നിന്റെ നിർദേശങ്ങൾ..... 

170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു..!

എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേക്കാള്‍ അതിവേഗം..!

ഒരു സെക്കന്റിൽ  "1 ലക്ഷം"  സന്ദേശങ്ങൾ...!

ശ്വാസം, രക്ത പ്രവാഹം, വിശപ്പ്,  ദാഹം,  അംഗചലനങ്ങൾ

കൺ പോളകളുടെ അനക്കം 
പോലും 

തലച്ചോർ നിയന്ത്രിക്കുന്നു..!

നമ്മുടെ മസ്തിഷ്കം..... 

25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു..!

ഒരു ബൾബിന്  പ്രകാശിക്കുവാനുള്ള പവർ...!

ഭാരം 1.3 കിലോ ഗ്രാം മാത്രം... !

വ്യാപ്തി 

14 cm x 16 cm x 9 cm
മാത്രവും!

ഇതൊക്കെ നൽകിയവനേക്കാൾ നമ്മെ സ്നേഹിക്കുന്ന മറ്റാരെങ്കിലുമുണ്ടോ?

ഹൃദയം.....


ഒരു മിനുട്ടിൽ 70 തവണ മിടിക്കുന്നു.....!

അപ്പോൾ ഒരു ദിനം 1 ലക്ഷം തവണ .....!

ഇത് മാതാവിന്റെ ഗർഭഗ്രഹം മുതൽ മിടിച്ചു കൊണ്ടേയിരിക്കുന്നു !

ഈ മിടിപ്പ് വഴി ശരീരത്തിലെ 75 ട്രില്യന്‍ കോശങ്ങളിലേക്കും ഹൃദയം, രക്തം പമ്പ് ചെയ്തു കൊണ്ടേയിരിക്കുന്നു...!

60 വയസ്സ് വരെ ഒരു വ്യക്തിക്ക് ജീവിക്കാൻ ഏകദേശം 10,000 ഓയില്‍ ടാങ്കറുകളിൽ വഹിക്കപ്പെടുന്ന രക്തം വേണം..!

ആരാണ് ഇതിന്റെ ഉടമസ്ഥൻ ?

അവനോട് നമുക്ക് കടപ്പാടില്ലെ  ?

രക്തക്കുഴലുകൾ.....


ഒരു മനുഷ്യന്റെ ശരീരത്തിലെ രക്തക്കുഴലുകളുടെ നീളം
96560 കിലോമീറ്റർ..!

ഭൂമിയുടെ ചുറ്റളവ്
40075 കിലോമീറ്റർ...!

അഥവാ ഒരൊറ്റ മനുഷ്യ
ശരീരത്തിലെ രക്തക്കുഴലുകൾക്ക് തന്നെ ഭൂമിയെക്കാൾ രണ്ടിരട്ടി വലിപ്പമുണ്ട്…!

എങ്കിൽ 700 കോടി മനുഷ്യരുടെ രക്ത സഞ്ചാര പാത ഒരുക്കിയവൻ എത്ര ഉന്നതൻ?

ശ്വാസ കോശം.....

 രക്തക്കുഴലുകളിൽ
ഓക്സിജൻ എത്തിക്കലാണ് ധർമ്മം... !

കാഴ്ചയിൽ ഏതാനും
സെന്റീമീറ്റർ മാത്രം..!

എന്നാൽ 

ശ്വാസ കോശം തുറന്നാൽ ഒരു ടെന്നീസ് കോർട്ടിന്റെ വ്യാപ്തി...!

ആരാണിത് ചിട്ടപ്പെടുത്തിയത്?

ഒരു മൊട്ടു സൂചി പോലും സ്വയംഭൂ അല്ലെങ്കിൽ ഇതെല്ലാം 

ആകസ്മികമാണോ...?

കിഡ്നി.....


രക്തക്കുഴലുകളിൽ മാലിന്യം എത്തുന്നത് തടയുന്നു....

എല്ലാ ദിവസവും 180 ലിറ്റർ രക്തം അരിച്ചെടുക്കുന്നു..

ആമാശയം.....


ദഹന പ്രക്രിയയാണ് ജോലി...!

ദഹനത്തെ സഹായിക്കാൻ

അതി ശക്ത സംഹാരശേഷിയുള്ള ഹൈഡ്രോ ക്ലോറിക്ക്
ആസിഡുകൾ ഇവിടെ ധാരാളം..!

ഈ ആസിഡുകൾക്ക് ഒരു ബ്ലേഡിനെ പോലും
നശിപ്പിക്കാൻ കഴിയും..!

എന്നാൽ ആമാശയം ഇതിൽ
നിന്നും സംരക്ഷിക്കപ്പെടുന്നു...!?

കാരണം ഒരോ മൂന്ന് ദിവസത്തിലും ഒരു പ്രത്യേക പാട പുതുതായി നിർമിക്കപ്പെട്ട് കൊണ്ടിരിക്കുന്നു..!

ഒരു വ്യക്തിക്ക് തന്നെ അയാളുടെ ആയുസ്സിൽ എത്ര പാടകൾ പണിയണം..!

കോടിക്കണക്കിന് മനുഷ്യർക്ക് ഓരോ ദിവസവും ഇത് ചെയ്ത് കൊടുക്കുന്ന
ആ സംരക്ഷകൻ പോരേ നമുക്ക്?

ഡി.എൻ.എ.....


ഏറ്റവും വലിയ വിവര ശേഖരണി..!

മനുഷ്യ ശരീരത്തിൽ കോടിക്കണക്കിന് കോശങ്ങൾ .!

ഓരോ കോശത്തിലും ഒരു ഡി.എൻ.എ..!

ഒരോ ഡി.എൻ.എ യിലും

ആയിരം വോള്യം പുസ്തകങ്ങൾ..!

ഒരോ പുസ്തകത്തിലും
 ഒരു ലക്ഷം പേജുകൾ..!

നഗ്ന നേത്ര ഗോചരമല്ലാത്ത ഈ ചെറു പ്രതലം ഇത്ര വിശാലമാക്കുന്നവൻ ആരാണ്?

അവനെക്കാൾ നമുക്ക് ആവശ്യങ്ങൾ നിർവ്വഹിച്ച് തരാൻ ആരുണ്ട്?

സുഹൃത്തെ...

താങ്കൾ ഈ ഭൂമിയിൽ നിലനിൽക്കാൻ ഒരോ നിമിഷവും
കോടിക്കണക്കിന് രാസപ്രവർത്തനങ്ങൾ താങ്കളുടെ ശരീരത്തിൽ നടന്ന് കൊണ്ടിരിക്കുന്നു..!

ഇതിന്റെ എല്ലാം ഉടമസ്ഥൻ ആരാണ്?

ആ സ്രഷ്ടാവിനു പറയുന്ന പേരാണ് .. ദൈവം..

■  അവനു തുല്യനായി ആരുമില്ല

■  അറിവിനും കഴിവിനും പരിധിയുമില്ല

■  ഉറക്കവും മയക്കവുമില്ല

■  ജനനമില്ല, മരണമില്ല

■  പ്രതിമയും രൂപവുമില്ല

■  സൂര്യന്റെ ചന്ദ്രന്റെ അഗ്നിയുടെ ഉടമ

■  സകലത്തിനും സ്രഷ്ടാവ്