Wednesday, 12 December 2018

അറിവിന്‍ തീരം - 4

🔵 മരണവീട്ടുകാരുടെ അയല്‍വാസികള്‍ അറിയാന്‍


عَنْ عَبْدِالله بْنِ جَعْفَرٍ رَضِيَ اللهُ عَنْهُ قَالَ: لَمَّا جَاءَ نَعْيُ جَعْفَرٍ، قَالَ النَّبيُّ (ﷺ): «اصْنَعُوا لأَهْلِ جَعْفَرٍ طَعَاماً فَإِنَّهُ قَدْ جَاءَهُمْ مَا يَشْغَلُهُمْ

അബ്ദുല്ലാഹിബ്നു ജഅ്ഫര്‍ (റ)ല്‍ നിന്നും നിവേദനം:ജഅ്ഫര്‍ (റ) ന്റെ മരണ വാര്‍ത്ത വന്നപ്പോള്‍ നബി (ﷺ)പറഞ്ഞു: ”ജഅ്ഫറിന്റെ കുടുംബത്തിന് ഭക്ഷണമുണ്ടാക്കി അവരെ ഭക്ഷിപ്പിക്കൂ.അതില്‍ നിന്നെല്ലാം അശ്രദ്ധമാ ക്കുന്ന ഒരു വാര്‍ത്തയാണ് അവര്‍ക്ക് വന്നിട്ടുളളത്”

(സുനനു അബീദാവൂദ്‌ : 3132 – കിതാബുല്‍ ജനാഇസ്)

📍 (മരണം നടന്ന വീട്ടുകാര്‍ക്ക് ആ ദിവസങ്ങളില്‍ ഭക്ഷണമുണ്ടാക്കി കൊടുക്കല്‍ അയല്‍വാ സികള്‍ക്ക് സുന്നത്താണ്. എന്നാല്‍ മരണ ദിവസമോ തുടര്‍ ദിനങ്ങളിലോ മരണ വീട്ടുകാര്‍ ഭക്ഷണമുണ്ടാക്കി അതിലേക്ക് ആളുകളെ ക്ഷണിക്കുന്നതിന് നബി(സ്വ)യുടെ മാതൃകയില്ല. സ്വഹാബത്ത് ഈ സമ്പ്രദായത്തെ വെറുത്തിരുന്നു. ഇത്തരം സദസ്സുകളിലേക്കുളള ക്ഷണം സ്വീകരിക്കുന്നതും വെറുക്കപ്പെട്ടതാണ്. ഇത്തരം ബിദ്അത്തുകളില്‍ നിന്നും മാറി നില്‍ക്കുക.നബി(സ്വ)യുടെ മാതൃകയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ വിഫലം. ഇബ്നു മസ്ഊദ്(റ) പറഞ്ഞത് നമ്മുടെ ഓര്‍മയിലുണ്ടാകട്ടെ അദ്ദേഹം  പറഞ്ഞു:”നന്മയുദ്ദേശിച്ച എത്രയോ ആളുകളുണ്ട് ,ഉദ്ദേശിച്ച നന്മ ഒരിക്കലും അവര്‍ക്ക് ലഭിച്ചിട്ടില്ല)

🔵 ഭക്ഷണത്തെ കുറ്റപ്പെടുത്താതിരിക്കുക 


 عَنْ أَبِي هُرَيْرَةَ، قَالَ: «مَا عَابَ رَسُولُ اللهِ  (ﷺ) طَعَامًا قَطُّ، كَانَ إِذَا اشْتَهَى شَيْئًا أَكَلَهُ، وَإِنْ كَرِهَهُ تَرَكَهُ

📚അബൂ ഹുറൈറ (റ) യില്‍ നിന്നും നിവേദനം :നബി (ﷺ) ഒരിക്കല്‍ പോലും ഒരു ഭക്ഷണത്തെയും കുറ്റം പറഞ്ഞിട്ടില്ല. അവിടുത്തേക്ക് ഇഷ്ടപ്പെട്ടാല്‍ അത് ഭക്ഷിക്കും, ഇഷ്ടക്കേടുള്ളതാണെങ്കില്‍ ഒഴിവാക്കുകയും ചെയ്യും (സ്വഹീഹുൽ ബുഖാരി: 1966)

📌 (ഭക്ഷണത്തിന്റെ ന്യൂനതകള്‍ എടുത്ത് പറഞ്ഞു സംസാരിക്കുന്നതാണ് ഈ തിരുവചനത്തിലെ ഉള്ളടക്കം. ഭക്ഷണത്തെ കുറ്റം പറയുക വഴി അതുണ്ടാക്കിയ ആളുകളെ പ്രയാസപ്പെടുത്തുന്നു എന്നതിനാല്‍ അത് കുറ്റകരമാകും. നികത്താന്‍ കഴിയുന്ന പോരായ്മകള്‍ ആണെങ്കില്‍ അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്നതില്‍ കുറ്റമില്ല. ഉദാഹരണമായി ഉപ്പ് കുറവാണെങ്കില്‍ അത് ചോദിച്ച് വാങ്ങല്‍ പോലെയുള്ളവ. ഉള്ള കാര്യമല്ലേ ഞാന്‍ പറഞ്ഞുള്ളൂ എന്ന് ആശ്വസിക്കുന്ന ആളുകളുണ്ട്. ഭക്ഷണം തയ്യാര്‍ ചെയ്യുന്നിടത്ത് സംഭവിച്ച ആ അബദ്ധങ്ങള്‍ എടുത്ത് പറയല്‍ തന്നെയാണ് കുറ്റകരം. ഇല്ലാത്തത് ഉണ്ടാക്കി പറഞ്ഞതാണെങ്കില്‍ അത് കളവുമായിത്തീരും)

🔵 കുട്ടിയുടെ മുടി കളയുമ്പോള്‍  


 عن علي بن أبي طالب: عقَّ رسولُ اللَّهِ ﷺ عنِ الحسَنِ بشاةٍ وقالَ يا فاطمةُ احلِقي رأسَهُ وتصدَّقي بزنةِ شعرِهِ فضَّةً قالَ فوزنتْهُ فَكانَ وزنُهُ درْهمًا أو بعضَ درْهمٍ

📚 അലിയ്യ്  ബിന്‍ അബീത്വാലിബ്‌ (റ) ല്‍ നിന്നും നിവേദനം : നബി (ﷺ)ഹസന്‍ (റ) ന് വേണ്ടി ഒരു ആടിനെ അഖീഖ അറുത്തു. നബി (ﷺ)പറഞ്ഞു: അല്ലയോ ഫാത്തിമാ , കുട്ടിയുടെ മുടി കളയുകയും ആ മുടിയുടെ തൂക്കത്തിനു വെള്ളി ദാനം ചെയ്യുകയും വേണം. അലി (റ) പറയുന്നു : ഞാന്‍ ആ മുടി തൂക്കി നോക്കി. ഒരു ദിര്‍ഹമോളം ഉണ്ടായിരുന്നു അതിന്‍റെ ഭാരം. (സുനനുത്തുര്‍മുദി : 1519)

🔖 (നവജാത ശിശുക്കളുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഈ ഹദീ സിലെ ഉള്ളടക്കം. അതിലൊന്നാണ് സാധിക്കുമെങ്കില്‍ ഏഴാം ദിവസം കുട്ടിയുടെ മുടി കളയല്‍ . കഴിവുണ്ടെങ്കില്‍ ആ മുടിയുടെ തൂക്കം നോക്കി ആ ഭാരത്തിനുള്ള വെള്ളിയോ , അല്ലെങ്കില്‍ സമാനമായ പൈസയോ ദാനം ചെയ്യല്‍ സുന്നത്താണ്. സ്വര്‍ണ്ണം ദാനം ചെയ്യുന്ന കാര്യത്തില്‍ സ്ഥിരപ്പെട്ട തെളിവുകളൊന്നും വന്നിട്ടില്ല)

🔵 നിഫാഖിനെ കരുതിയിരിക്കുക


 عَنْ عَبْدِ اللَّهِ بْنِ عَمْرٍو أَنَّ النَّبِيَّ (ﷺ) قَالَ :أَرْبَعٌ مَنْ كُنَّ فِيهِ كَانَ مُنَافِقًا خَالِصًا ، وَمَنْ كَانَتْ فِيهِ خَصْلَةٌ مِنْهُنَّ كَانَتْ فِيهِ خَصْلَةٌ مِنْ النِّفَاقِ حَتَّى يَدَعَهَا : إِذَا اؤْتُمِنَ خَانَ ، وَإِذَا حَدَّثَ كَذَبَ ، وَإِذَا عَاهَدَ غَدَرَ ، وَإِذَا خَاصَمَ فَجَرَ

📚 അബ്ദുല്ലാഹിബ്നു അമ്ര് (റ) ല്‍ നിന്നും നിവേദനം : നബി (ﷺ) പറഞ്ഞു : നാല് കാര്യങ്ങള്‍ ഒരാളില്‍ ഉണ്ടായാല്‍ അവന്‍ തനി കപടവിശ്വാസിയായിത്തീരും. ഈ നാലില്‍ ഒരു കാര്യമാണ് അവനില്‍ ഉള്ളതെങ്കില്‍ അതൊഴിവാക്കുന്നത് വരെ കാപട്യത്തിന്‍റെ ഒരു ഭാഗം അവനില്‍ നില നില്‍ക്കും. വിശ്വസിച്ചാല്‍ വഞ്ചിക്കുക , സംസാരിച്ചാല്‍ കളവു പറയുക , കരാര്‍ ചെയ്‌താല്‍ ലംഘിക്കുക , പിണങ്ങിയാല്‍ ചീത്ത പറയുക ഇവയാണ് ആ നാല് കാര്യങ്ങള്‍. (സ്വഹീഹുല്‍ ബുഖാരി : 34- കിതാബുല്‍ ഈമാന്‍)

 🔖 (ഇതേപ്രകാരമുള്ള ഹദീഥില്‍ മുസ്‌ലിം (റ) ഇപ്രകാരം കൂടി ഉദ്ധരിക്കുന്നു: '........ അവന്‍ നോമ്പു നോല്‍ക്കുകയും നമസ്‌ക്കരിക്കുകയും, മുസ്‌ലിമാണെന്ന് വാദിക്കുകയും ചെയ്താലും ശരി'. മുനാഫിക്വിന്‍റെ ചില ലക്ഷണങ്ങളാണ് ഇതുപോലുള്ള നബിവചനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സത്യവിശ്വാസികളായ ആളുകള്‍, അവരുടെ പ്രവൃത്തിദോഷവും, സ്വഭാവദോഷവും കൊണ്ട് മുനാഫിക്വുകളായിത്തീരുമെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. അതുകൊണ്ടാണ് നബി  (ﷺ) യുടെ സ്വഹാബിമാര്‍പോലും നിഫാക്വിനെക്കുറിച്ചു സദാ ഭയപ്പെട്ടുകൊണ്ടിരുന്നത്. ഇബ്‌നുഅബീമുലൈകഃ (റ) പറഞ്ഞതായി ബുഖാരി (റ) ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: 'നബി (ﷺ)യുടെ സ്വഹാബികളില്‍ മുപ്പതുപേരെ ഞാന്‍ കാണുകയുണ്ടായിട്ടുണ്ട്. അവരെല്ലാവരും തന്നെ, തങ്ങളില്‍ നിഫാക്വ് വരുന്നത് ഭയപ്പെടുന്നവരായിരുന്നു, മുനാഫിക്വുകളുടെ സ്വഭാവങ്ങളും ലക്ഷണങ്ങളും ക്വുര്‍ആന്‍ പലപ്പോഴും എടുത്തുകാട്ടുന്നത് കാണാം. അതിന്‍റെ ഭവിഷ്യത്തുകളെക്കുറിച്ച് അവരെ താക്കീത് ചെയ്യുകയും, പ്രസ്തുത സ്വഭാവങ്ങളെ സൂക്ഷിച്ചുകൊള്ളുവാന്‍ മറ്റുള്ളവരോട് ഉപദേശിക്കുകയും ചെയ്യുന്നുണ്ട്)

🔵 പിഴവ് സംഭവിക്കാത്ത പ്രമാണങ്ങൾ  


 حَدَّثَنِي عَنْ مَالِكٍ، أَنَّهُ بَلَغَهُ أَنَّ رَسُولَ اللَّهِ (ﷺ) قَالَ ‏ "‏ تَرَكْتُ فِيكُمْ أَمْرَيْنِ لَنْ تَضِلُّوا مَا تَمَسَّكْتُمْ بِهِمَا كِتَابَ اللَّهِ وَسُنَّةَ نَبِيِّهِ ‏"‏ ‏

📚 മാലിക് ഇബ്നു അനസ് (റഹി) നിവേദനം: നിശ്ചയം നബി (ﷺ) പറഞ്ഞു:   ഞാന്‍ നിങ്ങളില്‍  രണ്ടു കാര്യങ്ങള്‍ വിട്ടേച്ചു പോകുന്നു.  അവ രണ്ടും മുറുകെ പിടിക്കുന്നിടത്തോളം കാലം നിങ്ങള്‍ വഴിപിഴക്കില്ല. അല്ലാഹു വിന്‍റെ  ഗ്രന്ഥവും, അവന്റെ പ്രവാചകന്റെ ചര്യയും.
 (മുവത്വ മാലിക് :1628)

🔖 (അല്ലാഹു തന്‍റെ അടിമകള്‍ക്ക് ദീന്‍ നില നിര്‍ത്താനായി നല്‍കിയ , പിഴവു കളില്‍ നിന്നും സുരക്ഷിതമായ പ്രമാണങ്ങളാണ് ഖുര്‍ആനും സുന്നത്തും. ഇവ സലഫുകള്‍ മനസ്സിലാക്കിയ പോലെ മനസ്സിലാക്കുകയും, അവര്‍ വിശ്വ സിച്ചത് പോലെ വിശ്വസിക്കുകയും, അവര്‍ ഉള്‍ക്കൊണ്ടത് പോലെ ഉള്‍ക്കൊള്ളുകയും അവര്‍ പ്രയോഗവല്‍ക്കരിച്ചതു പോലെ സ്വന്തം ജീവിത ത്തില്‍ പ്രയോഗവല്‍ക്കരിക്കുകയും ചെയ്യലാണ് സത്യവിശ്വാസി കളുടെ ബാധ്യത. ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് ബുദ്ധിപരമായ പുതിയ വ്യാഖ്യാന ങ്ങള്‍ നല്‍കുന്ന ആളുകളും കക്ഷികളും പെരുകി വരുന്ന ഇക്കാലത്ത് ശക്ത മായ ജാഗ്രത കാത്ത് സൂക്ഷിക്കേണ്ടതുണ്ട്).

🔵 ഹസ്തദാനം ചെയ്‌താല്‍   


عن حذيفة بن اليمان  قَال :  قَالَ رَسُولُ اللَّهِ )ﷺ( إنَّ المؤمنَ إذا لقِيَ المؤمنَ فسلَّمَ عليه وأخذ بيدِه فصافحَه تناثرَتْ خطاياهما كما يتناثرُورقُ الشَّجرِ

📚 ഹുദൈഫത്തുല്‍ യമാനി (റ) ല്‍ നിന്നും നിവേദനം : നബി  (ﷺ) പറഞ്ഞു :  ഒരു സത്യ വിശ്വാസി മറ്റൊരു സത്യ വിശ്വാസിയെ കണ്ടു മുട്ടുമ്പോള്‍ സലാം പറഞ്ഞ് കൈ പിടിച്ച് മുസാഫഹത്ത് ചെയ്‌താല്‍ വൃക്ഷത്തിന്‍റെ ഇലകള്‍ കൊഴിയുന്നത് പോലെ അവര്‍ രണ്ട് പേരുടെയും പാപങ്ങള്‍ കൊഴിഞ്ഞു പോകും. (ത്വബ്റാനി , സ്വില്‍സ്വിലത്തു സ്വഹീഹ : 1420)

🍇 (സ്നേഹ പ്രകടനത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ഗാഡമായ ബന്ധത്തിന്റെയും രീതികള്‍ ഈ ഹദീസ് പഠിപ്പിക്കുന്നു. സലാം പറഞ്ഞും മടക്കിയും പരസ്പരം പ്രാര്‍ഥിക്കുകയും ഹസ്തദാനം ചെയ്യലുമാണത്. അഭിവാദ്യവും ഹസ്തദാനവും കേവലം സ്നേഹപ്രകടനം മാത്രമല്ല. പാപങ്ങള്‍ പൊറുക്കാനുള്ള ഉപാധിയും, ഒരു പുണ്യകര്‍മവും കൂടിയാണ്. മനുഷ്യ മനസ്സുകളില്‍ നിന്ന് സ്നേഹ വികാരങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം സുന്നത്തുകളിലൂടെ അവ തിരിച്ചു കൊണ്ടുവരാന്‍ ഈ തലമുറക്ക് കഴിയേണ്ടതുണ്ട്)

🔵 മക്കള്‍ക്കിടയില്‍ വിവേചനമരുത്


📚 നുഅ്മാനുബ്‌നു ബഷീര്‍ (റ) ല്‍ നിന്നും നിവേദനം : ഒരിക്കല്‍ മിമ്പറില്‍ നില്‍ക്കെ അദ്ദേഹം പറഞ്ഞു : എന്‍റെ പിതാവ് എനിക്കൊരു സമ്മാനം നല്‍കി. അപ്പോള്‍ അംറ ബിന്‍ത് റവാഹ (റ) പറഞ്ഞു: നബി (ﷺ) യെ ഇതിനു സാക്ഷിയാക്കുന്നത് വരെ ഇത് ഞാന്‍ തൃപ്തിപ്പെടുകയില്ല. അങ്ങിനെ അദ്ദേഹം നബി (ﷺ) യുടെ അരികില്‍ വന്നു ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ, അംറയില്‍ ഉള്ള എന്‍റെ മകന് ഞാനൊരു സമ്മാനം കൊടുത്തു. അപ്പോള്‍ അവള്‍ (ഭാര്യ) എന്നോട് പറഞ്ഞു : അതിന് താങ്കളെ '| സാക്ഷിയാക്കണമെന്ന്. അപ്പോള്‍ നബി (സ) ചോദിച്ചു : നിന്‍റെ എല്ലാ മക്കള്‍ക്കും ഇത് പോലെ നീ കൊടുത്തിട്ടുണ്ടോ ? ഇല്ല , എന്ന് പറഞ്ഞപ്പോള്‍ നബി (ﷺ) പറഞ്ഞു : നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക , മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്തുകയും ചെയ്യുക. നുഅ്മാനുബ്‌നു ബഷീര്‍ (റ) പറയുന്നു : അദ്ദേഹം (പിതാവ്) വന്നു ആ സമ്മാനം എന്നില്‍ നിന്നും തിരിച്ചുവാങ്ങി. (സ്വഹീഹുല്‍ ബുഖാരി : 2587)

🍓 ( ഇസ്‌ലാം ലോകത്തിന് സമര്‍പ്പിക്കുകയും അനുശാസിക്കുകയും ചെയ്ത മാനവിക മൂല്യങ്ങളിലൊന്നാണ് മക്കള്‍ക്കിടയിലെ നീതിപാലനം. സമ്മാനം, സ്‌നേഹം, വാല്‍സല്യം, ചുംബനം, പരിഗണന, ആവശ്യനിര്‍വഹണം തുടങ്ങിയ കാര്യങ്ങളിലെല്ലാം മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്തല്‍ ആവശ്യമാണ്‌. ന്യായമായ ആവശ്യമോ മതിയായ കാരണമോ ഇല്ലാതെ ചിലര്‍ക്ക് മുന്‍ഗണന നല്‍കലും പ്രത്യേകമായി ദാനം ചെയ്യലും വിരോധിക്കപ്പെട്ടതാണ്. അത് മറ്റുള്ളവരുടെ മനസ്സില്‍ വിദ്വേഷമുണ്ടാക്കും.  പരസ്പരം പകയും വെറുപ്പുമില്ലാതെ മക്കള്‍ വളരാന്‍ വേണ്ടിയുള്ള ജാഗ്രതയുടെ ഭാഗവുമാണിത്. അനന്തരാവകാശ സ്വത്തിലും , അര്‍ഹതപ്പെട്ട മറ്റു അവകാശങ്ങളിലും ഈ നിയമം പ്രത്യേകം പാലിക്കപ്പെടേണ്ടതുണ്ട് )

🔵 പെണ്‍മക്കളുടെ മാഹാത്മ്യം


📚  عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ دَخَلَتِ امْرَأَةٌ مَعَهَا ابْنَتَانِ لَهَا تَسْأَلُ، فَلَمْ تَجِدْ عِنْدِي شَيْئًا غَيْرَ تَمْرَةٍ فَأَعْطَيْتُهَا إِيَّاهَا، فَقَسَمَتْهَا بَيْنَ ابْنَتَيْهَا وَلَمْ تَأْكُلْ مِنْهَا، ثُمَّ قَامَتْ فَخَرَجَتْ، فَدَخَلَ النَّبِيُّ (ﷺ) عَلَيْنَا، فَأَخْبَرْتُهُ فَقَالَ ‏ "‏ مَنِ ابْتُلِيَ مِنْ هَذِهِ الْبَنَاتِ بِشَىْءٍ كُنَّ لَهُ سِتْرًا مِنَ النَّارِ ‏"‏‏
📚 ആഇശ (റ) ല്‍ നിന്നും നിവേദനം : ഒരിക്കല്‍ രണ്ട് പെണ്‍മക്കളുമായി ഒരു സ്ത്രീ യാചിച്ചുകൊണ്ട് എന്‍റെയരികില്‍ കടന്നുവന്നു. ഏതാനും ഈത്തപ്പഴമല്ലാതെ മറ്റൊന്നും അവര്‍ക്ക് കൊടുക്കാന്‍ എന്റെയരികില്‍ ഇല്ലായിരുന്നു. അത് ഞാന്‍ അവര്‍ക്ക് നല്‍കിയപ്പോള്‍ ഒന്ന് പോലും കഴിക്കാതെ മുഴുവനും തന്‍റെ പെണ്‍മക്കള്‍ക്കായി ആ സ്ത്രീ വീതം വെച്ചുകൊടുത്തു. തുടര്‍ന്ന് അവര്‍ എഴുന്നേറ്റ് പുറത്തേക്ക് പോയി. നബി (ﷺ) വന്നപ്പോള്‍ ഈ സംഭവത്തെക്കുറിച്ച് ഞാന്‍ പറഞ്ഞു. അപ്പോള്‍ നബി (ﷺ) പറഞ്ഞു : പെണ്‍മക്കളെക്കൊണ്ടാരെങ്കിലും പരീക്ഷിക്കപ്പെട്ടാല്‍ അവര്‍ അവനു നരകത്തില്‍ നിന്നും മറയായിത്തീരുന്നതാണ്. (സ്വഹീഹുല്‍ ബുഖാരി : 1418)

☂ (ആരെങ്കിലും പെണ്‍മക്കളെക്കൊണ്ടു പരീക്ഷിക്കപ്പെട്ടാല്‍ അതായത് ആര്‍ക്കെങ്കിലും പെണ്‍മക്കളെ ലഭിക്കുകയും അവര്‍ക്ക് വേണ്ടതൊക്ക നല്‍കി പരിപാലിക്കുകയും ചെയ്താല്‍ ആ രക്ഷിതാക്കള്‍ക്ക്  അവര്‍ നരകത്തെ തൊട്ട് കാവലാകും എന്നാണ് ഈ തിരുവചനം പഠിപ്പിക്കുന്നത് . ജനിച്ചത് പെണ്‍കുഞ്ഞാണെന്നറിഞ്ഞാല്‍ ജീവനോടെ കുഴിച്ചുമൂടുന്ന ഇരുണ്ട യുഗത്തില്‍ പെണ്ണിന്‍റെ അവകാശങ്ങളെയും മഹത്വത്തെയും ഉയര്‍ത്തിക്കാട്ടിയ പ്രത്യയ ശാസ്ത്രമാണ് വിശുദ്ധ ഇസ്ലാം. അവരെ കൊന്നുകളയുന്നത് മഹാപാപമാണെന്നും, മാന്യമായി അവരെ വളര്‍ത്തി വലുതാക്കി വിവാഹം ചെയ്തയച്ചാല്‍ സ്വര്‍ഗലോകത്ത് മഹത്തായ സ്ഥാനമുണ്ടെന്നും ഇസ്‌ലാം പഠിപ്പിച്ചു).

🔵 ഗുസ്തിയില്‍  ജയിക്കുന്നവനല്ല ശക്തന്‍


 عن أبي هريرة رضي الله عنه : قَالَ: قَالَ رَسُولُ اَللَّهِ ‏- (ﷺ) ‏- لَيْسَ اَلشَّدِيدُ بِالصُّرَعَةِ, إِنَّمَا اَلشَّدِيدُ اَلَّذِي يَمْلِكُ نَفْسَهُ عِنْدَ اَلْغَضَبِ

📚 അബൂ ഹുറൈറ (റ) ല്‍ നിന്നും നിവേദനം : നബി  (ﷺ)  പറഞ്ഞു : ''ഗുസ്തിയില്‍ വിജയിക്കുന്നവനല്ല  ശക്തന്‍, കോപം ഉണ്ടാകുമ്പോള്‍ സ്വന്തം ശരീരത്തെ നിയന്ത്രിക്കാന്‍ കഴിവുള്ളവനത്രെ കരുത്തുറ്റവന്‍'' ( സ്വഹീഹുല്‍ ബുഖാരി : 6114)

🔖 (കോപമുണ്ടാകുന്ന സമയത്ത് ഒരാള്‍ ആത്മനിയന്ത്രണം പാലിക്കുന്നത് വലിയ ത്യാഗമാണ്. അതവനെ വലിയ നാശത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയും ഇഹത്തിലും പരത്തിലും വലിയ പുണ്യം അവന് നേടിക്കൊടുക്കും ചെയ്യും. അല്ലാഹുവിന്റെയും ജനങ്ങളുടെയും പ്രീതി കരസ്ഥമാക്കാനും അതുവഴി സാധിക്കും.  സത്യവിശ്വാസി അല്ലാഹുവിന് വേണ്ടിയായിരിക്കും ദേഷ്യം പിടിക്കുക. സ്വന്തം താല്‍പര്യങ്ങള്‍ക്കല്ല. യഥാര്‍ഥ മുസ്‌ലിം, സമൂഹവുമായുള്ള എല്ലാ ഇടപാടുകളിലും കോപം വെടിഞ്ഞ് സൗമ്യതയും സഹനവും കാണിക്കും. എന്നാൽ ആരെങ്കിലും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിക്കാതിരിക്കുകയും മതത്തിന്റെ അതിര്‍ വരമ്പുകള്‍ ലംഘിക്കുകയും ചെയ്യുമ്പോള്‍ അതിനെതിരെ  കോപിക്കുകയും പ്രതികരിക്കുകയും ചെയ്യും. അല്ലാഹുവിന്റെ നിയമങ്ങളെ പുഛിച്ച് തള്ളുന്നതും കളങ്കപ്പെടുത്തുന്നതും വിശ്വാസി ഒരിക്കലും ഇഷ്ടപെടുകയില്ല. )

🔵 ശഅബാനില്‍ ശ്രദ്ധിക്കേണ്ടത്


 عَنْ عَائِشَةَ رَضِيَ اَللَّهُ عَنْهَا قَالَتْ: كَانَ رَسُولُ اَللَّهِ ‏(ﷺ) ‏يَصُومُ حَتَّى نَقُولَ لَا يُفْطِرُ, وَيُفْطِرُ حَتَّى نَقُولَ لَا يَصُومُ, وَمَا رَأَيْتُ رَسُولَ اَللَّهِ ‏(ﷺ) اِسْتَكْمَلَ صِيَامَ شَهْرٍ قَطُّ إِلَّا رَمَضَانَ, وَمَا رَأَيْتُهُ فِي شَهْرٍ أَكْثَرَ مِنْهُ صِيَامًا فِي شَعْبَانَ

📚 ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ (റ) യില്‍ നിന്ന് നിവേദനം: അവര്‍ പറഞ്ഞു: "റസൂൽ (ﷺ) ചിലപ്പോള്‍ തുടര്‍ച്ചയായി നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം ഒരിക്കലും നോമ്പ് ഒഴിവാക്കില്ല എന്ന് ഞങ്ങള്‍ പറയുമായിരുന്നു. അതുപോലെ അദ്ദേഹം നോമ്പ് നോല്‍ക്കാതിരിക്കാറുള്ള കാലവും ഉണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം നോമ്പ് എടുക്കില്ല എന്ന് ഞങ്ങള്‍ പറയുമാറ് അത് തുടരുമായിരുന്നു. റമളാനിലല്ലാതെ മറ്റൊരു മാസത്തിലും അല്ലാഹുവിന്‍റെ റസൂല്‍ പരിപൂര്‍ണമായി നോമ്പെടുത്തത് ഞാന്‍ കണ്ടിട്ടേയില്ല. അതുപോലെ (അതു കഴിഞ്ഞാല്‍ പിന്നെ) ശഅബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ മറ്റൊരു മാസത്തിലും അദ്ദേഹം നോമ്പെടുക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല." (സ്വഹീഹുല്‍ ബുഖാരി : 1969)

🌙 (ശഅബാന്‍ മാസം പിറന്നിരിക്കുന്നു, പരിശുദ്ധ റമദാനിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന വിശ്വാസികള്‍ക്ക് തയ്യാറെടുപ്പിനുള്ള സമയമാണിനിയങ്ങോട്ട്. ശഅബാന്‍ മാസവുമായി ബന്ധപ്പെട്ട്  നബി (ﷺ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്ന കാര്യങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് വന്ന പ്രമാണത്തിന്‍റെ പിന്‍ബലമില്ലാത്ത കാര്യങ്ങളെക്കുറിച്ചും വേര്‍തിരിച്ചറിയല്‍ അനിവാര്യമാണ്. ശഅബാന്‍ മാസം കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടുന്ന മാസമാണ്. അതുകൊണ്ടുതന്നെ റമളാന്‍ കഴിഞ്ഞാല്‍ റസൂല്‍ (ﷺ) ഏറ്റവും കൂടുതല്‍ നോമ്പ് പിടിച്ചിരുന്നത് ശഅബാന്‍ മാസത്തിലായിരുന്നുവെന്നും വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ റസൂല്‍ (ﷺ) ഈ മാസത്തില്‍ നോമ്പ് ഒഴിവാക്കാറുണ്ടായിരുന്നുള്ളുവെന്നും സ്വഹീഹായ ഹദീസുകളില്‍ നമുക്ക് കാണാം. എന്നാല്‍ ശഅബാന്‍ പതിനഞ്ചിന് പ്രത്യേകമായ ബറാഅത്ത് നോമ്പ് എന്ന പേരില്‍ പൊതുവേ ആളുകള്‍ പറഞ്ഞു വരാറുള്ള ഈ നോമ്പ്  സുന്നത്തില്‍ സ്ഥിരപ്പെട്ടിട്ടില്ല. എല്ലാ ഹിജ്റ മാസങ്ങളിലെയും 13, 14, 15 ദിവസങ്ങള്‍ അയ്യാമുല്‍ ബീളിന്‍റെ ദിവസങ്ങള്‍ എന്ന നിലക്ക്   നോമ്പെടുക്കുന്നതും,  അതുപോലെ ദാവൂദ് നബി (അ) യുടെ നോമ്പ് എന്ന് നബി (ﷺ) പഠിപ്പിച്ച ഒന്നിടവിട്ട് നോമ്പെടുക്കുന്നതും , എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പെടുക്കുന്നതും സുന്നത്താണ്. ആ നിലക്കെല്ലാം ശഅബാന്‍ പതിനഞ്ചിന് ഒരാള്‍ നോമ്പെടുക്കുകയാണ് എങ്കില്‍ അത് നബി (ﷺ) പഠിപ്പിച്ച പരിധിക്കുള്ളില്‍ വരുന്നതാണ്. എന്നാല്‍ അതല്ലാതെ ശഅബാന്‍ പതിനഞ്ചിന് മാത്രം പ്രത്യേകമായ നോമ്പുണ്ട് എന്ന് വാദിക്കുകയും, അത് സുന്നത്തായി അനുഷ്ഠിക്കുകയും ചെയ്യുകയെന്നത് ചിലര്‍ മതത്തില്‍ കടത്തിക്കൂട്ടിയ ബിദ്അത്തുകളില്‍പ്പെട്ടതാണ്)

🔵 നന്ദിയുടെ സുജൂദ്


 عَنْ أَبِي بَكْرَةَ، أَنَّ النَّبِيَّ (ﷺ)  كَانَ إِذَا أَتَاهُ أَمْرٌ يَسُرُّهُ أَوْ يُسَرُّ بِهِ خَرَّ سَاجِدًا شُكْرًا لِلَّهِ تَبَارَكَ وَتَعَالَى

📚 അബൂ ബക്റ (റ) വില്‍ നിന്നും നിവേദനം: " പ്രവാചകന്‍ (ﷺ)  അദ്ദേഹത്തിന് സന്തോഷമുള്ള വല്ല വാര്‍ത്തയും സംഭവിക്കുകയോ അറിയിക്കപ്പെടുകയോ ചെയ്‌താല്‍ അല്ലാഹുവിനുള്ള നന്ദിയെന്നോണം സുജൂദില്‍ വീഴാറുണ്ടായിരുന്നു " (സുനനു ഇബ്നിമാജ : 1458)

🔖 (നമ്മുടെ ജീവിതത്തില്‍ ഒരു പ്രയാസം നീങ്ങിയതിനാലോ, ഐശ്വര്യം കൈവന്നതിനാലോ, സന്തോഷമുണ്ടാകുമ്പോഴോ എല്ലാം ശുക്റിന്റെ (നന്ദിയുടെ) സുജൂദ് ചെയ്യല്‍ പുണ്യകരവും നബി ചര്യയില്‍ പെട്ടതുമാണ് . സാധാരണ നമസ്കാരത്തിലോ അല്ലാതെയോ നിര്‍വഹിക്കപ്പെടുന്ന സുജൂദുകളെപ്പോലെത്തന്നെയാണ് ശുക്റിന്റെ സുജൂദിന്‍റെ രൂപവും. എന്നാല്‍ നമസ്കാരത്തിലെ സുജൂദുകള്‍ക്ക് ആവശ്യമായ അംഗശുദ്ധി പോലെയുള്ള നിബന്ധനകള്‍ ഒരു നിബന്ധനയല്ല എന്നതാണ് പ്രബലമായ അഭിപ്രായം. അതുപോലെ തക്ബീര്‍ കെട്ടലും , സലാം വീട്ടലും ശുക്റിന്‍റെ സുജൂദില്‍ ഇല്ല. നേരിട്ട് സുജൂദിലേക്ക് പോകുകയാണ് ചെയ്യുന്നത്. അതില്‍ നിന്ന് നേരിട്ട് എഴുന്നേല്‍ക്കുകയും ചെയ്യുന്നു. ഒരൊറ്റ സുജൂദ് ആണ് ശുക്റിന്റെ സുജൂദ്. ശുക്റിന്റെ സുജൂദിനായി പ്രത്യേകം ഒരു പ്രാര്‍ത്ഥനയില്ല. സാധാരണ മറ്റേത് സുജൂദുകളിലും പ്രാര്‍ഥിക്കുന്ന പ്രാര്‍ത്ഥന തന്നെയാണ് ഇതിലും പ്രാര്‍ഥിക്കേണ്ടത്. അതോടൊപ്പം അല്ലാഹുവെ ധാരാളമായി സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യാം. അതാണല്ലോ ശുക്റിന്‍റെ സുജൂദിന്‍റെ ഉദ്ദേശ്യവും. മനുഷ്യന്‍ തന്റെ സ്രഷ്ടാവിനോട് ഏറ്റവും കൂടുതല്‍ അടുക്കുന്ന അവസരം സുജൂദാണ് . എല്ലാ അനുഗ്രഹങ്ങളും സമ്മാനിച്ച അല്ലാഹുവിനു അഭിമുഖമായി നില്‍ക്കുക വലിയ അനുഭൂതിയാണ്. മനുഷ്യന് സാധ്യമായ വിധേയത്വത്തിന്റെ അത്യുന്നത രൂപമാണ് സുജൂദ്. സുജൂദിനെക്കാള്‍ മികച്ച ഒന്നും അടിമക്ക് സ്രഷ്ടാവിനു സമ്മാനിക്കാനില്ല)

🔵 മക്കള്‍ക്ക് പേരിടുമ്പോള്‍


 عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ (ﷺ) ‏ "‏ أَحَبُّ الأَسْمَاءِ إِلَى اللَّهِ تَعَالَى عَبْدُ اللَّهِ وَعَبْدُ الرَّحْمَنِ

📚 ഇബ്നു ഉമര്‍ (റ) വില്‍ നിന്നും നിവേദനം : നബി (ﷺ) പറഞ്ഞു : അബ്ദുല്ല , അബ്ദുറഹ്മാന്‍ എന്നിവ അല്ലാഹു ഏറ്റവും ഇഷ്ടപ്പെടുന്ന പേരുകളില്‍ പെട്ടതാണ് . (സുനനു അബീദാവൂദ് : 4949)

🍄 (അല്ലാഹു നല്‍കുന്ന മഹത്തായ അനുഗ്രഹങ്ങളില്‍ ഒന്നാണ് മക്കള്‍ . അല്ലാഹു നല്‍കുന്ന ഓരോ അനുഗ്രഹങ്ങള്‍ക്കും നാം നന്ദിയുള്ളവര്‍ ആയിരിക്കണം. മക്കളെ നല്ല രൂപത്തില്‍ വളര്‍ത്തുക എന്നതും അവര്‍ക്ക് നല്ല പേരുകള്‍ ഇടുക എന്നതുമെല്ലാം ആ നന്ദിയുടെ ഭാഗം തന്നെയാണ് . പേരുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നല്ലതും, അര്‍ത്ഥവത്തായതുമായിരിക്കാന്‍  ശ്രദ്ധിക്കേണ്ടതുണ്ട്. അബ്ദുല്ല, അബ്ദുറഹ്മാന്‍ എന്നത് കഴിഞ്ഞാല്‍ പിന്നെ  അല്ലാഹുവിന്‍റെ നാമങ്ങളിലേക്ക് “അബ്ദ്” ചേര്‍ത്ത് വിളിക്കുന്ന പേരുകളാണ് ഏറ്റവും ശ്രേഷ്ഠമായത്. പ്രവാചകന്മാരുടെയും സ്വഹാബികളുടെയും പേരുകളും നല്ലതാണ്. ചില ആളുകള്‍ ആരും കേള്‍ക്കാത്ത പേരാവാന്‍ വേണ്ടി ഏതാനും അക്ഷരങ്ങള്‍ കൂട്ടിയൊപ്പിച്ച് ഒരു പേരങ്ങിടും, എന്നിട്ട് അര്‍ഥം അന്വേഷിക്കുമ്പോള്‍ പലപ്പോഴും അബദ്ധത്തില്‍ ചാടുകയും ചെയ്യും. കേട്ടാല്‍ മുസ്ലിമാണോ അല്ലേ എന്ന് തോന്നിപ്പിക്കുന്ന പേരുകള്‍ അഭികാമ്യമല്ല. അത്പോലെത്തന്നെ പ്രധാന ഭാഷകളിലെല്ലാം ബുദ്ധിമുട്ട് കൂടാതെ എഴുതാനും വായിക്കാനും കഴിയുന്ന പേരുകള്‍ ആയില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രയാസങ്ങള്‍ ചില്ലറയല്ല).

🔵 ആപൽ ഘട്ടങ്ങളിലെ ഖുനൂത്ത്‌


📚 عَنْ أَنَسِ بْنِ مَالِكٍ رضي الله عنه : " بَعَثَ النَّبِيُّ (ﷺ) سَبْعِينَ رَجُلاً لِحَاجَةٍ يُقَالُ لَهُمُ الْقُرَّاءُ، فَعَرَضَ لَهُمْ حَيَّانِ مِنْ بَنِي سُلَيْمٍ رِعْلٌ وَذَكْوَانُ، عِنْدَ بِئْرٍ يُقَالُ لَهَا بِئْرُ مَعُونَةَ، فَقَالَ الْقَوْمُ وَاللَّهِ مَا إِيَّاكُمْ أَرَدْنَا، إِنَّمَا نَحْنُ مُجْتَازُونَ فِي حَاجَةٍ لِلنَّبِيِّ صلى الله عليه وسلم، فَقَتَلُوهُمْ فَدَعَا النَّبِيُّ صلى الله عليه وسلم عَلَيْهِمْ شَهْرًا فِي صَلاَةِ الْغَدَاةِ، وَذَلِكَ بَدْءُ الْقُنُوتِ وَمَا كُنَّا نَقْنُتُ‏.‏

📚 അനസ്  ബിന്‍ മാലിക്  (റ) വില്‍ നിന്നും നിവേദനം: " قُرَّاء (ഖുർആൻ പാരായണക്കാർ) എന്ന് വിളിക്കപ്പെട്ടിരുന്ന എഴുപത് പേരെ പ്രവാചകര്‍(ﷺ) ഒരു ദൗത്യത്തിനു വേണ്ടി നിയോഗിച്ചു. അവര്‍ ബിഅ'ര്‍ മഊന എന്ന് വിളിക്കപ്പെടുന്ന പ്രദേശത്ത് എത്തിയപ്പോള്‍ ബനൂ സുലൈം ഗോത്രത്തില്‍ പെട്ട ദക്'വാന്‍, രിഅ'ല്‍ എന്നീ ഗോത്രക്കാര്‍ അവരുടെ വഴി തടഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു: " നിങ്ങളുമായി ഏറ്റുമുട്ടാനല്ല ഞങ്ങള്‍ വന്നത്. മറിച്ച് പ്രവാചകന്‍ (ﷺ) പറഞ്ഞയച്ച ദൗത്യം നിര്‍വഹിക്കാനാണ് ഞങ്ങള്‍ വന്നിട്ടുള്ളത്". പക്ഷെ അവർ ആ സ്വഹാബികളെ വധിക്കുകയുണ്ടായി. അക്കാരണത്താല്‍ (അവര്‍ക്കെതിരെ) ഒരു മാസക്കാലത്തോളം പ്രവാചകന്‍(സ) സുബ്ഹി നമസ്കാരത്തില്‍ (ശാപ) പ്രാര്‍ത്ഥന നടത്തുകയുണ്ടായി. മുമ്പ് ഖുനൂത്ത്‌ ഉണ്ടായിരുന്നില്ല. ഇതായിരുന്നു തുടക്കം".
📚 [ബുഖാരി 4088 - മുസ്‌ലിം 677]

✒ (മുസ്ലിംകള്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിന് വല്ല അപകടങ്ങളോ, ശത്രുക്കളാല്‍ അക്രമിക്കപ്പെടുക, (അന്യായമായി) അവരെ തടവിലിടുക, പട്ടിണിയും വരള്‍ച്ചയും ഉണ്ടാവുക, പകര്‍ച്ചവ്യാധികള്‍ പിടിപെടുക തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളോ വന്നു ഭവിക്കുമ്പോള്‍ നമസ്കാരത്തില്‍ നിര്‍വഹിക്കുവാന്‍ ശറഅ് നിശ്ചയിച്ചു നല്‍കിയ ഒരു കര്‍മമാണ് നാസിലത്തിന്‍റെ ഖുനൂത്ത്. ജുമുഅ ഒഴികെ എല്ലാ ഫര്‍ദ് നമസ്കാരങ്ങളിലും ഖുനൂത്ത്‌ നിര്‍വഹിക്കാം. അതില്‍ തന്നെ സുബ്ഹി നമസ്കാരമാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. അവസാന റക്അത്തിലെ റുകൂഇന് ശേഷമാണ് നാസിലത്തിന്റെ ഖുനൂത്ത് നിര്‍വഹിക്കേണ്ടത്. നാസിലത്തിന്റെ ഖുനൂത്തില്‍ ചൊല്ലാന്‍ പ്രത്യേകമായ പ്രാര്‍ഥനകള്‍ ഇല്ല. ഓരോ പ്രതിസന്ധിഘട്ടത്തിലും അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്കനുചിതമായ  പ്രാര്‍ഥനയാണ് വേണ്ടത്. എന്നാല്‍ വിത്റിന്റെ ഖുനൂത്തുമായി ബന്ധപ്പെട്ട് വന്ന 'അല്ലാഹുമ്മഹ്ദിനാ ഫീമന്‍ ഹദൈത് ...' എന്ന പ്രാര്‍ത്ഥനയാണ് നാസിലത്തിന്റെ ഖുനൂത്തിലും പ്രാര്‍ഥിക്കുന്നത് എങ്കില്‍ അത് പ്രവാചകചര്യക്ക് എതിരാണ്. പ്രതിസന്ധി ഉണ്ടായത് മുതല്‍ അത് നീങ്ങുന്നത് വരെ നാസിലത്തിന്റെ ഖുനൂത്ത് നിര്‍വഹിക്കാം. ഇനി ആപത്തുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ ദിവസവും സുബ്ഹിക്ക് ഖുനൂത്ത് ചൊല്ലുന്ന പ്രവണത ചിലയിടങ്ങളില്‍ കാണാറുണ്ട്. ഖുനൂത്തിന്ന്‍ കാരണമായ സംഭവം നീങ്ങിയാല്‍ അത് ഉപേക്ഷിക്കുകയാണ് പ്രവാചകന്റെ മാതൃക . സുബ്ഹിക്ക് സ്ഥിരമായി ഖുനൂത് ചൊല്ലുക എന്നത് പ്രവാചകനില്‍ നിന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ല. കര്‍മ ശാസ്ത്ര പണ്ഡിതന്മാര്‍ അതിനായി തെളിവുദ്ധരിക്കുന്ന ഹദീസ് ദുര്‍ബലമാണ്. മാത്രമല്ല അങ്ങനെ ചെയ്യാന്‍ പാടില്ല എന്ന് വ്യക്തമാക്കുന്ന ഹദീസുകള്‍ സ്വഹീഹായി വന്നിട്ടുമുണ്ട്)

🔵 റൗദയുടെ മഹത്വം


 عَنْ عَبْدِ اللَّهِ بْنِ زَيْدٍ الْمَازِنِيِّ، أَنَّ رَسُولَ اللَّهِ (ﷺ) قَالَ ‏ "‏ مَا بَيْنَ بَيْتِي وَمِنْبَرِي رَوْضَةٌ مِنْ رِيَاضِ الْجَنَّةِ ‏"‏ 

അബ്ദുല്ലാഹിബ്നു സൈദില്‍ മാസിനി (റ) ല്‍ നിന്നും നിവേദനം : നബി (ﷺ) പറഞ്ഞു:എന്റെ വീടിന്റേയും മിമ്പറിന്റേയും ഇടക്കുള്ള സ്ഥലം സ്വ൪ഗ്ഗത്തോപ്പു കളിലെ ഒരു തോപ്പാണ്. [സ്വഹീഹ് മുസ്‌ലിം : 1390]

🔖 (മസ്ജിദ് നബവിയിലുള്ള റൌളയുടെ പ്രാധാന്യവും ശ്രേഷ്ഠതയുമാണ് ഈ ഹദീസില്‍ പരാമര്‍ശിക്കുന്നത്.  നബി (ﷺ) യുടെ വീടിന്റേയും (ഇപ്പോള്‍ ഖബ്ര്‍ സ്ഥിതിചെയ്യുന്ന സ്ഥലം) മിമ്പറിന്റേയും ഇടക്കുള്ള സ്ഥലത്തെ റൌള എന്നാണ് നബി (ﷺ) വിശേഷിപ്പിച്ചിട്ടുള്ളത്. മിമ്പറു മുതല്‍ ഭിത്തിവരെയുള്ള ഇരുപത്തി രണ്ടു മീറ്റര്‍ നീളവും പതിനഞ്ചു മീറ്റര്‍ വീതിയുമുള്ള സ്ഥലമാണിത്. ഈ സ്ഥലം ഇളം പച്ച കാര്‍പ്പറ്റ് വിരിച്ചു പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുണ്ട് അവിടെ വെച്ച് സുന്നത്ത് നമസ്കരിക്കുന്നതും പ്രാ൪ത്ഥിക്കുന്നതും പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും പുണ്യകരമാണ്. സ്ത്രീകള്‍ക്കായി പ്രത്യേക സമയം നിശ്ചയിച്ചിട്ടുണ്ട്. നബിയുടെ (ﷺ) ഖബ്റിനല്ല റൌള എന്നുപറയുകയെന്നത് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. ഖബ്റാണ് റൌള എന്ന് വിചാരിച്ച് ആളുകള്‍ ചെയ്ത് കൂട്ടുന്ന അബദ്ധങ്ങള്‍ ധാരാളമാണ്. റൌള ഉള്ളത് കൊണ്ട് മക്കയെക്കാള്‍ ശ്രേഷ്ഠമാണ് മദീന എന്ന ധാരണയും ശരിയല്ല. കാരണം മദീനയെക്കാള്‍ മഹത്വം മക്കയ്ക്കാണെന്നു തെളിയിക്കുന്ന ഹദീസുകള്‍ കാണാവുന്നതാണ്. മറ്റുള്ളവര്‍ക്ക് റൌളയിലേക്ക് പ്രവേശിക്കാനും മറ്റും തടസ്സമുണ്ടാക്കുന്ന രീതിയില്‍ അവിടെ ധാരാളം സമയം ഇരിക്കുന്നതും തിരക്ക് കൂട്ടുന്നതും ശരിയായ പ്രവണതയല്ല)

🔵 രഹസ്യം പറയുമ്പോള്‍


 وَعَنْ اِبْنِ مَسْعُودٍ ‏- رضى الله عنه ‏- قَالَ: قَالَ رَسُولُ اَللَّهِ ‏- صلى الله عليه وسلم ‏-{ إِذَا كُنْتُمْ ثَلَاثَةً, فَلَا يَتَنَاجَى اِثْنَانِ دُونَ اَلْآخَرِ, حَتَّى تَخْتَلِطُوا بِالنَّاسِ; مِنْ أَجْلِ أَنَّ ذَلِكَ يُحْزِنُهُ 

📚 ഇബ്‌നു മസ്ഊദ് (റ)വില്‍ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: നിങ്ങള്‍ മൂന്നാളുകള്‍ ഉണ്ടായിരിക്കെ മൂന്നാമനെ കൂടാതെ രണ്ടാളുകള്‍ മാത്രം സ്വകാര്യം പറയരുത്. കാരണം അത് അവനെ ദുഖിപ്പിച്ചേക്കാം                     [സ്വഹീഹുല്‍ ബുഖാരി :6290]

🔎 (വിശുദ്ധ ഖുര്‍ആനിന്റെ സ്വഭാവശാസ്ത്രം ജീവിതരീതിയായി സ്വീകരിച്ച തിരുനബി (സ)യുടെ നിര്‍ദ്ദേശങ്ങളില്‍ ഒന്നാണിത്. നല്ല പെരുമാറ്റത്തിന്റെ ഉദാത്തമായൊരു രീതിയാണ് എല്ലാവരെയും പരിഗണിച്ച് പെരുമാറുകയെന്നത്. മൂന്ന് പേരുള്ളപ്പോള്‍ ഒരാളെ മാറ്റി നിര്‍ത്തി സ്വകാര്യം പറയുക. മൂന്നാമന് മനസ്സിലാകാത്ത ഭാഷയില്‍ സംസാരിക്കുക. ഇത്തരം കാര്യങ്ങള്‍ വിശ്വാസികളില്‍ നിന്നും ഉണ്ടാകരുതെന്നാണ് നബി (സ) പഠിപ്പിച്ചത്. കാരണം അതയാള്‍ക്ക് മനഃപ്രയാസമുണ്ടാക്കും. മാത്രമല്ല എന്നെപ്പറ്റിയാണോ ഇവര്‍ പറയുന്നത് എന്നു തോന്നാനും സാധ്യതയുണ്ട്)

🔵 മുഖസ്തുതി എന്ന അപരാധം


 عن المقداد رَضِيَ اللَّهُ عَنْهُ: " أَنَّ رَجُلاً، جَعَلَ يَمْدَحُ عُثْمَانَ رَضِيَ اللَّهُ عَنْهُ فَعَمِدَ الْمِقْدَادُ فَجَثَا عَلَى رُكْبَتَيْهِ - وَكَانَ رَجُلاً ضَخْمًا - فَجَعَلَ يَحْثُو فِي وَجْهِهِ الْحَصْبَاءَ فَقَالَ لَهُ عُثْمَانُ مَا شَأْنُكَ فَقَالَ إِنَّ رَسُولَ اللَّهِ (ﷺ) قَالَ ‏ "‏ إِذَا رَأَيْتُمُ الْمَدَّاحِينَ فَاحْثُوا فِي وُجُوهِهِمُ التُّرَابَ ‏"‏

📚 മിഖ്ദാദ് (റ)ല്‍ നിന്നും നിവേദനം : ഒരാള്‍ ഉസ്മാന്‍ (റ) നെ പ്രശംസിച്ച് സംസാരിക്കാന്‍ തുടങ്ങി. അപ്പോള്‍ മിഖ്ദാദ് (റ) നിലത്ത് മുട്ട് നിന്ന് – അദ്ദേഹം ശരീര ഭാരം കൂടുതല്‍ ഉള്ള ആളായിരുന്നു – ചരല്‍ വാരി ആ മനുഷ്യന്‍റെ മുഖത്തിട്ടു. അപ്പോള്‍ ഉസ്മാന്‍ (റ) ചോദിച്ചു : എന്താണ് കാര്യം ? അപ്പോള്‍ മിഖ്ദാദ് (റ) പറഞ്ഞു : തീര്‍ച്ചയായും നബി (ﷺ) പറഞ്ഞിട്ടുണ്ട് , പ്രശംസക്കാരെ നിങ്ങള്‍ കണ്ടാല്‍ അവരുടെ മുഖത്ത് മണ്ണ് വാരിയിടുക
 (സ്വഹീഹ് മുസ്‌ലിം: 3002)

🚫 (ഇസ്‌ലാം വെറുക്കുന്ന ദുഃസ്വഭാവങ്ങളാണ് മുഖസ്തുതിയും വ്യാജപ്രശംസയും. യഥാര്‍ഥ മുസ്‌ലിം ഇവയില്‍ നിന്ന് ബഹുദൂരമകന്നു നില്‍ക്കണം. ഇന്ന് പലരെയും ഗ്രസിച്ച ഒരു രോഗമാണിത്. അത് കാപട്യമാണെന്നും അതിന്റെ പരിണിതി നാശമായിരിക്കുമെന്നും തിരിച്ചറിയണം. അത്തരം ദുഃസ്വഭാവങ്ങളെ  പ്രവാചകന്‍ വെറുക്കുകയും തടയുകയും ചെയ്തിരുന്നു. സ്തുതി പാഠകര്‍ തങ്ങള്‍ പുകഴ്ത്തുന്ന വ്യക്തികളെ നശിപ്പിച്ച് കളയുകയാണ് ചെയ്യുന്നതെന്ന് ഹദീസുകള്‍ നമ്മെ പഠിപ്പിക്കുന്നു. അധികാരസ്ഥരായ നേതാക്കളെയും , ഉന്നത പദവികളിലുള്ള ആളുകളെയും മുന്നിലിരുത്തി മുഖസ്തുതി പറഞ്ഞു “മൂച്ചിമ്മേല്‍” കയറ്റി കാര്യം കാണുന്ന പ്രവണത സാര്‍വത്രികമായി കണ്ടുവരുന്ന ഒന്നാണ്. സ്വന്തത്തെക്കുറിച്ചുള്ള വലുതാക്കി പറയല്‍ പലര്‍ക്കും പാല്‍ പായസമാണ്. താന്‍ “വലിയവന്‍” തന്നെയാണ് എന്ന തോന്നല്‍ ആളുകളില്‍ ഉണ്ടാക്കുന്നു എന്നതാണ് മുഖസ്തുതിയുടെ ഏറ്റവും വലിയ അപകടം. അധികാര സ്ഥാനങ്ങളിലും നേതൃ സ്ഥാനങ്ങളിലും സ്തുതി കീര്‍ത്തനങ്ങള്‍ മാത്രം ശ്രവിച്ച് മുന്നോട്ടു പോകുന്ന പലരും അവസാനം നാശഗര്‍ത്തത്തില്‍ അകപ്പെട്ട്‌ പോകാറുണ്ട്. സ്തുതി പാഠകര്‍ പറയുന്നത് പോലെയാണ് കാര്യങ്ങള്‍ എന്ന് അവര്‍ ധരിച്ച് വെക്കുന്നു. എതിരഭിപ്രായങ്ങളോ പോരായ്മകളോ ഇത്തരക്കാര്‍ കേള്‍ക്കാറില്ല. കേട്ടാല്‍ തന്നെ അത് മുഖവിലക്കെടുക്കുകയുമില്ല.വിനയവും എളിമയും ജീവിതത്തില്‍ കാത്ത് സൂക്ഷിക്കുന്നവരെ ഇത് ദുഷിപ്പിക്കുകയാണ് ചെയ്യുക. മുഖസ്തുതി പറയുന്നതില്‍ അഹങ്കാരമോ , ആത്മ നിര്‍വൃതിയോ തോന്നാത്ത ആളുകള്‍ ഉണ്ട്. മറ്റുള്ളവര്‍ക്ക് വ്യക്തിയെ മനസ്സിലാക്കാനും, നന്മയില്‍ അവരെ പിന്തുടരാനും വേണ്ടി അത്തരക്കാരെ സംബന്ധിച്ച് അമിതമല്ലാത്ത പ്രശംസ അനുവദിക്കപ്പെട്ടിട്ടുണ്ട്)

🔵 ഹലാല്‍ ഹറാമുകള്‍


 عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ (ﷺ) قَالَ ‏ "‏ يَأْتِي عَلَى النَّاسِ زَمَانٌ، لاَ يُبَالِي الْمَرْءُ مَا أَخَذَ مِنْهُ أَمِنَ الْحَلاَلِ أَمْ مِنَ الْحَرَامِ ‏"‏‏.‏

📚 അബൂ ഹുറൈറ (റ) ല്‍ നിന്നും നിവേദനം : നബി (ﷺ) പറഞ്ഞു. ജനങ്ങള്‍ക്ക്‌ ഒരു കാലം വരും അന്ന്‌ ഒരു മനുഷ്യന്‍ താന്‍ സ്വീകരിച്ചത്‌ ഹലാലില്‍ നിന്നാണോ, അതല്ല ഹറാമില്‍ നിന്നാണോ എന്ന്‌ ഗൗനിക്കുകയില്ല. (സ്വഹീഹുല്‍ ബുഖാരി : 2059)

💰 (ഹറാമായ സമ്പാദ്യശീലങ്ങള്‍ പരലോകത്ത്‌ നരകത്തിലേക്ക്‌ കൊണ്ടെത്തിക്കും, ഹറാം തിന്നുന്നവന്‌ ദുഃഖവും പ്രയാസവും ധാര്‍മികമായ മൂല്യച്യുതിയും ഉണ്ടാകുന്നതിനപ്പുറം ദൗര്‍ഭാഗ്യവാന്‍മാരുടെ സങ്കേതമായ കത്തിയാളുന്ന നരകത്തിലേക്ക്‌ എടുത്തെറിയപ്പെടുമെന്നും നബി (ﷺ) താക്കീത്‌ നല്‍കിയിട്ടുണ്ട്‌. നിഷിദ്ധമായവ സമ്പാദിക്കുന്നതും അതിന്റെ അപകടകരമായ അനന്തരഫലങ്ങളും വ്യക്തികള്‍ക്കും സമുദായത്തിനും ഇഹത്തിലും പരത്തിലും നാശവും തകര്‍ച്ചയും വിതക്കും. ഭക്ഷണം, വസ്ത്രം, സമ്പാദ്യം തുടങ്ങി എല്ലാ കാര്യങ്ങളും  ഹലാല്‍-ഹറാം പരിഗണനകള്‍ക്ക് കീഴില്‍ വരുന്നതാണ്. ഹറാമാണെന്നോ ഹലാലാണെന്നോ ഒന്നും ചിന്തിക്കാതെ പണമുണ്ടാക്കാനുള്ള വ്യഗ്രതയിലാണ്‌ ആധുനിക സമൂഹം; പലിശയും ചൂതാട്ടവും, ലോട്ടറിയും, അതിനും പുറമെ, പണമിരട്ടിപ്പിച്ച്‌ തരാമെന്ന വാഗ്‌ദാനവുമായി രംഗത്ത്‌ വരാറുള്ള തട്ടിപ്പുകളിലും, നമ്മില്‍ പലരും കുടുങ്ങിപ്പോകാറുണ്ടെങ്കില്‍ അതിന്റെ കാരണം അഹിതമായ മാര്‍ഗത്തില്‍ പണമുണ്ടാക്കുവാനുള്ള അവരുടെ ദുഷിച്ച ചിന്തകളാണ്‌. മതനിഷ്‌ഠയുടെ കുറവും വിശ്വാസത്തിന്റെ ദുര്‍ബലതയുമാണ്‌ ഇത്തരം ചിന്തകള്‍ക്ക്‌ കാരണം)

🔵 കാലത്തിനല്ല കുഴപ്പം


 عَنْ أَبِي هُرَيْرَةَ قَالَ قَالَ النَّبِيُّ (ﷺ) قَالَ اللَّهُ تَعَالَى يُؤْذِينِي ابْنُ آدَمَ يَسُبُّ الدَّهْرَ وَأَنَا الدَّهْرُ بِيَدِي الْأَمْرُ أُقَلِّبُ اللَّيْلَ وَالنَّهَارَ

📚 അബൂഹുറൈറ (റ) നിവേദനം: നബി (ﷺ) പറഞ്ഞു: "അല്ലാഹു തആല പറഞ്ഞു: "കാലത്തെ പഴിക്കുന്നതിലൂടെ ആദം സന്തതി എന്നെ ഉപദ്രവിക്കുന്നു. ഞാനാകുന്നു കാലം. എന്‍റെ കയ്യിലാണ് നിയന്ത്രണം. ഞാന്‍ രാവും പകലും മാറ്റിമറിക്കുന്നു."

[സ്വഹീഹുല്‍ ബുഖാരി: 7491, സ്വഹീഹ് മുസ്‌ലിം: 6000]

🖋 (ഖുദ്സിയ്യായ ഈ തിരുവചനത്തിലൂടെ നമുക്ക് ലഭിക്കുന്ന പാഠം ഇതാണ്. തങ്ങള്‍ക്ക് അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ കാലത്തെ കുറ്റപ്പെടുത്തുക എന്നത് അറബികളുടെ രീതിയായിരുന്നു. കാരണം തങ്ങള്‍ക്ക് ബാധിക്കുന്ന ദുരനുഭവങ്ങളും പ്രയാസങ്ങളും അവര്‍ കാലത്തിലേക്ക് ചേര്‍ത്തിയാണ് പറഞ്ഞിരുന്നത്. 'അവരെ കാലത്തിന്‍റെ ഭയാനകത പിടികൂടി, അവരെ കാലം തുടച്ചു നീക്കി' എന്നെല്ലാം അവര്‍ പറയുമായിരുന്നു. തങ്ങള്‍ക്ക് ഉണ്ടാകുന്ന അപകടങ്ങളെ കാലത്തിലേക്ക് ചേര്‍ത്ത് പറയുകവഴി അവയെല്ലാം നിയന്ത്രിക്കുന്നവനെയാണ് യഥാര്‍ത്ഥത്തില്‍ അവര്‍ കുറ്റപ്പെടുത്തുന്നത്." ഈ ശൈലി ഇന്നത്തെ സമൂഹത്തിലും കണ്ടുവരുന്നു. അതുകൊണ്ട് തന്നെ എന്റെ / അവന്‍റെ സമയം മോശമായിരുന്നു. ഇപ്പോള്‍ സമയം മോശമാണ്. കറുത്ത പൂച്ച കുറുകെച്ചാടിയാല്‍ ദുശ്ശകുനമാണ്. ഇന്ന് ശകുനപ്പിഴ (നഹ്സ്) യാണ് തുടങ്ങിയ വിശ്വാസങ്ങള്‍ ഒരിക്കലും ഒരു വിശ്വാസിക്ക് ചേര്‍ന്നതല്ല. നന്മയാകട്ടെ തിന്മയാകട്ടെ ഒരാള്‍ക്ക് സംഭവിക്കാനിരിക്കുന്നതെന്തും അല്ലാഹു രേഖപ്പെടുത്തി വച്ചിരിക്കുന്നു. ഒരാള്‍ക്ക് തന്‍റെ ഭൗതിക ജീവിതത്തില്‍ സംഭവിക്കുന്ന പ്രയാസങ്ങള്‍ ഒന്നുകില്‍ അയാള്‍ക്കുള്ള പരീക്ഷണമോ അതല്ലെങ്കില്‍ അയാളുടെ പ്രവര്‍ത്തനഫലമായി ലഭിച്ച ശിക്ഷയോ ആകാം. അതുകൊണ്ട് കാലത്തെ പഴിക്കുന്ന വികല വിശ്വാസങ്ങളില്‍ നിന്നും നാം വിട്ടുനില്‍ക്കുക. തന്‍റെ പ്രതീക്ഷ നന്നാക്കുകയും, അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുകയുമാണ് ഒരു വിശ്വാസി ചെയ്യേണ്ടത്)

🔵 വഴി മര്യാദകള്‍


 عن أبي سعيد الخدري رضي الله عنه: أن النبي (ﷺ) قال: «إِيَّاكُمْ وَالْجُلُوسَ عَلَى الطُّرُقَاتِ»، فَقَالُوا: مَا لَنَا بُدٌّ إِنَّمَا هِيَ مَجَالِسُنَا نَتَحَدَّثُ فِيهَا، قَالَ: «فَإِذَا أَبَيْتُمْ إِلَّا الْمَجَالِسَ، فَأَعْطُوا الطَّرِيقَ حَقَّهَا»، قَالُوا: وَمَا حَقُّ الطَّرِيقِ؟ قَالَ: «غَضُّ الْبَصَرِ، وَكَفُّ الْأَذَى، وَرَدُّ السَّلَامِ، وَأَمْرٌ بِالْمَعْرُوفِ، وَنَهْيٌ عَنِ الْمُنْكَرِ»

📚 അബൂ സഈദില്‍ ഖുദ്’രി (റ) യില്‍ നിന്നും നിവേദനം : നബി (ﷺ) പറഞ്ഞു : നിങ്ങള്‍ വഴിയിലിരിക്കുന്നത് സൂക്ഷിക്കണം. സ്വഹാബികള്‍ ചോദിച്ചു. ഞങ്ങള്‍ക്കവിടെ സംസാരിച്ചിരിക്കാതിരിക്കാന്‍ നിവൃത്തിയില്ലല്ലോ. റസൂല്‍ (ﷺ) പറഞ്ഞു: നിങ്ങള്‍ക്കവിടെ ഇരുന്നേ കഴിയൂ എങ്കില്‍ വഴിയുടെ അവകാശം നിങ്ങള്‍ നിറവേറ്റണം. അവര്‍ ചോദിച്ചു. പ്രവാചകരേ...!വഴിയോടുള്ള ബാധ്യത എന്താണ് ? അവിടുന്ന് പറഞ്ഞു: കണ്ണ് താഴ്ത്തുക, ഉപദ്രവങ്ങളെ തടുക്കുക, സലാം മടക്കലും, നല്ലത് കല്‍പിക്കലും ,ചീത്ത നിരോധിക്കലുമാണവ.  (ബുഖാരി : 2465, മുസ്‌ലിം : 2121) 

🚥 (നിത്യ ജീവിതത്തില്‍ അത്ര ഗൗരവം കൊടുക്കാതെ പോകുന്ന വിഷയങ്ങളില്‍ ഒന്നാണ് ഈ ഹദീസിലെ ഉള്ളടക്കം. പൊതു വഴിയരികിലോ , പാലങ്ങളിലോ , കലുങ്കുകളിലോ ഒക്കെ ഇരിക്കുകയും സംസാരിക്കുകയും മറ്റു പല കാര്യങ്ങളും ചെയ്യുന്ന ധാരാളം ആളുകള്‍ ഉണ്ട്. അങ്ങിനെ ഇരിക്കരുത് എന്നാണ് നബി (ﷺ)ആദ്യം പറഞ്ഞത്. എന്നാല്‍ അനിവാര്യമായ വല്ല കാര്യങ്ങളാലും അങ്ങിനെ ഇരിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ആ സമയത്ത് പൊതു നിരത്തില്‍ പാലിക്കേണ്ട ചില മര്യാദകള്‍ നബി (ﷺ) സ്വഹാബത്തിനു പറഞ്ഞു കൊടുക്കുകയുണ്ടായി. കണ്ണുകളെ നിയന്ത്രിക്കലാണ് ഒന്നാമതായി പഠിപ്പിച്ചത്. അന്യസ്ത്രീകളെ നോക്കല്‍  , മോശമായ കാഴ്ച്ചകള്‍ കാണല്‍ തുടങ്ങിയവ പാടില്ല. അധിക തിന്മകളിലേക്കും വാതില്‍ തുറക്കുന്ന ഒന്നാമത്തെ കാര്യമാണ് കണ്ണിന്‍റെ നോട്ടമെന്നതു കൊണ്ടാണ് കണ്ണുകളെ താഴ്ത്തണം എന്ന് ഖുര്‍ആനും സുന്നത്തും പഠിപ്പിച്ചത്. രണ്ടാമത് നബി (ﷺ) പറഞ്ഞത് ഉപദ്രവങ്ങളെ തടുക്കുക എന്നാണ്. വഴിയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല. വഴിയിലൂടെ പോകുന്നവരെ വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ പ്രയാസപ്പെടുത്തുക , വഴിയില്‍ മാലിന്യങ്ങള്‍ വലിച്ചിടുക, അച്ചടക്കമില്ലാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക തുടങ്ങി കുറ്റകരമായിത്തീരുന്ന ധാരാളം കാര്യങ്ങള്‍ ഈ വിഷയത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സലാം മടക്കലാണ് മറ്റൊരു ബാധ്യത.മുസ്‌ലിം‌കള്‍ പരസ്പരം കണ്ടുമുട്ടുമ്പോഴുള്ള അഭിവാദനം സലാം പറയലാണ് സലാം പറയൽ സുന്നത്താണെങ്കിലും മടക്കല്‍ നിര്‍ബന്ധമാണ്‌. പൊതു സ്ഥലത്താകുമ്പോള്‍ യാത്രക്കാരും മറ്റുമായ ധാരാളം ആളുകള്‍ സലാം പറയും. എല്ലാവരോടും സലാം മടക്കേണ്ടതുണ്ട്. അത് പ്രയാസമായി തോന്നുന്നുവെങ്കില്‍ വഴിയോരങ്ങളില്‍ നില്‍ക്കാതിരിക്കുകയാണ് വേണ്ടത്. നന്മ കല്‍പിക്കലും തിന്മ വിരോധിക്കലുമാണ് അവസാനം പറഞ്ഞ രണ്ട് കാര്യങ്ങള്‍. പൊതു നിരത്തുകളില്‍ നില്‍ക്കുമ്പോള്‍ ധാരാളം തിന്മകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നേക്കാം. ആ തിന്മകളില്‍ സ്വയം പങ്കാളികളായി മാറാതെ, മാന്യമായി തിരുത്താനും നല്ല രീതിയില്‍ പറഞ്ഞു മനസ്സിലാക്കാനും ശ്രമിക്കേണ്ടത് അനിവാര്യമാണ്)

🔵 സ്വലാത്ത് ഒരു പുണ്യകര്‍മം


 عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، أَنَّ رَسُولَ اللَّهِ (ﷺ) قَالَ ‏"‏ اِنَّ أَوْلَى النَّاسِ بِي يَوْمَ الْقِيَامَةِ أَكْثَرُهُمْ عَلَىَّ صَلاَةً ‏"‏

📚 അബ്ദുല്ലാഹിബ്നു മസ്ഊദ് (റ)ല്‍ നിന്ന് നിവേദനം: നബി (ﷺ)പറഞ്ഞു : അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്തവര്‍ എന്റെ മേല്‍ കൂടുതല്‍ സ്വലാത്ത് ചൊല്ലിയവരായിരിക്കും.

(തിര്‍മിദി -  ഇബ്നുഹിബ്ബാന്‍ - ശൈഖ് അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് : 2/1668)

🔖 (നബി(ﷺ) യുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍ ഏറെ പുണ്യമുള്ള ഒരു കര്‍മ്മമാകുന്നു.  സ്വലാത്ത് ചൊല്ലാന്‍ വേണ്ടി അല്ലാഹു സത്യവിശ്വാസികളോട് കല്പിച്ചിട്ടുണ്ട്. സ്വലാത്ത് എന്ന വാക്കിന് ‘അനുഗ്രഹം, ആശീര്‍വ്വാദം, പ്രാര്‍ത്ഥന’ എന്നൊക്കെയാണ് അര്‍ത്ഥം. സ്വലാത്ത് ചൊല്ലേണ്ടത് എപ്രകാരമായിരിക്കണമെന്ന് നബി (ﷺ) തന്റെ സ്വഹാബികളുടെ ചോദ്യത്തിന് മറുപടിയായി അവ൪ക്ക് വിവരിച്ചുകൊടുത്തിട്ടുണ്ട്. “ അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ ......” എന്ന് തുടങ്ങുന്ന ഈ സ്വലാത്ത്  ഇബ്രാഹീമിയ സ്വലാത്ത് എന്നാണറിയപ്പെടുന്നത്. ഈ സ്വലാത്ത് ഇതേ ആശയത്തില്‍ തന്നെ ചെറിയ ചില മാറ്റങ്ങളോടെ വേറെയും ഹദീസുകളില്‍ സ്വഹീഹായി വന്നിട്ടുണ്ട്. അവയെല്ലാം നമുക്ക് സ്വീകരിക്കാവുന്നതാണ്. സ്വലാത്ത് കൊണ്ടുള്ള ധാരാളം നേട്ടങ്ങള്‍ നബി (ﷺ) പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു  പത്ത് പ്രാവശ്യം സ്വലാത്ത് നേരുന്നതാണ് ,പദവികള്‍ ഉയര്‍ത്തപ്പെടും, നന്‍മകള്‍ രേഖപ്പെടുത്തും, പാപങ്ങള്‍ മായ്ക്കപ്പെടും, അന്ത്യനാളില്‍ നബി(സ)യുടെ അടുപ്പം ലഭിക്കും, പ്രാ൪ത്ഥനക്ക് ഉത്തരം ലഭിക്കും, പരലോകത്ത് നബി (ﷺ) യുടെ ശുപാര്‍ശ ലഭിക്കും, മന:ക്ളേശങ്ങള്‍ മാറിക്കിട്ടും , മലക്കുകളുടെ സ്വലാത്ത് ലഭിക്കും. ഇതെല്ലാം സ്വഹീഹായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടു വന്നിട്ടുള്ളതാണ്.  സ്വലാത്ത് ചൊല്ലാന്‍ പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ട ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്. നബി (ﷺ) യുടെ പേര് കേള്‍ക്കുമ്പോള്‍, പള്ളിയില്‍ കയറുമ്പോളും ഇറങ്ങുമ്പോളും ഉള്ള പ്രാര്‍ത്ഥനയോടൊപ്പം , ബാങ്കിന് ശേഷം , നമസ്കാരത്തിലെ അത്തഹിയ്യാത്തിനു ശേഷം , മയ്യിത്ത് നമസ്കാരത്തിലെ രണ്ടാം തക്ബീറിന് ശേഷം , എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും , വെള്ളിയാഴ്ച രാവിലും പകലിലും , ദുആയുടെ ആരംഭത്തില്‍ എന്നിവയാണവ. ഈ അടുത്ത കാലത്ത് മതത്തില്‍ കടന്നു കൂടിയിട്ടുള്ളതും, ആശയത്തില്‍ തകരാര്‍ ഉള്ളതും,  പ്രത്യേകം പോരിശ പറയപ്പെടുന്നവയുമായ നാരിയ സ്വലാത്ത്, താജുസ്വലാത്ത് പോലെയുള്ള പുതിയ സ്വലാത്തുകള്‍ ഒഴിവാക്കേണ്ടതാണ്. സ്വലാത്ത് ചൊല്ലുന്നതിന് വേണ്ടി പ്രത്യേകം സദസ്സുകളോ സ്വലാത്ത് നഗറുകളോ സംഘടിപ്പിക്കലോ, പ്രത്യേകം സമയവും സന്ദ൪ഭവും എണ്ണവും നിശ്ചയിക്കലോ ഒന്നും പാടില്ല. കാരണം ഇതിന് നബി  (ﷺ)യില്‍ നിന്ന് മാതൃകയില്ലാത്തതാണ്)

🔵 കേള്‍ക്കുന്നതെല്ലാം പറയേണ്ടതല്ല 


 عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ (ﷺ) قَالَ ‏ "‏ كَفَى بِالْمَرْءِ إِثْمًا أَنْ يُحَدِّثَ بِكُلِّ مَا سَمِعَ 

📚 അബൂഹുറൈറ (റ)ല്‍ നിന്നും നിവേദനം: നബി (ﷺ) പറഞ്ഞു: ''ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍ കേട്ടതെല്ലാം പറയല്‍ തന്നെ മതിയായ പാപമാണ്.''   (അബൂദാവൂദ് : 4992)

🎙 (ഒരു വാര്‍ത്ത നമ്മുടെ അടുക്കലെത്തുമ്പോള്‍ അതിനോട് സ്വീകരിക്കേണ്ട സമീപനമെന്താണെന്ന് വിശുദ്ധ ഖുര്‍ആന്‍ വളരെ കൃത്യമായി പഠിപ്പിച്ചു തരുന്നുണ്ട്.. ''അല്ലയോ വിശ്വസിച്ചവരേ, ധര്‍മനിഷ്ഠയില്ലാത്തവന്‍ ഒരു വാര്‍ത്ത കൊണ്ടുവന്നാല്‍ നിങ്ങളതിന്റെ നിജസ്ഥിതി സൂക്ഷ്മമായി അന്വേഷിക്കേണ്ടതാകുന്നു. നിങ്ങള്‍ ഏതെങ്കിലും ജനത്തിന് അറിയാതെ ആപത്തുണ്ടാക്കുവാനും പിന്നെ സ്വന്തം ചെയ്തിയില്‍ ഖേദിക്കുന്നവരാകാനും ഇടയായിക്കൂടാ.'' (അല്‍ഹുജുറാത്ത്: 6) ഏതൊരു കാര്യത്തിലും അതിന്റെ നിജസ്ഥിതി ഉറപ്പാക്കുന്നതിന് മുമ്പ് തീരുമാനം കല്‍പിക്കുകയോ അതിന്റെ പ്രചാരകരാവുകയോ ചെയ്യരുതെന്നാണ് വിശുദ്ധ ഖുര്‍ആന്‍ വിശ്വാസികളോട് ആവശ്യപ്പെടുന്നത്. വാര്‍ത്താവിനിമയ സാങ്കേതിക വിദ്യകള്‍ ഏറെ പുരോഗമിക്കുകയും ജനങ്ങള്‍ക്കിടയില്‍ സാമൂഹ്യമാധ്യമങ്ങള്‍ വലിയ സ്വാധീനം നേടുകയും ചെയ്തിട്ടുള്ള ഇക്കാലത്ത് ഏറെ പ്രസക്തമായ ഒരു പ്രവാചകാധ്യാപനമാണിത്. സാങ്കേതികവിദ്യ ഇത്രത്തോളം പുരോഗമിച്ചിട്ടില്ലാത്ത കാലത്ത് ഒരു വാര്‍ത്ത പ്രചരിക്കുന്നതിന് പരിധികളും പരിമിതികളും ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ആ പരിമിതികളെല്ലാം ഇല്ലാതായിരിക്കുകയാണ് അതുകൊണ്ടു തന്നെ ഇന്ന് ഏതൊരു കാര്യവും ക്ഷണനേരം കൊണ്ട് കോടിക്കണക്കിനാളു കളിലേക്ക് എത്തിക്കാന്‍ നിഷ്പ്രയാസം സാധിക്കുന്നു. ഓരോ വാര്‍ത്തയും പ്രചരിപ്പിക്കുമ്പോള്‍ പാലിക്കേണ്ട അതിയായ ജാഗ്രതയും സൂക്ഷ്മതയുമാണ് ഈ പ്രവാചക വചനം വിശ്വാസികളോട് ആവശ്യപ്പെടുന്നത്. ഒരാളുടെ കാതുകളില്‍ എത്തുന്ന എല്ലാ കാര്യങ്ങളും നാവിലൂടെ പുറത്തുവരുന്നത് എത്രത്തോളം അപകടകരമാണെന്നാണ് ഈ തിരു വചനത്തിലൂടെ പ്രവാചകന്‍ (ﷺ) മുന്നറിയിപ്പ് നല്‍കുന്നത്. കേട്ടതെല്ലാം പറയുക എന്നത് തന്നെ ഒരാള്‍ ശിക്ഷിക്കപ്പെടു ന്നതിന് മതിയായ തെറ്റാണെന്ന് അത് വ്യക്തമാക്കുന്നു. കേള്‍ക്കുന്ന കാര്യങ്ങളില്‍ സത്യങ്ങളും അര്‍ധസത്യങ്ങളും യാഥാര്‍ഥ്യവുമായി ഒരു ബന്ധമില്ലാത്ത പ്രചാരണങ്ങളുമെല്ലാം ഉണ്ടാകും. പലരുടെയും അഭിമാനത്തിന് ക്ഷതമേല്‍പിക്കുന്ന കാര്യങ്ങളും നാടിനെയും സമൂഹത്തിനെയും അപകടങ്ങളിലേക്ക് തള്ളിവിടുന്ന കാര്യങ്ങളും അതിലുണ്ടാവാം. അതിന്റെ പ്രചാരണത്തില്‍ ഭാഗമാകുന്ന ഒരാള്‍ യഥാര്‍ഥത്തില്‍ ആ കുറ്റകൃത്യത്തില്‍ കണ്ണി ചേരുകയാണ്. കേള്‍ക്കുന്ന കാര്യങ്ങളുടെ വസ്തുത സ്ഥിരീകരിക്കാതെ പ്രചരിപ്പിക്കുമ്പോള്‍ കളവിന്റെ പ്രചാരകനാവാനുള്ള സാധ്യത ഏറെയാണ്)

🔵 തുടക്കമല്ല പ്രധാനം ഒടുക്കമാണ്

 عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ (ﷺ) قَالَ ‏ "‏ إِنَّ الرَّجُلَ لَيَعْمَلُ الزَّمَنَ الطَّوِيلَ بِعَمَلِ أَهْلِ الْجَنَّةِ ثُمَّ يُخْتَمُ لَهُ عَمَلُهُ بِعَمَلِ أَهْلِ النَّارِ وَإِنَّ الرَّجُلَ لَيَعْمَلُ الزَّمَنَ الطَّوِيلَ بِعَمَلِ أَهْلِ النَّارِ ثُمَّ يُخْتَمُ لَهُ عَمَلُهُ بِعَمَلِ أَهْلِ الْجَنَّةِ ‏"‏

📚 അബൂ ഹുറൈറ (റ) യില്‍ നിന്നും നിവേദനം : നബി (ﷺ) പറഞ്ഞു : ഒരാള്‍ ദീര്‍ഘകാലം സ്വര്‍ഗത്തിന്‍റെ അവകാശികളുടെ പ്രവര്‍ത്തനത്തില്‍ മുഴുകിക്കൊണ്ടേയിരിക്കും. എന്നിട്ട് അയാള്‍ തന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക നരകാവാശികളുടെ പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ടായിരിക്കും. മറ്റൊരാള്‍ ദീര്‍ഘകാലം നരകാവശികളുടെ പ്രവര്‍ത്തനത്തില്‍ മുഴുകിയവനായിരിക്കും. പക്ഷെ സ്വര്‍ഗാവകാശികളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടായിരിക്കും അയാളുടെ കര്‍മങ്ങള്‍  അവസാനിപ്പിക്കപ്പെടുക.

📘 (സ്വഹീഹ് മുസ്‌ലിം : 2651)

♻ റമദാനിന്റെ കാര്യത്തില്‍ മാത്രമല്ല, മനുഷ്യന്റെ മിക്ക പ്രവര്‍ത്തനങ്ങളുടെയും  അവസാന ഭാഗത്തിനാണ് കൂടുതല്‍ പ്രാധാന്യമുള്ളത്. കളം നിറഞ്ഞ് ഫുട്‌ബോള്‍ കളിക്കുന്ന ഒരു കളിക്കാരന്‍ നല്ല കളിക്കാരനായിരിക്കാം. എന്നാല്‍ പന്തുമായി മുന്നേറി ലക്ഷ്യത്തിലേക്കത് അടിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സാധാരണയില്‍ നല്ലൊരു കളിക്കാരനായി അയാളെ പരിഗണിക്കുകയില്ല. ഒന്നൊര മണിക്കൂര്‍ വിയര്‍പ്പൊഴുക്കി അതിന്റെ ഫലം നേടാത്ത ഒരാളായിട്ടായിരിക്കും അയാള്‍ വിലയിരുത്തപ്പെടുക. പര്യവസാനം പൂര്‍ണതയില്‍ എത്തിക്കുക എന്നത് ഏതൊരു പ്രവര്‍ത്തനത്തിലും പ്രധാനമാണ്. നമ്മുടെ ദൈനംദിന ജീവിതത്തിലെ ആരാധനാ കര്‍മങ്ങളിലും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ബാധകമായൊരു കാര്യമാണിത്. എന്നാല്‍ പലപ്പോഴും നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ തുടക്കത്തിലുള്ള ആവേശവും ഉത്സാഹവും അവസാനത്തിലെത്തുമ്പോള്‍ നഷ്ടപ്പെടുന്നതാണ് നാം കാണുന്നത്. റമദാനിന്റെ കാര്യത്തിലും തുടക്കത്തിലുണ്ടായിരുന്ന ആവേശം പകുതിയോടെ പലര്‍ക്കും കുറഞ്ഞു കുറഞ്ഞു വരുന്നത് സാധാരണ കാഴ്ചയാണ്. പ്രവാചക വചനങ്ങള്‍ നമുക്ക് മനസ്സിലാക്കി തരുന്നത് പ്രവര്‍ത്തനങ്ങളുടെ അവസാനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നുള്ളതാണ്. 'അല്ലാഹുവേ, എന്റെ ആയുസ്സിലെ ഏറ്റവും ഉത്തമമായത് അതിന്റെ അവസാനവും പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും നല്ലത് അതിന്റെ പര്യവസാനവും എന്റെ ഏറ്റവും നല്ല ദിനം നിന്നെ കണ്ടുമുട്ടുന്ന (മരണപ്പെടുന്ന) നാളും ആക്കി മാറ്റണേ.' എന്നത് പ്രവാചകന്‍(സ)യുടെ ഒരു പ്രാര്‍ഥനയായിരുന്നു എന്ന് കാണാം. കര്മ്മങ്ങളുടെ സ്വീകാര്യത അവയുടെ പര്യവസാനമനുസരിച്ചായിരിക്കും. ഈ പര്യവസാനം ശുഭകരമാകാനും തന്റെ രക്ഷിതാവിനെ കണ്ടു മുട്ടുന്നതിനുമായി ഒരു വിശ്വാസി പരിശ്രമിക്കേണ്ടതുണ്ട്. ഏത് നിമിഷവും മാറിമറിയാന്‍ സാധ്യതയുള്ളതാണ് മനുഷ്യന്റെ മനസ്സ്. അതിന് അനുകൂലമായ ഒരു ചുറ്റുപാടിലാണ് നാം ജീവിക്കുന്നതും. പിറകോട്ടടിക്കാനുള്ള പ്രേരണകളുണ്ടാവുമ്പോള്‍ പിടിച്ച് നില്‍ക്കാനും കൂടുതല്‍ ശക്തമായി മുന്നോട്ട് പോകുവാനും വിശ്വാസിക്ക് സാധിക്കണം. 'ഹൃദയങ്ങളെ മാറ്റിമറിക്കുന്ന നാഥാ, എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ ഉറപ്പിച്ച് നിര്‍ത്തണേ' എന്ന് പ്രവാചകന്‍ (ﷺ) നിരന്തരം പ്രാര്‍ഥിച്ചിരുന്നു. പ്രവര്‍ത്തനങ്ങളെല്ലാം വിലയിരുത്തുന്നത് അതിന്റെ അവസാനം പരിഗണിച്ചായിരിക്കുമെന്നും ഹദീസില്‍ കാണാം. പ്രവാചകനോടൊപ്പമുള്ള യുദ്ധത്തില്‍ ശത്രുക്കളില്‍ ഓരോരുത്തരെയും വെട്ടിവീഴ്ത്തി മുന്നേറുന്ന ഒരു യോദ്ധാവിന്റെ മുന്നേറ്റത്തെ സ്വര്‍ഗത്തിലേക്കുള്ള മുന്നേറ്റമായി വിശേഷിപ്പിച്ച് ചില സഹാബികള്‍ പ്രശംസിച്ചു. ആ സന്ദര്‍ഭത്തില്‍ പ്രവാചകന്‍ (ﷺ) പറഞ്ഞു അയാള്‍ പോകുന്നത് നരകത്തിലേക്കാണ്. വിചിത്രമായ ഈ പ്രസ്താവന കേട്ട് ഒരു സ്വഹാബി ആ യോദ്ധാവിനെ പിന്തുടര്‍ന്നു. ശത്രു നിരയിലേക്ക് കുറേ മുന്നോട്ട് പോയപ്പോള്‍ അയാള്‍ക്ക് ഒരു വെട്ടേറ്റു. അതിന്റെ വേദന സഹിക്കാനാവാതെ സ്വന്തം വാള്‍ മണ്ണില്‍ കുത്തി നിര്‍ത്തി അതില്‍ വീണ് അയാള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇത് കണ്ട് അയാളെ നിരീക്ഷിച്ച സ്വഹാബി റസൂലിന്റെ അടുക്കലെത്തി പറഞ്ഞു: താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണെന്നതിന് ഇതില്‍പരം തെളിവുകളൊന്നും വേണ്ടതില്ല. എന്തുകൊണ്ട് അയാള്‍ നരകാവകാശിയായി എന്നത് എനിക്ക് മനസ്സിലായി.  ചില ആളുകള്‍ സ്വര്‍ഗത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളായിരിക്കും ജീവിതത്തിലുടനീളം ചെയ്യുക, പക്ഷെ അവര്‍ നരകത്തിലായിരിക്കും. അപ്രകാരം നരകത്തിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ചില ആളുകള്‍ സ്വര്‍ഗത്തിലുമെത്തുമെന്ന് നബി (ﷺ) പറഞ്ഞത് അതിനെ കുറിച്ചാണ്. അതുകൊണ്ട് തന്നെ ആവേശത്തോടെ നാം തുടങ്ങുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ മനോഹരമായി പൂര്‍ത്തീകരിക്കാന്‍  പ്രത്യേക ശ്രദ്ധ വെക്കേണ്ടതുണ്ട്.

🔵 നനയണം നമസ്കാരപ്പായകള്‍


 عَنْ أَبِي أُمَامَةَ، عَنِ النَّبِيِّ (ﷺ)قَالَ ‏ "‏ لَيْسَ شَيْءٌ أَحَبَّ إِلَى اللَّهِ مِنْ قَطْرَتَيْنِ وَأَثَرَيْنِ قَطْرَةٌ مِنْ دُمُوعٍ فِي خَشْيَةِ اللَّهِ وَقَطْرَةُ دَمٍ تُهَرَاقُ فِي سَبِيلِ اللَّهِ ‏.‏ وَأَمَّا الأَثَرَانِ فَأَثَرٌ فِي سَبِيلِ اللَّهِ وَأَثَرٌ فِي فَرِيضَةٍ مِنْ فَرَائِضِ اللَّهِ ‏"‏

📚 അബൂഉമാമ (റ) യില്‍  നിന്നും നിവേദനം: നബി (ﷺ) പറഞ്ഞു: ''രണ്ട് തുള്ളികളേക്കാളും രണ്ട് അടയാളങ്ങളേക്കാളും അല്ലാഹുവിന് പ്രിയങ്കരമായി മറ്റൊന്നുമില്ല. ദൈവഭയത്താല്‍ ഒഴുകുന്ന കണ്ണീര്‍തുള്ളി. ദൈവ മാര്‍ഗത്തില്‍ ചൊരിയപ്പെടുന്ന രക്തത്തുള്ളി. രണ്ട് അടയാളങ്ങള്‍: അല്ലാഹുവിന്റെ മാര്‍ഗത്തിലെ കാല്‍പാടുകളും നിര്‍ബന്ധ കര്‍മങ്ങള്‍ നിര്‍വഹിക്കാനായി യാത്രചെയ്ത കാലടിപ്പാടുകളും''
📘 (തിര്‍മിദി : 1669)

🔖 അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മകള്‍കൊണ്ടും പേടി കൊണ്ടും വിശ്വാസിയുടെ കണ്ണുകള്‍ നിറയണം. പ്രാര്‍ഥനയുടെ സ്വകാര്യതയില്‍, മറ്റാരും കൂട്ടിനില്ലാത്തപ്പോള്‍ സ്നേഹ നിധിയായ റബ്ബിനു മുന്നില്‍ ഓരോന്ന്‌ പറഞ്ഞ്‌ പങ്കുവെക്കുമ്പോള്‍, അപരാധങ്ങള്‍ എണ്ണിപ്പറയുമ്പോള്‍, ചെയ്‌തുപോയതോര്‍ത്ത്‌ വിതുമ്പാന്‍ സത്യവിശ്വാസിക്കാവണം. കണ്ണുകള്‍ കരകവിഞ്ഞൊഴുകട്ടെ , ആ കണ്ണീര്‍ അല്ലാഹു ഇഷ്‌ടപ്പെടുന്നു. മഹ്‌ശറയുടെ തീച്ചൂടില്‍ അല്ലാഹു അവര്‍ക്ക്‌ തണലൊരുക്കും. കറന്നെടുത്ത പാല്‍ അകിട്ടിലേക്ക്‌ തിരിച്ചൊഴിക്കാന്‍ സാധിക്കാത്ത പോലെ, അവര്‍ സ്വര്‍ഗത്തില്‍ നിന്ന്‌ പുറത്തുപോകുകയില്ലെന്ന്‌ റസൂല്‍ (ﷺ) പറഞ്ഞിട്ടുണ്ട്. ഇനിയുള്ള ദിനങ്ങള്‍  അല്ലാഹുവിന്റെ മുന്നില്‍ കൊച്ചുകുട്ടിയെപ്പോലെ കണ്ണുനനഞ്ഞ്‌, കരങ്ങളുയര്‍ത്തി, പാപങ്ങള്‍ ഏറ്റുപറഞ്ഞ്‌ പുതിയൊരാളാവാന്‍ ഉള്ളതാവണം. അല്ലാഹുവിനു മുന്നിലാണ് വിശ്വാസി പതറേണ്ടത്. ദൈവബോധത്തിന്റെ ഉള്‍ഭയത്താല്‍ ഉതിര്‍ന്നു വീഴുന്ന കണ്ണുനീര്‍ തുള്ളികളാല്‍ നമസ്‌കാരപ്പായ നനയണം. ചെയ്‌തുപോയതില്‍ അധികവും കര്‍മപുസ്‌തകത്തിലെ കറകളാണ്‌. അവ മായ്‌ക്കാനുള്ള ലേപനമാണ്‌ കണ്ണീരുകൊണ്ടുള്ള പ്രാര്‍ഥന. കണ്ണീരില്‍ കുതിര്‍ന്ന  ഖുര്‍ആന്‍ പാരായണവും , നമസ്കാരവും പ്രാര്‍ത്ഥനയുമൊക്കെ യാണ്  പ്രവാചക , അനുചര ചരിത്രങ്ങളില്‍ നാം കാണുന്നത്.
                                                      ••••••┈•✿❁✿•┈•••••• 


No comments:

Post a Comment